ബെംഗളൂരുവിൽ ആനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

Representative Image

ആനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആനകളെ പാർപ്പിച്ചിരിക്കുന്നിടത്തേക്ക് അനധികൃതമായി കടന്നുകയറിയ യുവാക്കളിലൊരാളാണ് സുന്ദർ എന്ന ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പൊതുവെ അപകടകാരിയായ ഈ ആനയ്ക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ പ്രകോപിതനായ ആന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി.

ബെംഗളൂരു സ്വദേശിയായ അഭിലാഷാണ് ആനയുടെ കുത്തേറ്റു മരിച്ചത്. ചൊവ്വാഴ്ച പാർക്ക് അവധിയായതിനാൽ അഭിലാഷും സുഹൃത്തുക്കളും പാർക്ക് സ്ഥിതി ചെയ്യുന്ന ഹക്കി പിക്കി കോളനിക്കു സമീപം ബൈക്ക് പാർക്കു ചെയ്ത ശേഷം ഇവിടേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. സുരക്ഷാജീവനക്കാരുടെ കണ്ണിൽ പെടാതെയാണ് ഇവർ പാർക്കിൽ കടന്നത്. ഇരുപതോളം ആനകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് കടന്നുകയറിയ യുവാക്കൾ ആനകൾക്കൊപ്പം നിന്ന് സെൽഫിയെടുക്കുകയായിരുന്നു. ഇതിൽ സുന്ദർ എന്ന ആന അഭിലാഷിനെ ആക്രമിക്കുന്നതു കണ്ട സുഹൃത്തുക്കൾ ഉടൻതന്നെ അവിടെ നിന്നും ഓടിരക്ഷപെട്ടു. വൈകുന്നേരം 7 മണിയോടെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ അഭിലാഷിനെ പാർക്ക് ജീവനക്കാർ കണ്ടെത്തിയത്. ഉടൻതന്നെ ഹോസ്പിറ്റലിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അസ്വാഭാവികമരണത്തിന് ബന്നാർഘട്ട പോലീസ് കേസെടുത്തു. അഭിലാഷിന്റെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആനപ്രേമിയായിരുന്ന അഭിലാഷ് ആനകള്‍ക്കൊപ്പം നിന്നു ചിത്രങ്ങളെടുക്കുന്നത് പതിവായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 16 വയസ്സുള്ള സുന്ദര്‍ എന്ന ആന അപകടകാരിയായതിനാല്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇതിനെ പാര്‍പ്പിച്ചിരുന്നതെന്ന് ബന്നാർഘട്ട ബയോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. ഇവിടേക്കു കടന്നുകയറിയാകാം ആനയെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം