ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ രൂപപ്പെട്ട തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനു പിന്നിൽ?

Image Credit: Facebook

തണുപ്പേറിയ പ്രദേശങ്ങളിൽ നദികളിലേയും മറ്റു ജലാശയങ്ങളിലേയും വെള്ളവും വെള്ളച്ചാട്ടങ്ങളുമെല്ലാം തണുത്തുറയുന്ന കാഴ്ച സ്വാഭാവികമാണ്. അങ്ങനെയല്ലാത്തൊരു വെള്ളച്ചാട്ടം രൂപപ്പെട്ട കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് വടക്കുകിഴക്കൻ ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ ജനങ്ങൾ. അൻഷാൻ എന്ന സ്ഥലത്ത് വളരെക്കാലമായി ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തിലാണ് മനോഹരമായ വെള്ളച്ചാട്ടം പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ഒക്ടൊബർ മുതൽ കെട്ടിടത്തി പൈപ്പിനു ചെറിയ ചോർച്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ ആരും അതത്ര കാര്യമാക്കിയിരുന്നില്ല. ഡിസംബറിൽ തണുപ്പു കൂടി വെള്ളം തണുത്തുറഞ്ഞപ്പോഴാണ് ചോർച്ച നിസാരമല്ലായിരുന്നെന്ന് ജലവിതരണ വിഭാഗം മനസ്സിലാക്കിയത്. കാരണം വെള്ളച്ചാട്ടത്തിന്‍റെ മാതൃകയിൽ ഈ കെട്ടിടത്തിന്‍റെ മുകളിലെ നിലയിലെ ബാൽക്കണി മുതൽ താഴെ വരെ പത്ത് മീറ്റർ നീളത്തിലാണ് വെള്ളം ഐസായി കട്ടപിടിച്ചു കിടക്കുന്നത്.

Image Credit: Facebook

വെള്ളം ഐസ് കട്ടയായി മാറിയപ്പോഴാണ് ആളുകൾ ഇതു ശ്രദ്ധിച്ചു തുടങ്ങിയത്. കെട്ടിടത്തിന്‍റെ മുകൾ നിലയിലെ ബാൽക്കണിയിൽ നിന്ന് താഴെ തറനിരപ്പുവരെയാണ് ഈ ഐസ് കട്ട പടർന്നു കിടക്കുന്നത്. കാലാവസ്ഥ മാറിയ ശേഷം ചോർച്ച പരിഹരിക്കാമെന്ന തീരുമാനത്തിലാണ് ഇവിടുത്തെ ജലവിതരണ ഏജൻസി. തണുപ്പേറിയതാകാം ഈ പ്രതിഭാസത്തിനു പിന്നിലെ രഹസ്യമെന്നാണു നിഗമനം. എന്തായാലും സംഭവം കാണാൻ പ്രദേശവാസികളും വിനോദ സഞ്ചാരികളുമുൾപ്പെടെ വൻജനാവലിയാണ് ഇവിടെയെത്തുന്നത്. ചുരുക്കി പറഞ്ഞാൽ കെട്ടിടത്തിൽ വിരിഞ്ഞ വെള്ളച്ചാട്ടം കാരണം ഇവിടം ഒരു ടൂറിസ്റ്റ് സ്പോട്ടായി മാറിയിരിക്കുകയാണ്.

Image Credit: Facebook