സെപ്റ്റംബർ അവസാനത്തിലാണ് പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിലെ റേഡിയോ ആക്ടിവിറ്റി സാന്നിധ്യം സംബന്ധിച്ച ഒരു ആശങ്ക പങ്കുവച്ചത്. പലയിടത്തും അനുവദനീയമായതിലും അധികം ഒരു പ്രത്യേക റേഡിയോ ആക്ടീവ് ഐസോടോപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതായിരുന്നു അത്. ആകാശത്തു തങ്ങി നിന്നിരുന്ന മേഘശകലത്തിനു സമാനമായ ‘വിന്യാസ’ത്തിലായിരുന്നു റേഡിയോ ആക്ടിവിറ്റിയുടെ സാന്നിധ്യം. വിശദമായ പരിശോധനയിൽ ആ മേഘത്തിന്റെ വരവ് റഷ്യയിൽ നിന്നാണെന്നു കണ്ടെത്തി. എന്നാൽ ആരംഭത്തില്‍ത്തന്നെ വാദത്തെ റഷ്യ ഖണ്ഡിക്കുകയും ചെയ്തു.
പിന്നീട് ഏകദേശം രണ്ടു മാസത്തിനൊടുവിൽ, ഇപ്പോൾ റഷ്യ കുറ്റസമ്മതം നടത്തിയിരിക്കുന്നു. തങ്ങളുടെ രാജ്യത്തും റേഡിയോ ആക്ടീവ് ഐസോടൊപ്പ് റുഥേനിയം–106(Ru-106)ന്റെ സാന്നിധ്യം അനുവദിച്ചതിലും ഏകദേശം ആയിരം ഇരട്ടി അളവിൽ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ ഇത് തങ്ങളുടെ ഏതെങ്കിലും ആണവറിയാക്ടറിലുണ്ടായ ചോർച്ചയാണെന്ന് ഇപ്പോഴും റഷ്യ സമ്മതിക്കുന്നില്ല. അതേസമയം തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നതാകട്ടെ റഷ്യയിലേക്കു തന്നെയും. ഒടുവിൽ ഗത്യന്തരമില്ലാതെ സംഭവം അന്വേഷിക്കാൻ ഒരു ശാസ്ത്രകമ്മിഷനെ തന്നെ നിയോഗിച്ചു കഴിഞ്ഞു സർക്കാർ. റഷ്യയിലെ തെക്കൻ യൂറൽസ് പ്രദേശത്ത് കണ്ടെത്തിയ വൻതോതിലുള്ള റുഥേനിയം–106ന്റെ ഉറവിടം എവിടെ നിന്നാണെന്നാണു പരിശോധിക്കുന്നത്.
അനുവദനീയമായതിലും 986 മടങ്ങ് അധികം അളവിലാണു കണ്ടെത്തിയതെങ്കിലും ഇത് ആരോഗ്യത്തിനു ദോഷകരമല്ലെന്നും റഷ്യ ഉറപ്പു നൽകുന്നുണ്ട്. മാത്രവുമല്ല, തങ്ങളുടെ ആണവ നിലയങ്ങളെല്ലാം സുരക്ഷിതമെന്നും റഷ്യയുടെ ഉറപ്പ്. സെപ്റ്റംബറിലാണ് ആദ്യം റുഥേനിയത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്. പിന്നീട് ഒക്ടോബർ ആദ്യ ആഴ്ചകളിലും ഈ ‘ആണവമേഘ’ത്തെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പലയിടത്തു നിന്നുമായി വന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള എയ്റോസോളുകളിലെ റേഡിയോ ആക്ടീവ് പരിശോധനയിലാണ് ഇതിന്റെ സാന്നിധ്യം വ്യക്തമായത്. ഖരത്തിന്‍റെയോ ദ്രാവകത്തിന്‍റെയോ സൂക്ഷ്മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നിൽക്കുന്നതാണ് എയ്റോസോളുകൾ.
തെക്കൻ യൂറൽസിലെ പ്രത്യേക മേഖലയിൽ കൂടിച്ചേർന്ന റുഥേനിയം–106 പിന്നീട് മേഘരൂപം പൂണ്ട് യൂറോപ്പിലാകെ പരന്നുവെന്നാണു കരുതുന്നത്. റഷ്യയുടെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 25നാണ് ഏറ്റവും ശക്തമായ തോതിൽ റുഥേനിയത്തിൽ സാന്നിധ്യം തിരിച്ചറിഞ്ഞത്. അർഗയാഷ് എന്ന ഗ്രാമത്തിലായിരുന്നു ഇത്. പിന്നീട് ഒക്ടോബർ ഒന്നിനും സമാനമായ റിപ്പോർട്ടെത്തി. രണ്ടു റിപ്പോർട്ടുകളും രേഖപ്പെടുത്തിയ പ്രദേശം തെക്കൻ യൂറൽസിലായിരുന്നു. റുഥേനിയം–106 ആകട്ടെ പ്രകൃതിദത്തമായി ഭൂമിയിൽ കാണപ്പെടുന്നതുമല്ല. അതിനാലാണ് ആണവനിലയത്തിൽ നിന്ന് ചോർന്നതാണെന്ന കാര്യം ഉറപ്പാക്കുന്നതും. റഷ്യയിൽ രൂപപ്പെട്ട മേഘം പിന്നീട് ഇറ്റലിയില്‍ തുടങ്ങി വടക്കോട്ടു നീങ്ങി യൂറോപ്പു മുഴുവൻ പടർന്നതായാണു കരുതുന്നത്. ഒക്ടോബർ ആദ്യ ആഴ്ചകളോടെ ഇല്ലാതാകുകയും ചെയ്തു.
ഇവയുടെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ അളവു രേഖപ്പെടുത്തിയയിടത്തു നിന്ന് 20 മൈൽ മാത്രം ദൂരെയാണ് റഷ്യയിലെ കുപ്രസിദ്ധമായ മയാക് ആണവനിലയം. ഇവിടെയാണ് ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ ആണവദുരന്തങ്ങളിലൊന്നു സംഭവിച്ചതും. 1957ലായിരുന്നു അത്. അന്ന് മയാക് നിലയത്തിലുണ്ടായ ആണവവികിരണ ചോർച്ച 2.7 ലക്ഷം പേരെയെങ്കിലും ബാധിച്ചതായാണു റിപ്പോർട്ട്. ‘ആണവമേഘ’ത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് പരിസ്ഥിതി സംഘടനയായ ‘ഗ്രീൻപീസ്’ ഇടപെട്ടിരുന്നു. മേഘത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കത്തും അയച്ചു. ഇതിനുള്ള മറുപടിയെന്ന വണ്ണമാണ് റഷ്യ ഇപ്പോൾ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്.