നവി മുംബൈയിലെ തലോജ വ്യവസായ മേഖലകളിൽ അലയുന്ന തെരുവു നായകളുടെ നിറം മാറുന്നു. ശരീരം മുഴുവൻ നീല നിറമായ അഞ്ചോളം തെരുവുനായകൾ ഇപ്പോൾ ഇവിടെയുണ്ടെന്ന് മൃഗസംരക്ഷണ പ്രവർത്തകർ വ്യക്തമാക്കി. എന്താകും നായകളുടെ നിറംമാറ്റത്തിന്റെ പിന്നിലെന്ന് അന്വേഷിച്ച മൃഗസംരക്ഷണ പ്രവർത്തകര്‍ എത്തിയത് ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്കായിരുന്നു. ഇവിടെ പ്രവർത്തിക്കുന്ന വ്യവസായശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് സമീപത്തുകൂടി ഒഴുകുന്ന കസാദി നദിയിലേക്കാണ്. ഭക്ഷണത്തിനും മറ്റുമായി ഈ തെരുവുനായകൾ പലപ്പോഴും നദിയിലേക്ക് എടുത്തുചാടാറുണ്ട്. ഇങ്ങനെ നദിയിൽ മുങ്ങുന്ന നായകൾക്കാണ് നിറം മാറ്റം സംഭവിച്ചിരിക്കുന്നത്.
വ്യവസായശാലകൾ നദിയിലേക്കൊഴുക്കുന്ന മാലിന്യങ്ങൾ മൃഗങ്ങളിൽ സൃഷ്ടിക്കുന്ന ഗരുതരമായ പ്രശ്നങ്ങളെക്കുറിച്ച് മുംബൈയിലെ മലിനീകരണ നിയന്ത്രണ ബോർഡിന് മൃഗസംരക്ഷണ പ്രവർത്തകർ പരാതി സമർപ്പിച്ചു. ഈ മേഖലയിൽ ഏതാണ്ട് ആയിരത്തോളം ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്.ഇതിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളും കളർ നിർമ്മാണ യൂണിറ്റുകളും ഭക്ഷ്യോത്പാദന യൂണിറ്റുകളുമുണ്ട്. ഇവിടെ നിന്നും നേരിട്ടു പുറന്തള്ളുന്ന രാസവസ്തുക്കളും നിറങ്ങളുമുൾപ്പെടുന്ന മാലിന്യമാണ് നദി മലിനമാകാൻ കാരണം. ഈ പരിസരത്തുള്ള തെരുവുനായകൾ നിരന്തരമായി നദിയുമായി സമ്പർക്കം പുലർത്താറുണ്ട്. ഇതാണ് ഇവയുടെ നിറംമാറ്റത്തിനു പിന്നിൽ.
തലോജാ വ്യാവസായിക മേഖലയിൽ നിന്നുള്ള മലിനീകരണം മനുഷ്യരെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത്. ഇവിടെയുള്ള മൃഗങ്ങളെയും പക്ഷികളെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നതിന്റെ ജീവികികുന്ന തെളിവുകളാണ് നീലനിറത്തിലുള്ള നായകൾ. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.