വൈപ്പിൻ ഓഷ്യനേറിയം പദ്ധതിക്ക് ഒരിടവേളയ്ക്കു ശേഷം വീണ്ടും ജീവൻ വയ്ക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കേസിൽ വൈകാതെ തീർപ്പാവുന്നതോടെയാണു രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാവുന്ന പദ്ധതിക്കു പച്ചക്കൊടി തെളിയുന്നത്. ചില പരിസ്ഥിതിപ്രശ്നങ്ങളാണു പദ്ധതിക്കു വിലങ്ങു തടിയായതെന്ന് എസ്. ശർമ എംഎൽഎ ചൂണ്ടിക്കാട്ടുന്നു. മൂന്നു മാസത്തിനുള്ളിൽ നിർമാണം തുടങ്ങുമെന്ന പ്രഖ്യാപനം വരെ എത്തിയതിനു ശേഷമാണു പുതുവൈപ്പിന്റെ സ്വപ്ന പദ്ധതിയായ ഓഷ്യനേറിയം ആൻഡ് മറൈൻ ബയോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സമുച്ചയം പദ്ധതി എങ്ങുമെത്താതെ പോയത്.
പദ്ധതിക്കായി പുതുവൈപ്പിൽ കുറച്ചു പ്രദേശത്തെ കണ്ടൽക്കാട് നീക്കം ചെയ്യണമായിരുന്നു. ഇതിനു പകരം വളന്തക്കാട്ട് പ്രദേശത്തു കണ്ടൽച്ചെടികൾ വച്ചു പിടിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ആ പ്രദേശത്ത് ഇതിനെതിരെ എതിർപ്പുയരുകയും പ്രശ്നം കോടതിയിൽ എത്തുകയും ചെയ്തു. ഈ തർക്കത്തിനാണു വൈകാതെ തീർപ്പാവുക. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി 450 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിക്ക് ആദ്യഘട്ടമായി നൂറു കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു.
എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഫിഷറീസ് വകുപ്പിനു കൈമാറിയ 50 ഏക്കർ ഭൂമിയിലാണു പദ്ധതി വരേണ്ടിയിരുന്നത്. ഗവേഷണങ്ങളും പഠനങ്ങളും ടൂറിസവും ഏകോപിപ്പിച്ചുകൊണ്ടു ലക്ഷ്യമിട്ട പദ്ധതി രാജ്യത്തെ ആദ്യത്തേതാണ്. കടൽത്തീരത്തെ 30 ഏക്കർ സ്ഥലത്തു 12000 ക്യുബിക് എം കടൽവെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള ടാങ്ക് നിർമിച്ച് അതിൽ കടലിന്റെ അന്തരീക്ഷമൊരുക്കി ഉള്ളിലൂടെ 200 മീറ്റർ നീളത്തിൽ ഗ്ലാസ് ടണൽ പാതയൊരുക്കുന്നതാണു പദ്ധതി.
ഈ പാതയിലൂടെ സഞ്ചരിച്ചാൽ കടലിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും തൊട്ടടുത്തു കാണുന്ന പ്രതീതിയായിരിക്കും. നിലവിൽ ലിസ്ബണിലും ചൈനയിലും സിംഗപ്പൂരിലും ഓഷ്യനേറിയങ്ങൾ ഉണ്ടെങ്കിലും പുതുവൈപ്പിലെ പദ്ധതി വിഭാവനം ചെയ്യപ്പെട്ട സമയത്ത് 200 മീറ്റർ സ്ഫടികത്തുരങ്കം ഒരിടത്തുമുണ്ടായിരുന്നില്ല. രാജ്യാന്തരതലത്തിൽ സർവകലാശാലകളുമായി സഹകരിച്ചു കടൽജീവികളെക്കുറിച്ചും കടലിലെ ആവാസവ്യവസ്ഥകളെക്കുറിച്ചുമൊക്കെ പഠനവും ഗവേഷണവും നടത്താനുള്ള സൗകര്യങ്ങളും വിഭാവനം ചെയ്തിരുന്നു.
ഇടക്കാലത്ത് ഓഷ്യനേറിയം രാമൻതുരുത്തിൽ സ്ഥാപിക്കാൻ നീക്കം നടന്നിരുന്നു. ഇതു വൻപ്രതിഷേധത്തിനും സമരങ്ങൾക്കും വഴിവെച്ചു. പിന്നീടും പല കേന്ദ്രങ്ങളിൽ നിന്നുള്ള വ്യത്യസ്ത തടസ്സവാദങ്ങൾ പദ്ധതിക്കു കടമ്പയായി ഉയർന്നുവന്നിരുന്നു. ജില്ലയിലെ കടലോര-കായലോര വിനോദസഞ്ചാരത്തിന്റെ പ്രവേശനകവാടമായി വൈപ്പിനെ മാറ്റാൻ കഴിയുന്ന പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. നിർദിഷ്ട തീരദേശ റോഡിനോടു ചേർന്നാണു പദ്ധതി വരുന്നതെന്ന് എസ്. ശർമ എംഎൽഎ ചൂണ്ടിക്കാട്ടുന്നു. പുതുവൈപ്പ് അടക്കം വൈപ്പിനിലെ ഒൻപതു ബീച്ചുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗേറ്റ് വേ പദ്ധതിയും വൈകാതെ യാഥാർഥ്യമാകുമെന്നാണു പ്രതീക്ഷ.