മൃഗങ്ങള്‍ തമ്മിലും മൃഗങ്ങളും മനുഷ്യരും തമ്മിലും ഏറ്റുമുട്ടുന്ന പ്രാകൃതമായ ആചാരങ്ങള്‍ ആദിമ കാലം മുതല്‍ക്കേ മനുഷ്യര്‍ക്കിടയിലുണ്ടായിരുന്നു. ഇവയില്‍ പലതും പരിഷ്കൃതമെന്നഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തിലുമുണ്ട്. പ്രത്യേകിച്ചും മൃഗങ്ങളെ പീഡിപ്പിക്കുന്ന തരത്തിലുള്ള വിനോദങ്ങള്‍. ഇന്തോനേഷ്യയിലുള്ള ഇത്തരം ഒരു ആചാരമാണ് കാട്ടുപന്നികളും നായ്ക്കളും തമ്മിലുള്ള പോരാട്ടം. പന്നിയെ നായ കടിച്ചു കൊല്ലുന്നതു വരെയോ ,നായയെ പന്നി കുത്തിക്കീറുന്നതുവരെയോ ഈ ക്രൂരമായ വിനോദം തുടരും.
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ വലിയ കൂട്ടിനുള്ളിലാണ് ഈ മൃഗങ്ങള്‍ തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഒരു വിസിലിനു പിന്നാലെ ഇരു മൃഗങ്ങളെയും പരസ്പരം ആക്രമിക്കാനായി അഴിച്ചു വിടുന്നതോടെ പോരാട്ടം തുടങ്ങുകയായി. വേട്ടനായ്ക്കളെയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ആഡു ബാഗോംഗ് എന്നറിയപ്പെടുന്ന ഈ ക്രൂരത നിലവിലുള്ളത് പശ്ചിമ ജാവയിലെ ദ്വീപുകളിലുള്ള ചില ഗ്രാമങ്ങളിലാണ്. പതിറ്റാണ്ടുകളായി നിലവിലുള്ള സംസ്കാരത്തിന്റെ പേരിലാണ് ഇന്നും ഇവ ഇവിടെ അരങ്ങേറുന്നത്.
രണ്ടു ദിവസമൊക്കെ പട്ടിണിക്കിട്ടാണ് നായയെ പോരാട്ടത്തിനു വേണ്ടി തയ്യാറാക്കുന്നത്. പന്നികളെ പോരാട്ടവേദിയില്‍ സ്പെയിനിലെ കാളപ്പോരിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മുളകൊണ്ടുള്ള മറകള്‍ ഉപയോഗിച്ച് മനുഷ്യര്‍ തന്നെ പ്രകോപിപ്പിക്കും. 1960കളിലാണ് ഈ ക്രൂരമായ വിനോദത്തിനു തുടക്കമായത്. വയലിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങുന്ന കാട്ടുപന്നികളെ തുരത്താന്‍ നായ്ക്കളെ ഉപയോഗിക്കുന്ന രീതി ആരംഭിച്ചതോടെയാണ് ഇപ്പോഴത്തെ ഈ വിനോദത്തിനും വഴിതെളിഞ്ഞത്. കാട്ടുപന്നികളെ നേരിടാന്‍ നായ്ക്കളെ പരിശീലിപ്പിക്കുകയായിരുന്നു ആദ്യമൊക്കെ ഇതിന്‍റെ ലക്ഷ്യം. എന്നാല്‍ പിന്നീടിവ ഇത്തരം ആവശ്യങ്ങള്‍ കഴിഞ്ഞിട്ടും ക്രൂരമായ ആചാരം മാത്രമായി തുടർന്നു പോരുകയാണ്. ക്രൂരമായ ഇത്തരം ആചാരങ്ങൾക്കു തടയിടാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.