ടു സ്റ്റെപ്സ് അഥവാ രണ്ടടി എന്നറിയപ്പെടുന്ന വിഷമാണ് ആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ടയിലും കെനിയയിലും മാത്രം കണ്ടു വരുന്ന മരം കയറുന്ന സിംഹങ്ങള്‍ക്ക് ഭീഷണിയാകുന്നത്. മനുഷ്യര്‍ ഇത് കഴിച്ചാല്‍ രണ്ടടി മുന്നോട്ടു വയ്ക്കുന്ന സമയം കൊണ്ട് മരിച്ചു വീഴും. ഇതില്‍ നിന്നാണ് അല്‍ദി കാര്‍ബ് എന്ന ഈ കീടനാശിനിക്ക് രണ്ടടി എന്ന പേര് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ മനുഷ്യര്‍ രണ്ടടി ഉപയോഗിക്കുന്നത് സിംഹങ്ങള്‍ക്കെതിരെയാണ്.
ചത്ത കന്നുകാലികളുടെ മേല്‍ ഈ കീടനാശിനി അടിച്ച ശേഷം അവയെ കാട്ടില്‍ ഉപേക്ഷിക്കും. ഇതു ഭക്ഷിക്കുന്ന സിംഹങ്ങളാകട്ടെ വിഷം അകത്തുചെന്ന് പതിയെ മരണത്തിനു കീഴടങ്ങും. സിംഹങ്ങളും സിംഹക്കുട്ടികളും ഇങ്ങനെ ചത്തുവീഴും. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കെനിയയിലെ മസായി മാറയിലും ടാന്‍സാനിയയിലെ സെരന്‍ഗറ്റി ദേശീയ പാര്‍ക്കിലും ഉഗാണ്ടയിലെ ക്യൂന്‍ എലിസബത്ത് ദേശീയ പാര്‍ക്കിലുമായി കൊല്ലപ്പെട്ടത് ഇരുപതോളം സിംഹങ്ങളാണ്.
തങ്ങളുടെ കന്നുകാലികളെ വേട്ടയാടുന്നതിനുള്ള പ്രതികാരമാണ് സിംഹങ്ങളെ ഇത്തരത്തില്‍ കൊല്ലാന്‍ പ്രദേശവാസികളെ പ്രേരിപ്പിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത് പരിഗണിച്ച് മുന്‍പ് ഉപയോഗിച്ചിരുന്ന വിഷം പലതും നിരോധിച്ചവെങ്കിലും ഇവര്‍ ലഭ്യമാകുന്ന പുതിയ കീടനാശിനികളിലേക്ക് മാറിയതോടെ ആ നീക്കം പരാജയപ്പെട്ടു. കൊല്ലപ്പെടുന്ന കന്നുകാലികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടും കന്നുകാലി തൊഴുത്തുകളുടെ സുരക്ഷ വർധിപ്പിച്ചിട്ടും സിംഹങ്ങള്‍ കൊല്ലപ്പെടുന്നത് ഇപ്പോഴും തുടർക്കഥയാണ്.
അതിനാല്‍ തന്നെ കന്നുകാലികളെ കൊല്ലുന്നത് മാത്രമാണോ ഗ്രാമീണരെ സിംഹങ്ങളെ കൊല്ലന്‍ പ്രേരിപ്പിക്കുന്നതിന് കാരണമാകുന്നതെന്നതിനെക്കുറിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ കന്നുകാലികളുടെ ശവത്തില്‍ വിഷം പുരട്ടുന്നതിനാല്‍ സിംഹങ്ങള്‍ മാത്രമല്ല കഴുകന്‍മാരും കഴുതപ്പുലികളുമെല്ലാം ഇത്തരത്തില്‍ കൊല്ലപ്പെടുന്നുണ്ട്. ഈ ജീവികളുടെ ശവങ്ങള്‍ ഭക്ഷിക്കുന്ന കുറുക്കന്‍മാരും വിഷബാധയേറ്റ് ചാകുന്നത് പതിവാണ്.
അതേസമയം ഈ വിഷം ഏറ്റവുമധികം ബാധിക്കുന്നത് മരം കയറുന്ന സിംഹങ്ങളെ തന്നെയാണ്. അടുത്തിടെ മൂന്ന് സിംഹങ്ങള്‍ കൂടി കൊല്ലപ്പെട്ടതോടെ കെനിയയിലെ ഉഗാണ്ടയില്‍ ഇനി ഈ വിഭാഗത്തിലെ 17 സിംഹങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ വിഷം നല്‍കി സിംഹങ്ങളെ കൊല്ലുന്ന രീതി ഈ സിംഹങ്ങളെ വംശനാശത്തിലേക്ക് തള്ളിവിടുമോ എന്നതാണ് ആശങ്കയുളവാക്കുന്ന കാര്യം.
അതുകൊണ്ട് തന്നെ കന്നുകാലികളെ കൊല്ലുന്നതിനുള്ള പ്രതികാരം എന്നതിനപ്പുറം മറ്റ് കാര്യങ്ങള്‍ കൂടി സിംഹങ്ങളെ കൊല്ലാന്‍ ഗ്രാമീണരെ പ്രേരിപ്പിക്കുന്നുണ്ടോ എന്നാണ് ഇപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നത്. ടൂറിസത്തിലെ വരുമാനം പങ്കു വയ്ക്കാത്ത സര്‍ക്കാരിനോടുള്ള പ്രതിഷേധം ഇത്തരത്തില്‍ ഒരു കാരണമാണെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ മന്ത്രവാദത്തിനും മരുന്നിനും മറ്റുമായി സിംഹത്തിന്റെ ശരീരഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഇത്തരത്തില്‍ ഇവയെ വിഷം നല്‍കി കൊലപ്പെടുത്തുന്നതെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്.
ഏതായാലും വ്യാപകമായ ഭീഷണിയാണ് ആഫ്രിക്കയിലെ സിംഹങ്ങള്‍ ഇപ്പോഴും നേരിടുന്നത്. മൂന്ന് പതിറ്റാണ്ട് മുന്‍പ് ഒരു ലക്ഷം സിംഹങ്ങളുണ്ടായിരുന്ന ആഫ്രിക്കന്‍ വനങ്ങളിൽ ഇപ്പോള്‍ അവശേഷിക്കുന്നത് ഇരുപതിനായിരം സിംഹങ്ങള്‍ മാത്രമാണ്.