അടിച്ചു പാമ്പായി കർഷകൻ പാമ്പിനെ കടിച്ചു; പിന്നീട് സംഭവിച്ചത്?

Representative Image

കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഹർദോയി ഗ്രാമത്തിൽ കർഷകനായ സോനേലാൽ വിഷപ്പാമ്പിന്റെ തല ചവച്ചു തുപ്പിയിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിൽ നിന്ന് സമാനമായ സംഭവം പുറത്തു വന്നിരിക്കുന്നത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് അമിതമായ മദ്യപിച്ച കര്‍ഷകന്‍ വിഷപ്പാമ്പിനെ കടിച്ചു കൊന്നത്. തന്റെ കൃഷിയിടത്തിലെത്തിയ പാമ്പിനെയാണ് ഇയാള്‍ വകവരുത്തിയത്. ഇയാള്‍ ജീവനോടെ രക്ഷപെട്ടത് അത്ഭുതകരമാണെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പാമ്പിനെ കടിച്ചത് കഴുത്തിനു മുകളിലായതിനാല്‍ ഇയാളുടെ ഉള്ളില്‍ വിഷം ചെന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മൊറേനയിലെ പാച്ചര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ജലിം സിങ് ഖുഷ്വാഹ എന്ന കര്‍ഷകന്‍ തന്റെ കൃഷിയിടത്തിലെ ജോലിക്കു ശേഷം വൈകിട്ടിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാളുടെ കൃഷിസ്ഥലത്തുള്ള ചെറിയ കുടിലിലേക്ക് പാമ്പെത്തിയത്. പാമ്പിനെ കയ്യിലെടുത്തത് തന്റെ ഓര്‍മ്മയിലുണ്ടെന്നാണ് ജലിം സിങ് ആശുപത്രിയിലെത്തിച്ച് ബോധം വന്ന ശേഷം പ്രതകരിച്ചത്.

പാമ്പിനെ താന്‍ കടിച്ചെന്ന് എപ്പോഴോ തിരിച്ചറിഞ്ഞു. ഉടന്‍ ഗ്രാമത്തിലേക്ക് ഓടിയെത്തി ചിലരോട് ഇക്കാര്യം  പറഞ്ഞു. ഇതിനിടെയിൽ ജലിംസിങ് കുഴഞ്ഞു വീഴുകയായിരുന്നു. ഗ്രാമീണര്‍ ജലിംസിങ്ങിനേയും ഇയാളുടെ കടിയേറ്റ് ചത്ത പാമ്പിനെയും കൊണ്ട് ആശുപത്രിയിലേക്കു തിരിച്ചു. വിഷം ചെറിയ അളവില്‍ ഉള്ളില്‍ ചെന്നെങ്കിലും ജലിംസിങ് ബോധരഹിതനായത് ഭയം മൂലമായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉള്ളില്‍ ചെന്ന വിഷം ജലിംസിങ്ങിനെ ബാധിച്ചില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പാമ്പിന്റെ തലയിലും കഴുത്തിലും നടുവിലുമായി നാലിടത്താണ് കടിയേറ്റ പാടുകളുണ്ടായിരുന്നത്. ഇത്രയധികം തവണ ജലിംസിങ് കടിച്ചിട്ടും പാമ്പ് തിരിച്ച് ആക്രമിക്കാതിരുന്ന് എന്തുകൊണ്ടാണെന്ന ചിന്തയിലാണ് മറ്റുള്ളവര്‍. ഒരുപക്ഷേ പാമ്പിന്റെ തലയില്‍ തന്നെ ജലിംസിങ് ആദ്യം കടിച്ചിരിക്കമെന്നും ഇതോടെ പാമ്പ് ചത്തിരിക്കാമെന്നുമാണ് ഇവര്‍ കണക്കു കൂട്ടുന്നത്. ഏതായാലും ഭാഗ്യം കൊണ്ടാണ് ജലിംസിങിന് ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ഇവരും ഉറപ്പിച്ചു പറയുന്നു.