കുട്ടനാട്ടിൽ നിന്നു 13000 ഹെക്ടർ പാടശേഖരങ്ങൾ കാണാതായി. രാജ്യാന്തര കായൽനില ഗവേഷണ കേന്ദ്രം അടുത്തിടെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രളയജലത്തെ പിടിച്ചുനിർത്തുന്ന പാടശേഖരങ്ങൾ ഇല്ലാതായതും ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിനു കാരണമാണ്. കുട്ടനാടിന്റെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് അടുത്തുതന്നെ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിക്കു നൽകും.
കൃഷി ഉപേക്ഷിച്ചതോടെ രൂപമാറ്റം വരികയോ മറ്റ് ആവശ്യങ്ങൾക്കായി നികത്തുകയോ ചെയ്തതാണ് പാടശേഖരം ഇല്ലാതായതിനു കാരണമെന്നാണു കരുതുന്നത്. നേരത്തേ 60000ൽ ഏറെ ഹെക്ടർ നിലമാണു കുട്ടനാട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ 47000 ഹെക്ടറിൽ താഴെയാണു നിലം. 1934നു ശേഷം 20000 ഹെക്ടർ പാടശേഖരങ്ങളാണ് കുട്ടനാട്ടിൽ കുത്തിയെടുത്തത്. കായൽ രാജാവ് മുരിക്കന്റെ നേതൃത്വത്തിൽ കുത്തിയെടുത്തത് ഈ 20000 ഹെക്ടറിൽ ഉൾപ്പെടുന്നു. ഇപ്പോൾ 13000 ഹെക്ടർ വീണ്ടും കുറഞ്ഞു. കരപ്പാടങ്ങൾക്കും കരിപ്പാടങ്ങൾക്കുമാണു കൂടുതലായും രൂപമാറ്റം വന്നിട്ടുള്ളത്.
മഴ കൂടിയതിനു പുറമേ പാടശേഖരങ്ങളുടെ ജലവാഹക ശേഷിയും കുറഞ്ഞു. തണ്ണീർമുക്കം ബണ്ട് മൂലം കായലിൽ മണ്ണടിഞ്ഞു നികന്നതും ജലവാഹക ശേഷി കുറയുന്നതിനു കാരണമായി. ഇക്കാരണങ്ങളും ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിനു കളമൊരുക്കി.