അറിയപ്പെട്ടതിൽവച്ച് ഏറ്റവും ഭീമനായ ദിനോസറിന് ഒടുവിൽ പേരിട്ടു: ‘പാറ്റഗോണിയയിലെ ഭീമൻ.’ തെക്കേ അമേരിക്കയിൽ അർജന്റീന – ചിലെ അതിർത്തിയിലെ പാറ്റഗോണിയയിൽനിന്നു മൂന്നു വർഷം മുൻപു കണ്ടെത്തിയ ടിറ്റനോസർ വിഭാഗത്തിലെ ഈ പുതിയ ഇനം ദിനോസറുകൾ സസ്യാഹാരിയാണ്.

പത്തുകോടി വർഷം മുൻപു ഭൂമുഖത്തുണ്ടായിരുന്ന ഇവയ്ക്കു 10 ആഫ്രിക്കൻ ആനകളെക്കാൾ (76 ടണ്ണിലേറെ) ഭാരമുണ്ടായിരുന്നുവെന്നാണു നിഗമനം. 2014ലാണു ഫോസിൽ ലഭിച്ചത്.
കഴിഞ്ഞ വർഷം ജനുവരിയിൽ ന്യൂയോർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ എത്തിച്ചു. ഫോസിലിന്റെ അസ്ഥികൂട മാതൃക 122 അടി നീളത്തിൽ ത്രിമാന ഫൈബർ പ്രിന്റിലാണു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. പാറ്റഗോണിയ വനമേഖലയിൽനിന്ന് ആറിനം ഭീമജീവികളുടെ 223 ഫോസിലുകളാണ് ആകെ ലഭിച്ചിട്ടുള്ളത്.