ബോളിവുഡിലെ കുഞ്ഞു താരമാണ് സെയ്ഫ് അലിഖാന്‍-കരീന ദമ്പതികളുടെ മകൻ തൈമൂർ. എവിടെപ്പോയാലും തൈമൂറിനു പിന്നാലെയാണ് മാധ്യമപ്പട. ജനനം മുതൽ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാണ് നീലക്കണ്ണുള്ള ഈ കുഞ്ഞു സുന്ദരൻ. തൈമൂറിന് ഒന്നാം പിറന്നാളിനു ലഭിച്ച സമ്മാനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്നലെയായിരുന്നു തൈമൂറിന്റെ ഒന്നാം പിറന്നാൾ. നിരവധി സമ്മാനങ്ങൾ തൈമൂറിനു ലഭിച്ചെങ്കിലും അതിലൊന്ന് ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു.

ഒരു കുട്ടി വനമാണ് കരീനയുടെ ന്യൂട്രീഷ്യനായ രുജിത ദിവാകര്‍ പിറന്നാള്‍ സമ്മാനമായി തൈമൂറിനു നൽകിയത്. പ്ലാവ്, നെല്ലി, ഞാവല്‍, വാഴ, പപ്പായ തുടങ്ങി നിരവധി ഫലവൃക്ഷങ്ങളാണ് തൈമുറിനായി ഒരുക്കിയ ഈ വനത്തിലുള്ളത്. സമ്മാനമായി നല്‍കിയ വനത്തിന് തൈമൂര്‍ അലിഖാന്‍ പട്ടൗഡി ഫോറസ്റ്റ് എന്നു പേരും നല്‍കിയിട്ടുണ്ട്.

മുംബൈയുടെ അതിര്‍ത്തി പ്രദേശമായ സൊനേവ് ഗ്രാമത്തിലാണ് കുട്ടിവനം ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും തൈമുറിനെപ്പോലെ തന്നെ പ്രായം കുറവാണെന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം.1000 ചതുരശ്ര അടിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ വനത്തിൽ ഒരു പ്ലാവ്, 14 മുരിങ്ങ, 40 വാഴകൾ, ഒരു നെല്ലി മരം, 3 ഞാവൽ, 3 വേപ്പ് മരം, 2 ആത്തമരം എന്നിവ കൂടാതെ മഞ്ഞളും ഇഞ്ചിയും പച്ച മുളകുമെല്ലാമുണ്ട്.

ഹരിയാനയിലെ പട്ടൗഡി പാലസിലാണ് കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത തൈമുറിന്റെ പിറന്നാളാഘോഷം നടന്നത്. ബോളിവുഡില്‍ കാണുന്ന സ്ഥിരം ആഘോഷങ്ങള്‍ ഒഴിവാക്കി ഗ്രാമീണതയുടെ കൂട്ടുപിടിച്ചാണ് മാതാപിതാക്കള്‍ തൈമുറിന്റെ പിറന്നാള്‍ ആഘോഷിച്ചത്. കരീനയുടെ സഹോദരി കരിഷ്മയും മക്കളും അമ്മ ബബിതയും പട്ടൗഡി കൊട്ടാരത്തിൽ എത്തിയിരുന്നു. അച്ഛൻ സെയ്ഫിനൊപ്പം ട്രാക്ടറിലും കുതിരപ്പുറത്തുമൊക്കെ കയറി ആസ്വദിച്ചാണ് തൈമൂര്‍ തന്റെ പിറന്നാള്‍ ദിനം കെങ്കേമമാക്കിയത്. 2012 ലായിരുന്നു സെയ്ഫ്-കരീന വിവാഹം. 2016 ഡിസംബര്‍ 20നാണ് തൈമൂർ ജനിച്ചത്. തൈമൂര്‍ എന്ന പേരും ഏറെ ശ്രദ്ധ നേടിയിരുന്നു.