ഇന്ന് ലോക കടുവാ ദിനം. നമ്മുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിനായി ഒരു ദിനം. എല്ലാ വർഷവും ജൂലൈ 29 ലോക കടുവാ ദിനമായി ആചരിക്കുന്നു. ലോകത്താകമാനമുള്ള പൂച്ചവർഗക്കാരെ വലിയ പൂച്ചകളെന്നും ചെറിയ പൂച്ചകളെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ആകെയുള്ളത് ഏഴു വലിയപൂച്ച വർഗക്കാർ. അതിൽ ആറെണ്ണവും ഇന്ത്യയിലുണ്ട് – കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, മേഘപ്പുലി, വംശനാശം വന്ന ചീറ്റപ്പുലി.
കടുവകളെ അറിയാം
∙കുടുംബം: ഫെലിഡേ
∙ശാസ്‌ത്രനാമം: പാന്തറാ ടൈഗ്രിസ്
∙1972ൽ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു. ബംഗ്ലദേശിന്റെയും ദേശീയമൃഗം കടുവ തന്നെ.
∙ 2010ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഉച്ചകോടിയിൽ ജൂലൈ 29 ലോക കടുവാദിനമായി പ്രഖ്യാപിച്ചു.
∙ ദിനാചരണത്തിനു വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ നേതൃത്വം നൽകുന്നു.
∙ ഇന്ത്യ, നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ, റഷ്യ, ബംഗ്ലദേശ്, തായ്‌ലൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്‌നാം, മലേഷ്യ, ഇന്തൊനീഷ്യ, സുമാത്ര, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കടുവകളുണ്ട്. കടുവകളില്ലാത്ത പ്രമുഖവനമേഖലകളാണ് ആഫ്രിക്കൻ കാടുകൾ.
∙ സൈബീരിയ ആണ് കടുവകളുടെ ജന്മദേശം.
∙കേരളത്തിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങൾ– പെരിയാറും പറമ്പിക്കുളവും.
∙ സ്ഥലകാലഭേദമനുസരിച്ച് കടുവകളെ എട്ടായി തരംതിരിക്കാം–സൈബീരിയൻ, മലയൻ, സുമാത്രൻ, ബംഗാൾ, ചൈനീസ്, ഇന്തോചൈനീസ്. ബാലിയൻ, കാസ്‌പിയൻ, ജാവൻ (അവസാനത്തെ മൂന്നു വിഭാഗവും വംശനാശം വന്നു)
∙ കടുവകൾക്ക് എട്ടടിയോളം നീളമുണ്ടാകും. വാൽ ഉൾപ്പെടെയുള്ള അളവാണിത്. ശരീരത്തിന്റെ മൂന്നിലൊന്ന് വാലിന്റെ നീളമാണ്. 180 മുതൽ 260 കിലോ വരെ ഭാരമുണ്ടാകും. പെൺകടുവകൾക്ക് ആണിനെക്കാൾ 25–40–സെ.മീറ്റർ നീളവും 40–60 കി.ഗ്രാം ഭാരവും കുറഞ്ഞിരിക്കും.
∙കടുവകളുടെ പ്രധാന ശത്രു മനുഷ്യനാണ്.
കടുവാ സംരക്ഷണ പദ്ധതി
ഇന്ത്യയിൽ കടുവകളെ സംരക്ഷിക്കാൻ സർക്കാർ പുതിയ പദ്ധതി കൊണ്ടുവന്നത് 1973–ലാണ്. പ്രോജക്ട് ടൈഗർ എന്നപേരിൽ ഈ പദ്ധതി അറിയപ്പെടുന്നു. ഇന്ത്യയിൽ ഇന്ന് 49 കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്. 2016–ലെ കണക്കനുസരിച്ച് ഇന്ത്യയിലെ വനങ്ങളിൽ 2500കടുവകളാണ് ഉള്ളത്. 1970–ൽ കടുവാവേട്ട ഇന്ത്യയിൽ നിരോധിച്ചു.
ഇന്ത്യയിലെ ആദ്യ കടുവാസംരക്ഷണ കേന്ദ്രമാണ് ഹെയിലി നാഷനൽപാർക്ക്. പിന്നീട് ഇതിനു ജിംകോർബറ്റ് നാഷനൽ പാർക്ക് എന്ന പേരു നൽകി. 1936–ൽ രൂപീകൃതമായ ഇതുതന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ നാഷനൽ പാർക്ക്. ഇപ്പോൾ ഉത്തരാഖണ്ഡ് സംസ്ഥാനത്താണ് ഇതിന്റെ സ്ഥാനം. ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം മധ്യപ്രദേശാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസംരക്ഷണ കേന്ദ്രമാണ് ആന്ധ്രാപ്രദേശിലെ നാഗാർജ്ജുൻ സാഗർ ടൈഗർ റിസർവ്. ഏറ്റവും ചെറിയ സംരക്ഷണമേഖല മഹാരാഷ്ട്രയിലെ പെഞ്ചാണ്.