ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ലിറ്റില്‍ മാമ ഓർമയായി. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ലയണ്‍ കണ്‍ട്രി സഫാരിയിലാണ് ലിറ്റില്‍ മാമ ജീവൻ വെടിഞ്ഞത്. 79 വയസുണ്ടായിരുന്നു ലിറ്റിൽ മാമയ്ക്ക്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ക്കൊപ്പം കരളിനുണ്ടായ വീക്കവും വൃക്കയുടെ തകരാറുമാണ് ലിറ്റില്‍ മാമയുടെ മരണത്തിലേക്കു നയിച്ചത്.
1938ല്‍ ആഫ്രിക്കയില്‍ ജനിച്ച ലിറ്റില്‍ മാമ 1967ലാണ് ഫ്ലോറിഡയിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ എത്തുന്നത്. ജനിച്ച ദിവസം കൃത്യമായി അറിയില്ലെങ്കിലും എല്ലാ വര്‍ഷവും വാലന്റൈന്‍ ദിനത്തിലാണ് ലിറ്റില്‍ മാമയുടെ പിറന്നാള്‍ ഈ മൃഗശാല ആഘോഷിക്കാറുള്ളത്. ലിറ്റില്‍ മാമയുടെ ആദ്യ ട്രെയിനര്‍ ചിമ്പാന്‍സിെയ തന്റെ കാമുകിയെന്നു വിശേഷിപ്പിച്ചാണ് ഈ ദിവസം പിറന്നാള്‍ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.
മൃഗശാലയിലെത്തുന്നവരുടെ പ്രിയപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ലിറ്റില്‍ മാമ. പ്രായമായെങ്കിലും കക്ഷിയുടെ ഓട്ടത്തിനും ചാട്ടത്തിനും കുറവുണ്ടായിരുന്നില്ല. സഞ്ചാരികളെ നോക്കി കോമാളി ഭാവങ്ങള്‍ കാട്ടുന്നതായിരുന്നു ലിറ്റില്‍ മാമയുടെ വിനോദങ്ങളിലൊന്ന്. പ്രായം കൊണ്ടു മാത്രമല്ല ബുദ്ധിശക്തികൊണ്ടും ശ്രദ്ധയാകര്‍ഷിച്ച ചിമ്പാന്‍സി കൂടിയാണ് ലിറ്റില്‍ മാമ. രാവിലെ ഭക്ഷണത്തിന്റെ സമയമായാല്‍ കരയുന്നതിനു പകരം കയ്യടിച്ചാണ് ലിറ്റില്‍ മാമ ഭക്ഷണം ആവശ്യപ്പെടാറുണ്ടായിരുന്നത്. മുപ്പതു വര്‍ഷത്തോളം ലിറ്റില്‍ മാമയുടെ ട്രെയിനറായ ഗോഡല്‍ ആണ് ഈ ശീലം പഠിപ്പിച്ചത്. ലിറ്റില്‍ മാമയുടെ ഈ ശീലത്തെപ്പറ്റി ജന്തുശാസ്ത്രജ്ഞര്‍ ഗവേഷണങ്ങളും നടത്തിയിരുന്നു. ലയൺ സഫാരി പാർക്കിന്റെ നികത്താനാവാത്ത നഷ്ടമെന്നാണ് ലിറ്റിൽ മാമയുടെ വിയോഗത്തെ പാർക്ക് അധികൃതർ വിശേഷിപ്പിച്ചത്.