കംബോഡിയയിലാണ് ആനക്കുട്ടിക്ക് ദാരുണമായ അന്ത്യമുണ്ടായത്.വനത്തില്‍ ചിതല്‍പ്പുറ്റിന്റെ താഴെയുള്ള കുഴിയില്‍ വീണ അനക്കുട്ടി പുറത്തു കടക്കാനാകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. വനപാലകര്‍ കണ്ടെത്തുമ്പോഴേക്കും ആനക്കുട്ടി ചെരിഞ്ഞിരുന്നു. ആദ്യം ആനയെ പിടിക്കാന്‍ വേണ്ടി കുഴിച്ച കുഴിയാണെന്ന് സംശയിച്ചെങ്കിലും പിന്നീടാണ് ചിതല്‍ പുറ്റിന്റെ താഴെയുള്ള കുഴിയാണെന്നു തിരിച്ചറിഞ്ഞത്.
കംബോഡിയയിലെ കെയോ സെയ്മ വന്യജീവി സങ്കേതത്തിലാണ് ആനക്കുട്ടി ചെരിഞ്ഞത്. ഉള്‍ക്കാട്ടിലാണ് സംഭവം നടന്നതെന്നതിനാല്‍ വനപാലകര്‍ അറിയാനും ആനക്കുട്ടിയെ രക്ഷിക്കാനും വൈകിപ്പോയി. ആനക്കൂട്ടം കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും പ്രദേശത്തു കാണാമായിരുന്നു. എന്നാല്‍ ആനക്കൂട്ടം ചവിട്ടി മെതിച്ചതോടെ മണ്ണ് കൂടുതല്‍ ഉറച്ചുപോയതാകാം ആനക്കുട്ടിക്ക് തിരിച്ചു കയറാനാകാത്ത അവസ്ഥയുണ്ടാക്കിയതെന്നും സംശയിക്കുന്നു.
പിന്‍കാലുകള്‍ രണ്ടും പൂര്‍ണ്ണമായി കുഴിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ആനക്കുട്ടി. മുന്‍കാലുകള്‍ മുകളില്‍ ചവിട്ടി കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട നിലയിലാണ് ആനക്കുട്ടി കിടന്നിരുന്നത്. ക്ഷീണവും നിര്‍ജ്ജലീകരണവുമാണ് ആനക്കുട്ടിയുടെ മരണത്തിനു കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഴിയില്‍ പെട്ട പിന്‍കാലുകള്‍ക്ക് കാര്യമായ പരിക്കില്ലായിരുന്നു. അതിനാല്‍ തന്നെ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ കാര്യമായ പ്രശ്നങ്ങളില്ലാതെ ആനക്കട്ടിയെ മോചിപ്പിച്ച് ആനക്കൂട്ടത്തിനൊപ്പം അയക്കാന്‍ സാധിച്ചേനെ.
കാട്ടില്‍ വിറകെടുക്കാനെത്തിയവരാണ് സംഭവം വനപാലകരെ അറിയിച്ചത്. ഒരു മാസം മാത്രമാണ് ആനക്കുട്ടിയുടെ പ്രായം. വേട്ടക്കാരും വനനശീകരണവും മൂലം അനുദിനം ശോഷിച്ചു വരുന്ന കംബോഡിയന്‍ കാടുകളിലെ ആന സംരക്ഷണത്തിന് ഈ ഒരു ആനക്കുട്ടിയുടെ മരണം പോലും വലിയ തിരിച്ചടിയാണ്. അഞ്ഞൂറില്‍ താഴെ കാട്ടാനകള്‍ മാത്രമാണ് ഇപ്പോൾ കംബോഡിയയില്‍ അവശേഷിക്കുന്നത്.