ഒയ്മ്യാകോൺ ഇതാണ് ലോകത്തിന്റെ ഫ്രീസർ എന്ന് ഒറ്റവാക്കിൽ പറയാം. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഈ ഗ്രാമം. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി. പുറത്തിറങ്ങിയ സഞ്ചാരികളുടെ കൺപീലികളിൽ വരെ മഞ്ഞുറഞ്ഞതിന്റെ ചിത്രങ്ങൾ അവർ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടതോടെയാണ് സംഭവം ജനശ്രദ്ധയാകർഷിച്ചത്.
ശൈത്യകാലമായാൽ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. താപനില മൈനസ് 40ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകള്ക്ക് അവധി പ്രഖ്യാപിക്കുകയാണു പതിവ്. സ്കൂളുകൾ കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതിശൈത്യം ആരംഭിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതം വീടിനുള്ളിലുള്ള പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ്. തണുപ്പുകാലത്ത് ഇവർ നേരിടുന്ന മറ്റൊരു പ്രശ്നം വാഹനങ്ങളുടെ എഞ്ചിൻ കേടാകുന്നതാണ്. കാറുകളും മറ്റു വാഹനങ്ങളും കേടാകാതിരിക്കാൻ അവ നിരന്തരം പ്രവർപ്പിക്കുകയും വാഹനത്തിനുള്ളിൽ തന്നെ താമസമാക്കുന്നവരും ഇവിടെയുണ്ട്.
ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഒയ്മ്യാകോൺ നിവാസികളുടെ ജീവിതം. തണുപ്പേറെയായതിനാൽ മുഖവും ശരീരഭാഗങ്ങളും വലിഞ്ഞു മുറിയുക, പേനയിലെ മഷി കട്ടയാകുക, ബാറ്ററി ചാർജ് തീരുക തുടങ്ങിയവ അവയിൽ ചിലതാണ്.ഇതൊക്കെ സഹിക്കാമെങ്കിലും ആരെങ്കിലും മരിച്ചാലാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. കാരണം ശവസംസ്കാരം നടത്തുകയെന്നത് വളരെ സങ്കീർണമായ കാര്യമാണ്. കാരണം സ്ഥലം കണ്ടെത്തി ആദ്യം ആ ഭാഗത്തെ മഞ്ഞുരുക്കിക്കളയണം.മൃതദാഹം സംസ്ക്കരിക്കാൻ പാകത്തിൽ ഒരു കുഴി കുഴിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും. മഞ്ഞുവീഴുന്നതിനനുസരിച്ച് കൽക്കരി ഉപയോഗിച്ച് അത് ഉരുക്കിക്കൊണ്ടിരിക്കണം. അതിനുശേഷം മാത്രമേ മൃതദേഹം സംസ്ക്കരിക്കാൻ സാധിക്കൂ. ഇങ്ങനെ സംസ്ക്കരിക്കുന്ന മൃതദേഹം അഴുകാനും കാലതാമസമെടുക്കും. അതുകൊണ്ട് തന്നെ ഇവിടെയാരും മരിക്കരുതേയെന്നാണ് ഗ്രാമവാസികളുടെ പ്രാർത്ഥന.
തണുപ്പുകാലത്ത് മാംസാഹരമാണ് ഗ്രാമവാസികളുടെ ആശ്രയം. എല്ലാസമയത്തും തണുത്ത ആഹാരത്തോടു പ്രിയമുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. വിവിധതരം മത്സ്യങ്ങളും റെയിൻഡീറിന്റെ മാംസവും കുതിരയുടെ കരളുമൊക്കെയാണ് ഇവരുടെ ഇഷ്ടവിഭവങ്ങൾ. ഒയ്മ്യാകോൺ സഞ്ചാരികളടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. എന്നാൽ, താപനില –67 ഡിഗ്രിയായി താഴ്ന്നിരുന്നതായി ഔദ്യോഗിക സ്ഥിരീകരണമില്ല. 1993ൽ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്: –67.7 ഡിഗ്രി. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്. കൊടും തണുപ്പിൽ ഈ വർഷം രണ്ടുപേരാണ് ഇവിടെ മരണപ്പെട്ടത്. ജനുവരിയിലെ ഇവിടുത്തെ ശരാശരി താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
വീടിനു പുറത്തിറങ്ങിയാല്‍ മഞ്ഞില്‍ മൂടിപ്പോകുന്ന ഈ ഗ്രാമത്തില്‍ ആരും മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാറ്റിയാല്‍ ആ നിമിഷം കണ്‍പീലികളില്‍ മഞ്ഞു പൊതിയുന്ന അവസ്ഥയാണ്. ഇവിടെ താപനില അളക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളുണ്ടെങ്കിലും അതിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയാണു സൈബീരിയയിലെ ഒയ്മ്യാകോൺ. സ്ഥിരം താമസക്കാരുടെ എണ്ണം വളരെക്കുറവാണ്: 500 പേർ. അന്റാർട്ടിക്കയിൽ ഇതിലുമേറെ താപനില താഴാറുണ്ടെങ്കിലും അവിടെ സ്ഥിരം ജനവാസമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് ഒയ്മ്യാകോണിലെ ജീവിതം പ്രിയപ്പെട്ടതാണ്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഈജീവിതം ആസ്വദിക്കുന്നവരാണിവിടുത്തുകാർ.