ഓസ്ട്രേലിയയിലെ മാരക വിഷപ്പാമ്പുകളിലൊന്നായ ബ്രൗൺ സ്നേക്കും കൊടിയ വിഷമുള്ള റെഡ്ബാക് ചിലന്തിയും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഓസ്ട്രേലിയയിലെ വടക്കൻ വിക്ടോറിയയിലുള്ള ഒരു വർക്ക്ഷോപ്പിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ഇവിടെ മാരകവിഷമുള്ള ചിലന്തി വലയിൽ പാമ്പു കുടുങ്ങുന്നത് ഇതാദ്യമല്ല. മുന്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പതിവുപോലെ തന്നെ ഇത്തവണയും വിജയം ചിലന്തിയുടെ ഭാഗത്തായിരുന്നു. കണ്ടാൽ ചെറുതാണെങ്കിലും വിഷം കുത്തിവെച്ചു ഇരകളെ കൊല്ലാൻ കേമന്മാരാണ് റെഡ്ബാക് ചിലന്തികൾ.
ചിലന്തിയുടെ പിടിയിൽ നിന്ന് രക്ഷപെടാൻ ബ്രൗൺ സ്നേക്ക് കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. കുറച്ചുനേരത്തേ പരിശ്രമത്തിനു ശേഷം പാമ്പ് കീഴടങ്ങി. ബ്രന്റൺ മാഷർ എന്നയാളാണ് വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇന്നലെ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ 56 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.