കേട്ടുകേൾവിപോലുമില്ലാത്ത രോഗഭീതിയിലാണു കേരളം. വവ്വാലുകളിൽ നിന്നു പടരുന്ന നിപ്പ വൈറസുണ്ടാക്കുന്ന പനിയാണ് വില്ലൻ. അപൂർവ രോഗത്തെ പ്രതിരോധിക്കാനുള്ള കഠിന ശ്രമത്തിലാണു സർക്കാരും ആരോഗ്യ പ്രവർത്തകരും. പഴംതീനി വവ്വാലുകളിലാണ് (ഫ്രൂട്ട് ബാറ്റ്) നിപ്പ വൈറസ് കാണപ്പെടുന്നതെങ്കിലും പേരാമ്പ്രയിൽ കണ്ടെത്തിയവ മാംസഭോജികളായ ചെറിയ നരിച്ചീറുകളാണ് (മെഗാഡെർമ സ്പാസ്മ). ഇവയിലും വൈറസ് ബാധ എത്തിയിട്ടുണ്ടോ എന്ന സംശയമാണു വിദഗ്ധർ ഉന്നയിക്കുന്നത്. വവ്വാലുകളുടെ രക്തപരിശോധനാഫലം ലഭിച്ചാലേ സ്ഥിരീകരണമാകൂ.
വൈറസ് ഉണ്ടെങ്കിലും വവ്വാലിന് രോഗമില്ല !
വവ്വാലുകളിലൂടെ പല കാലങ്ങളിലായി അറുപതിലേറെ വൈറസുകൾ പരന്നിട്ടുണ്ടെന്നു പല രാജ്യങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ശാരീരിക പ്രത്യേകതകളും രോഗപ്രതിരോധ ശേഷിയുംമൂലം ഇവയിൽ വൈറസുകൾ പ്രവർത്തിക്കില്ലെന്നു ബെയ്ജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ ഗവേഷകനായ ശ്രീഹരി രാമൻ ചൂണ്ടിക്കാട്ടുന്നു. ദേശാടനപ്പക്ഷികളിൽ രോഗവാഹകരുണ്ടെങ്കിലും പലപ്പോഴും അവയും ചത്തൊടുങ്ങാത്തത് ഇതേ കാരണത്താലാണ്. കേരളത്തിൽ അൻപതിലധികം തരം വവ്വാലുകളുണ്ട്. ഇവയിൽ ആറെണ്ണമാണു പഴംതീനി വവ്വാലുകൾ. ഇതിൽ മൂന്നെണ്ണം നാട്ടിൽ സർവസാധാരണമാണെന്നും ശ്രീഹരി പറഞ്ഞു.
ചെറിയ നരിച്ചീർ
മെഗാഡെർമ സ്പാസ്മ എന്നു ശാസ്ത്രനാമം. ലെസ്സർ ഫോൾസ് വാംപയർ എന്നും അറിയപ്പെടും. ∙ വലിയ നരിച്ചീറിന്റെ ചെറുപതിപ്പ്. ഇരുണ്ട ചാരനിറം. നീളൻ ചെവികൾ ചുവട്ടിൽ ചേർന്നിരിക്കുന്ന നിലയിലാണ്.
വലുപ്പം 5.4 – 8.1 സെന്റിമീറ്റർ ∙
ഇന്ത്യയിൽ ഇവിടെയൊക്കെ
കേരളം, ഗോവ, മഹാരാഷ്ട്ര തീരങ്ങൾ, ആൻഡമാൻ ദ്വീപുകൾ. ഈർപ്പമുള്ള കാടുകൾ, ഗുഹകൾ, കിണറുകൾ എന്നിവിടങ്ങളിലാണു താമസം.
ഏതെല്ലാം വഴികളിലൂടെയാണ് നിപ്പാ വൈറസ് പകരുന്നത്
∙ ടെറൊപോഡിഡേ കുടുംബത്തിൽപ്പെട്ട, ടെറോപസ് ജനുസിലെ, പഴങ്ങൾ തിന്നു ജീവിക്കുന്ന തരം വവ്വാലുകളാണ് വൈറസിന്റെ പ്രധാന വാഹകർ
∙ വവ്വാലുകളിൽനിന്നു മൃഗങ്ങളിലേക്ക് കടിയിലൂടെ വൈറസെത്താം.
∙ മൃഗങ്ങളിൽനിന്നു മറ്റു മൃഗങ്ങളിലേക്ക് സ്രവങ്ങളിലൂടെ.
∙ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് സ്രവങ്ങളിലൂടെ– (പ്രധാനമായും വളർത്തു മൃഗങ്ങൾ വഴി)
∙ വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് (വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ)
∙ വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് (തുറന്നുവച്ച ചെത്തു കള്ളിൽ വവ്വാൽ കാഷ്ഠവും മറ്റും വീഴുന്നതിലൂടെ)
∙ വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക്– (വവ്വാൽ കാഷ്ഠം വീണ കിണർ വെള്ളത്തിലൂടെ)
∙ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)
ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് ചങ്ങരോത്ത് അപൂർവ വൈറസ് രോഗം ബാധിച്ച് മൂന്നു പേർ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി ചികിത്സ തേടി എത്തുന്നവരെ വിശദ പരിശോധനയ്ക്കു വിധേയരാക്കും. ഒപ്പം നിരീക്ഷണവും തുടരും. വൈറസ് മുഖേനയും ബാക്ടീരിയ വഴിയും മസ്തിഷ്കജ്വരം പടരും. വവ്വാൽ, ദേശാടനപ്പക്ഷികൾ, പന്നി തുടങ്ങിയവയിലൂടെ രോഗകാരണമായ വൈറസുകൾ മനുഷ്യശരീരത്തിൽ എത്താൻ സാധ്യതയുണ്ട്.
