രണ്ടു ഭീമൻ പാണ്ടകളെ ജർമനിക്കു വളർത്താൻ നൽകി ചൈനയുടെ സ്നേഹം

ആയിരംകിലോ മുള, പെട്ടിക്കണക്കിന് ആപ്പിൾ, തരാതരം പോലെ ബിസ്കറ്റുകൾ. പന്ത്രണ്ടു മണിക്കൂർ പറക്കലിനിടെ ഭീമൻ പാണ്ടകൾക്കു വിശന്നാലോ! 

മെങ് മെങ്, ജിയോ ക്വിങ് എന്നീ ഭീമൻ പാണ്ടകളാണു ബർലിനിലേക്കുള്ള ലുഫ്താൻസ ചരക്കുവിമാനത്തി‍ൽ കുശാലായി പറന്നത്. പാണ്ടകളെ 15 വർഷത്തേക്കു ജർമനിക്കു വളർത്താൻ കൊടുത്തിരിക്കുകയാണു ചൈന. ചെങ്ദു പാണ്ട സംരക്ഷണ കേന്ദ്രത്തിലെ രണ്ടു ജീവനക്കാരും ബർലിൻ മൃഗശാലയിൽനിന്നുള്ള വിദഗ്ധ ഡോക്ടറും പാണ്ടപ്പറക്കലിൽ ഒപ്പംകൂടി. 

നാലു വയസ്സുകാരി മെങ് മെങ്ങും ഏഴു വയസ്സുകാരൻ ജിയോ ക്വിങ്ങും ചൈന–ജർമനി നയതന്ത്ര സൗഹൃദത്തിന്റെ 45–ാം വാർഷികാഘോഷ പ്രതീകവും കൂടിയാണ്.

1980 കളിലാണ് ചൈന ഭീമൻ പാണ്ടകളെ ജർമനിക്കു സമ്മാനിക്കാൻ തുടങ്ങിയത്. അതിലൊരെണ്ണം അഞ്ചുവർഷം മുൻപു ചത്തത് 34 വയസ്സിൽ–ലോകത്തെ ഏറ്റവും പ്രായമുള്ള ആൺ പാണ്ടയെന്ന റെക്കോർഡുമായി!