പൊന്തൻപുഴ വനഭൂമിയിൽ അവകാശങ്ങൾ കൊമ്പു കോർക്കുകയാണ് – കാടിന്റെ അവകാശം ഒരു ഭാഗത്തും വീടിന്റെയും സ്വത്തിന്റെയും അവകാശം മറുതലയ്ക്കലും. കോടതി കയറിയ തർക്കം തീർപ്പിനായി കാത്തിരിക്കുമ്പോൾ വനസംരക്ഷണ സമരവും ഭൂമി സംരക്ഷണ സമരവും പൊന്തൻപുഴയെ ധർമപോരാട്ടത്തിന്റെ യുദ്ധഭൂമിയാക്കുന്നു. ഈട്ടിയും തേക്കും മഹാഗണിയും വേരുപിടിച്ച മണ്ണിൽ വിവാദം പൂത്തുലയുന്നു.
കാട് നാടാകുമോ നാടു കാടാകുമോ
കാട് നാടാകുമോ നാടു കാടാകുമോ എന്നു കോടതിയിൽ നടക്കുന്ന കേസുകളുടെ അന്തിമ വിധിയിലൂടെയേ അറിയാനാകൂ. റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ മന്ദമരുതി പള്ളിപ്പടി മുതൽ ആലപ്ര വരെ നീണ്ടുകിടക്കുന്നതാണ് 7,000 ഏക്കർ പൊന്തൻപുഴ വനം. എഴുമറ്റൂർ കോവിലകത്തിന്റെ കൈവശത്തിലായിരുന്ന വനം ചെമ്പോലകളിലൂടെ ചാർത്തിക്കിട്ടി എന്ന അവകാശവുമായിട്ടാണ് വനം സ്വന്തമാക്കാൻ കുറെപേർ രംഗത്തിറങ്ങിയിട്ടുള്ളത്.
ചെമ്പോല കിട്ടിയെന്നു പറയുന്നവർ വനം മറ്റു പലർക്കും കൈമാറ്റം ചെയ്തതായും പറയുന്നു.283 പേരാണ് വനത്തിന് അവകാശവുമായി കോടതിയെ സമീപിച്ചത്. പൊന്തൻപുഴ വനത്തിന് സംരക്ഷിത പദവി പറ്റില്ലെന്ന് ഈ ജനുവരി 10ന് കോടതി വിധിച്ചു. അതേസമയം, അവകാശമുന്നയിച്ചവർക്ക് വനം വിട്ടുകൊടുക്കാൻ കോടതി വിധിയിൽ പറഞ്ഞിട്ടില്ലെന്നതാണ് സർക്കാരിന് ആശ്വാസം. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വനത്തിനെ ചുറ്റി 1,200 കുടുംബങ്ങൾ
പൊന്തൻപുഴ വനത്തിനു ചുറ്റും ആലപ്ര, വലിയകാവ്, പൊന്തൻപുഴ നെടുമ്പ്രം, ചതുപ്പ്, പുളിക്കൻപാറ, പെരുമ്പെട്ടി എന്നിവിടങ്ങളിലായി 1,200 കുടുംബങ്ങൾ താമസമുണ്ട്. 1961ലെ വനനിയമത്തിനും 1893ലെ ട്രാവൻകൂർ ഫോറസ്റ്റ് ആക്ടിനും മുൻപ് അഞ്ചു തലമുറകളായി താമസിക്കുന്നവരാണിവർ. ബഹുനില കെട്ടിടങ്ങളും വെള്ളവും വെളിച്ചവും ഗതാഗതയോഗ്യമായ റോഡുകളുമെല്ലാം പിൽക്കാലത്ത് ഇവിടെയെത്തിയെങ്കിലും കൈവശക്കാർക്ക് പട്ടയം കിട്ടിയിട്ടില്ല.
പട്ടയത്തിന് തടസ്സം ‘ഒരേ നമ്പർ’
വനഭൂമിയുടെയും കൈവശഭൂമിയുടെയും സർവേ നമ്പർ ഒന്നായതാണ് പട്ടയം ലഭിക്കുന്നതിനു തടസ്സം. 1991ൽ വ്യത്യസ്ത സർവേ നമ്പറുകളിട്ടെങ്കിലും കോടതി രേഖകളിൽ അവ ചേർത്തിട്ടില്ല. വനം സെറ്റിൽമെന്റിലാണ്(1960) ഒരേ സർവേ നമ്പറുകൾ കൈവശഭൂമിക്കും വനഭൂമിക്കുമിട്ടത്. വനം സ്വന്തമാക്കാൻ ഇറങ്ങിയവരുടെ കുശാഗ്ര ബുദ്ധി ഇതിനു പിന്നിലുണ്ടെന്നാണ് സംശയം. ഒരേ നമ്പറിട്ടാൽ വനത്തിൽ അവകാശം ലഭിക്കുമെന്ന് അവർ കണക്കൂകൂട്ടി.
ചെറുത്തു നിൽപ്പുമായി വനസംരക്ഷണ സമിതി
കോടതിയിൽ കേസുകൾ നിലനിൽക്കുമ്പോൾ തന്നെ വനം സ്വന്തമാക്കാൻ പലരും പെരുമ്പെട്ടിയിലെത്തിയിരുന്നു. വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും അവരുടെ സ്വാധീനമെത്തിയിരുന്നു. വനസംരക്ഷണ സമിതിക്കാരുടെ ചെറുത്തു നിൽപിലാണ് അവരെയെല്ലാം നേരിടാനായത്. വീണ്ടും വനം സംരക്ഷിക്കാനായി സമിതിയുടെ നേതൃത്വത്തിൽ നാട് രംഗത്തിറങ്ങിയിരിക്കുകയാണ്. കൂട്ടായ പരിശ്രമം വിജയിത്തിലെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ജൈവവൈവിധ്യ കലവറ
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് പൊന്തൻപുഴ വനം. ശതകോടികളുടെ വന സമ്പത്തു മാത്രമല്ല ടൂറിസം വികസനത്തിനു സാധ്യത ഏറിയ വനഭൂമി കൂടിയാണിത്. നിബിഡ വനങ്ങളിൽ കാണുന്ന എല്ലാ വൃക്ഷങ്ങളും ഇവിടെ തഴച്ചു വളരുന്നുണ്ട്. ഈട്ടിയും തേക്കും മഹാഗണിയും വേങ്ങയും ആഞ്ഞിലിയും കാരാഞ്ഞിലിയും ഇരുളും കടമരവും അവയിൽ ചിലതു മാത്രം.നൂറ്റാണ്ടുകൾ പഴക്കമുള്ള വനമേഖലയിൽ ശബരിമല പൂങ്കാവനത്തിൽ കാണുന്ന സസ്യസമ്പത്തുകളെല്ലാമുണ്ട്. നിത്യഹരിത പുഷ്പങ്ങളും വെളിച്ചം കടക്കാത്ത വള്ളിപ്പടർപ്പുകളും പൊന്തൻപുഴയെ വേറിട്ടു നിർത്തുന്നു.
ആനയും കടുവയുമില്ല; മലയണ്ണാന്റെ തട്ടകം
ആനയും കടുവയും കാട്ടുപോത്തും പുലിയും ഇവിടെയില്ലെങ്കിലും പന്നിയും മലയണ്ണാനും കുറുക്കനും അടക്കമുള്ള മൃഗങ്ങൾ വനത്തിൽ വിഹരിക്കുന്നതു കാണാം. ഇടക്കാലത്ത് വനംവകുപ്പ് ബീഡിയില നട്ടിരുന്നെങ്കിലും സംരക്ഷണമില്ലാത്തതു മൂലം നശിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും വനത്തിലുണ്ട്. കുളങ്ങളും തോടുകളുമുണ്ട്. വനം നശിക്കാതെ കിടക്കുന്നതു മൂലമാണ് ചുറ്റുമുള്ള പ്രദേശങ്ങളിൽ കടുത്ത വേനലിലും ജലക്ഷാമം നേരിടാത്തത്.