കോഴിക്കോട് ചങ്ങരോത്ത് കണ്ടെത്തിയ പനി വൈറസ് രോഗമാണെന്നാണു പ്രാഥമിക നിഗമനം.ജില്ലയിൽ മുൻവർഷങ്ങളിൽ മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നു ജില്ലയിലെത്തിയവരിലാണു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ജില്ലയിൽ വവ്വാൽ, ദേശാടനപ്പക്ഷികൾ എന്നിവയുടെ സാന്നിധ്യം സ്ഥിരമാണ്. പന്നി വളർത്തലും ഉണ്ട്. കാട്ടുപന്നി ശല്യവും രൂക്ഷമാണ്.
മസ്തിഷ്കജ്വരം സാവധാനത്തിൽ മാത്രമേ പടരൂ എങ്കിലും ചങ്ങരോത്തു കണ്ടെത്തിയ പനി പെട്ടെന്നു വ്യാപിക്കുന്നതാണ്. മരിച്ചവരുടെ സ്രവ സാംപിളുകൾ വിശദ പരിശോധനയ്ക്കായി പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.ജില്ലയിൽ ഇതുവരെ ഇത്തരം രോഗബാധ കണ്ടെത്തിയിട്ടില്ലെങ്കിലും മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ സ്രവങ്ങൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയക്കാനാണ് ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദേശം.
മുൻകരുതൽ
ശ്വാസതടസ്സം, കടുത്ത തലവേദന, പനി, ചുമ എന്നിവയാണു മസ്തിഷ്ക ജ്വരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഭയപ്പെടാനില്ലെങ്കിലും പനി ബാധിതർ സ്വയം ചികിത്സയ്ക്കു മുതിരാതെ ഉടനടി ഡോക്ടറുടെ സേവനം തേടണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചു. സർക്കാർ ആശുപത്രികളിൽ പരിശോധനയ്ക്കാവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. വവ്വാലുകളിൽ നിന്ന് വൈറസ് ബാധയ്ക്കു സാധ്യത ഉള്ളതിനാൽ ഇവ കടിച്ച മാങ്ങ, പേരയ്ക്ക തുടങ്ങിയ ഫലങ്ങൾ ഒഴിവാക്കുക.
അമ്പലപ്പറമ്പുകളിലെയും മറ്റും ആൽമരങ്ങൾ, പാലമരങ്ങൾ ഇവയൊക്കെ വവ്വാലുകളുടെ ‘പകൽവീടു’ കളാണ്.നല്ല തണൽ ലഭിക്കുന്നതും ഉയരമുള്ളതും മറ്റു ശല്യങ്ങളില്ലാത്തതുമായ മരങ്ങളാണ് വവ്വാലുകളുടെ ഇഷ്ടവീടുകൾ. തൂങ്ങിക്കിടക്കാൻ കഴിയുംവിധം ബലമുള്ള ചില്ലകളുള്ള മരങ്ങളാണു തിരഞ്ഞെടുക്കുക.
വീണുകിടക്കുന്ന പഴത്തിൽ കണ്ണുവേണ്ട!
∙ വവ്വാലുകളുടെ സ്രവങ്ങളിൽ നിപ്പ വൈറസുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീണുകിടക്കുന്ന മാമ്പഴങ്ങൾ, പക്ഷികൾ കടിച്ച പാടുള്ള വാഴപ്പഴം, വീണുകിടക്കുന്ന സപ്പോട്ട, പേരയ്ക്ക, ഞാവൽപ്പഴങ്ങൾ ഇവയൊന്നും കഴിക്കാൻ പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം. ഗവ. മെഡിക്കൽ കോളജ് മുറ്റത്തെ ഞാവൽമരത്തിന്റെ ചുവട്ടിൽനിന്നു പലരും ഞാവൽപഴം പെറുക്കി തിന്നാറുണ്ട്. ഇത് ഒഴിവാക്കണമെന്ന ബോർഡ് വയ്ക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ
‘ശത്രുക്കളായി കാണേണ്ട’
നിപ്പ വൈറസിനെക്കുറിച്ചുള്ള ആശങ്കയിൽ വവ്വാലുകളെ ബലിയാടുകളാക്കേണ്ടതില്ലെന്നും അവയെ ഓടിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും ഫോറസ്ട്രി കോളജിലെ പ്രഫസർ പി.ഒ.നമീർ പറയുന്നു. നിപ്പാ വൈറസ് വവ്വാലിൽ ഉണ്ടാവുന്നതല്ല. വവ്വാൽ ഈ വൈറസിനെ കൈമാറ്റം ചെയ്യുന്ന ‘കാരിയർ’ മാത്രമാണ്. അത്തരം കാരിയറുകൾ വേറെയുമുണ്ടാകാം. വീണുകിടക്കുന്ന പഴങ്ങളൊക്കെ ധൈര്യമായി എടുത്തു തിന്നുന്ന ശീലം ഇപ്പോൾ അപകടകരമായേക്കാമെന്നു മാത്രം.’’