Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരങ്ങൻമാരെ ക്ലോണ്‍ ചെയ്ത് ചൈന, അടുത്തത് മനുഷ്യനെന്ന് അഭ്യൂഹം

monkeys

ലോകത്തിലെ ആദ്യത്തെ കുരങ്ങുകളെ ക്ലോണിങിലൂടെ സൃഷ്ടിച്ചിരിക്കുകയാണ് ചൈനയിലെ ഒരു സംഘം ഗവേഷകർ. ആദ്യത്തെ ക്ലോണങ് ജീവിയായ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച അതേ മാതൃകയിലാണ് കുരങ്ങിനെയും ക്ലോണ്‍ ചെയ്തതെന്നാണു കരുതുന്നത്.രണ്ട് കുരങ്ങിൻ കുട്ടികള്‍ക്കാണ് ക്ലോണിങ്ങിലൂടെ ഗവേഷകര്‍ ജന്മം നല്‍കിയത്.

രണ്ടാഴ്ചത്തെ വ്യത്യാസത്തിലാണ് രണ്ട് കുരങ്ങിന്‍ കുട്ടികളുടെയും ജനനം. ഷോങ് ഷോങ് എന്ന കുട്ടിക്കരങ്ങന് രണ്ട് മാസവും , ഹ്വാ ഹ്വാ എന്ന കുരങ്ങന് ഒന്നരമാസവുമാണ് പ്രായം. ഇതാദ്യമായാണ് മനുഷ്യനും കുരങ്ങുകളും ഉള്‍പ്പെടുന്ന പ്രൈമേറ്റ് വിഭാഗത്തില്‍ പെട്ട ജീവിയെ ക്ലോണിങ്ങിലൂടെ വിജയകരമായി സൃഷ്ടിക്കുന്നത്.

ആദ്യമായാണ് പ്രൈമേറ്റിനെ ക്ലോണ്‍ ചെയ്യുന്നത് എന്നതിനാല്‍ തന്നെ ഇതിനെചൊല്ലി വലിയ പ്രതിഷേധങ്ങളും ആശങ്കകളും ശാസ്ത്രലോകത്ത് ശക്തമാകുകയാണ്. ചൈന ഈ വിവരം പുറത്തു വിട്ടതോടെ അടുത്തത് മനുഷ്യനെ ക്ലോണ്‍ ചെയ്യാനാകും ചൈന ശ്രമിക്കുന്നതെന്ന അഭ്യൂഹങ്ങളും ശക്തമാണ്. പ്രൈമേറ്റുകളെ ക്ലോണ്‍ ചെയ്തത് ധാര്‍മ്മികമായി ശാസ്ത്രലോകം ചെയ്ത ഏറ്റവും വലിയ കുറ്റമാണെന്നാണ് പാശ്ചാത്യലോകത്തെ ഗവേഷകര്‍ ആരോപിക്കുന്നത്.

സിംഗിള്‍ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ വഴിയാണ് ലോങ് ടെയില്‍ഡ് മകാകെ ഇനത്തില്‍ പെട്ട കുരങ്ങുകളെ ക്ലോണ്‍ ചെയ്തത്. മനുഷ്യരും കുരങ്ങന്‍മാരും തമ്മില്‍ ജനിതകമായുള്ള വ്യത്യാസം ഏറെ ചെറുതാണ് .ഇതിനാല്‍ തന്നെ കുരങ്ങില്‍ വിജയകരമായ ക്ലോണിങ് മനുഷ്യരിലും സുഗമമായിരിക്കുമെന്നാണ് പൊതുവെ ഉയര്‍ന്നു വന്നിരിക്കുന്ന അഭിപ്രായം. ഇതാണ് ശാസ്ത്രലോകത്തെ ഒരു വിഭാഗം ഗവേഷകരെ കുരങ്ങുകളുടെ ക്ലോണിങ്ങിനെ ധാര്‍മ്മികമായി എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവും.