വലിയൊരു വിഭാഗം മനുഷ്യരും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെത്തി നില്‍ക്കുമ്പോഴും ഇനിയും ശിലായുഗം പിന്നിടാത്ത മനുഷ്യർ ഇന്നും ഭൂമിയിലുണ്ട്. ഇവരില്‍ തന്നെ ഏറ്റവും ഒറ്റപ്പെട്ട വിഭാഗമാണ് ആൻഡമാനിന്റെ ഭാഗമായ സെന്റിനല്‍ ദ്വീപിലെ അന്തേവാസികളായ ഗോത്രവര്‍ഗ്ഗക്കാര്‍. 27 കാരനായ യുഎസ് പൗരനെ അമ്പെയ്തു കൊന്നതോടെ സെന്റിനെൽസെകാര്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ലോക ശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ്. യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലൻ ചൗ) ആണ് കഴിഞ്ഞ ദിവസം സെന്റിനലി ഗോത്രക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് മൽസ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 14നാണ് ചൗ, മൽസ്യത്തൊഴിലാളികളുടെ ബോട്ടിൽ ദ്വീപിനു സമീപമെത്തിയത്. എന്നാൽ പവിഴപ്പുറ്റുകൾ ഉള്ളതിനാൽ തീരത്തേയ്ക്ക് ബോട്ട് അടുപ്പിക്കാനായില്ല. പിറ്റേന്നു ചെറുവള്ളത്തിൽ ചൗ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. ദ്വീപ് നിവാസികൾ അമ്പെയ്യുന്നതു കണ്ടെങ്കിലും ചൗ യാത്ര തുടരുകയായിരുന്നുവെന്ന് ആൻഡമാൻ നിക്കോബാർ ഡിജിപി ദീപേന്ദ്ര പതക് മാധ്യമങ്ങളോടു പറഞ്ഞു.
മറ്റു മനുഷ്യര്‍ പുരോഗമന പാതയിലൂടെ കുതിച്ചു പായുമ്പോൾ ഇന്നും ഇലകളും തോലുകളും കൊണ്ടു ശരീരം മറച്ച്, അമ്പു കൊണ്ടും കുന്തം കൊണ്ടും വേട്ടയാടി ആധുനിക മനുഷ്യന്റെ സാങ്കൽപിക കഥകളിലെന്ന പോലെ ജീവിക്കുന്നവരാണ് ഈ ഗോത്ര വർഗക്കാര്‍. അതിനാല്‍ തന്നെ ദ്വീപിലേക്കെത്തുന്നതിനും ഈ ഗോത്രവർഗക്കാരുമായി ഇടപഴകുന്നതിനും അധികൃതര്‍ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. മറ്റു മനുഷ്യരുമായുള്ള സാമീപ്യം ഇവരെ പെട്ടെന്ന് അനോരോഗ്യത്തിലേക്കു തള്ളിവിട്ടേക്കാമെന്നതും, ഗോത്രവര്‍ക്കാരെ അവരുടെ സ്വൈര്യജീവിതത്തിനു വിടുക എന്ന ലക്ഷ്യവുമാണ് ഈ വിലക്കിനു പിന്നില്‍. ഈ വിലക്ക് അറിഞ്ഞോ അറിയാതയോ മറികടന്നു പോയവരില്‍ പലരും ജോണ്‍ അലന്‍ ചൗ എന്ന അമേരിക്കക്കാരനെ പോലെ മടങ്ങി വരാത്തവരാണ്. അടുത്തിടെ ഈ വിലക്കു പിന്‍വലിച്ചതും വിവാദമായിട്ടുണ്ട്.
ചരിത്രത്തിലെ സെന്റിനൽ ഗോത്രക്കാര്‍
ആധുനിക മനുഷ്യനെഴുതിയ ചരിത്രത്തില്‍ സെന്റിനൽ ഗോത്രക്കാര്‍ കയറി വരുന്നതു പതിനെട്ടാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷുകാരാണ് സെന്റിനലുകാരെ പറ്റി ആദ്യമായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്. അന്ന് സെന്റിനലുകാര്‍ വലിയ അത്ഭുതമായിരുന്നില്ല. കാരണം ആമസോണിലും ആഫ്രിക്കയിലും എല്ലാം ഇതേ രീതിയില്‍ ജീവിക്കുന്നവര്‍ ധാരാളമായി ഉണ്ടായിരുന്നു. അന്ന് രേഖപ്പെടുത്തിയ സെന്റിനലുകാരുടെ എണ്ണം 8000 ആണ്.
എന്നാല്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ലോകം ഒരുപാടു മുന്നോട്ടു സഞ്ചരിച്ചു. അതുകൊണ്ട് തന്നെ വികസന കുതിപ്പില്‍ പായുന്ന ആധുനിക മനുഷ്യന് സെന്റിനലുകാര്‍ ഇന്ന് അദ്ഭുതമാണ്. ഒരു പക്ഷെ വിചിത്ര ജീവികളാണ്. സര്‍ക്കാര്‍ വിമാനങ്ങള്‍ മുഖേനയെടുത്ത ഫൊട്ടോഗ്രാഫുകള്‍ പ്രകാരം ഇന്ന് സെന്റിനലില്‍ ശേഷിക്കുന്നത് പതിനഞ്ചു പേരാണ്. എന്നാല്‍ സെന്റിനല്‍ ദ്വീപിനെ അടുത്തറിയാവുന്ന ഗവേഷകരും സഞ്ചാരികളും പറയുന്നത് ഈ ഗോത്രവർഗക്കാരുടെ എണ്ണം നൂറ്റി അന്‍പതോളം വരുമെന്നാണ്. എങ്കിലും പതിനെട്ടാം നൂറ്റാണ്ടിലെ കണക്കു വിശ്വസിച്ചാല്‍ എണ്ണായിരത്തില്‍ നിന്നും നൂറ്റി അൻപതിലേക്കുള്ള പതനം അവര്‍ നേരിടുന്ന നിലനിൽപിനുള്ള ഭീഷണിയുടെ കൂടി തെളിവാണ്.
ജീവിത രീതി
പരിമിതായ അറിവുകള്‍ പ്രകാരം ഗുഹാമനുഷ്യരെ പോലെ വേട്ടയാടി ചുട്ടു തിന്നുന്ന ഗോത്രവർഗമാണ് സെന്റിനലുകാര്‍. അപരിചിതമായ എന്തിനെയും ആരെയും അവര്‍ ആക്രമിക്കും. ഈ ഭീഷണിയെ മറികടന്നു വിരലില്‍ എണ്ണാവുന്നവര്‍ക്കു മാത്രമെ സെന്റിനലുകാരോട് ഇടപഴകാനായിട്ടുള്ളു. ഭൂരിഭാഗം പേരും ഭയന്നു തിരിച്ചു വന്നപ്പോള്‍ ജോണിനെ പോലെ ചിലര്‍ മരിച്ചു വീണു. 2006 ലാണ് ദ്വീപിലേക്കു വഴിതെറ്റിയെത്തിയ രണ്ടു പേരെ അവസാനമായി സെന്റിനലുകാര്‍ വകവരുത്തിയത്.
തീരത്തേക്കടുക്കുമ്പോഴേക്കും ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും നേരെ അമ്പെയ്യുന്നതാണ് ഇവരുടെ പ്രതിരോധ രീതി. അതുകൊണ്ട് തന്നെ ദ്വീപിലേക്കടുക്കാന്‍ പോലും പുറത്തു നിന്നുള്ളവര്‍ക്ക് കഴിയില്ല. വിമാനങ്ങള്‍ക്കു നേരെയും ഇവര്‍ അമ്പെയ്ത് ആക്രമണങ്ങള്‍ നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇത്രയധികം അക്രമകാരികളായ ദ്വീപ് നിവാസികളോട് അടുത്തിടപഴകിയ ഒരേയൊരു ഇന്ത്യക്കാരന്‍ നരവംശ ശാസ്ത്രജ്ഞനായ ടി.എൻ പണ്ഡിറ്റ് ആണ്.
നാളികേരവും ഇരുമ്പും ഇഷ്ടപ്പെടുന്നവര്‍
സെന്റിനല്‍ നിവാസികളെ താന്‍ കയ്യിലെടുത്ത കഥ ടിഎന്‍ പണ്ഡിറ്റ് പറയുന്നത് ഇങ്ങനെയാണ്. ഇപ്പോള്‍ 83 കാരനായ ടിഎന്‍ പണ്ഡിറ്റ് രണ്ട് തവണയാണ് ദ്വീപ് സന്ദര്‍ശിച്ചത്. പല തവണ ശ്രമം നടത്തിയെങ്കിലും 1966 ലും 1991 ലും മാത്രമാണ് ശ്രമം വിജയിച്ചത്. രണ്ട് തവണയും സഹായത്തിനെത്തിയത് നാളികേരവും ഇരുമ്പ് കഷണങ്ങളുമാണ്. ആന്‍ഡമാനിന്റെ ഭാഗമാണെങ്കിലും ദ്വീപില്‍ നാളികേരം ലഭ്യമല്ല. അത് കൊണ്ടുതന്നെ നാളികേരം നല്‍കി ദ്വീപ് നിവാസികളെ അനുനയിപ്പിക്കാനുള്ള ശ്രമം ഇടയ്ക്കിടെ വിജയിക്കാറുണ്ടെന്ന് ടി.എന്‍ പണ്ഡിറ്റ് പറയുന്നു. ഇരുമ്പ് കഷണങ്ങളിലും അവര്‍ക്ക് താൽപര്യമുണ്ട്. പുതിയ അമ്പുകള്‍ നിര്‍മ്മിക്കാന്‍ ഇരുമ്പ് കഷണങ്ങള്‍ അവര്‍ക്കു സഹായകരമാകും എന്നതാണ് ഇതിനു കാരണം.
ആന്ത്രപോളജിക്കല്‍ സർവെ ഇന്ത്യയുടെ പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു പണ്ഡിറ്റിന്റെയും സംഘത്തിന്റെയും യാത്ര. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളെയും കൂട്ടിയാണ് ദ്വീപിലേക്കു പോയത്. അമ്പെത്തുന്ന ദൂരത്തിനും അകലെ വള്ളം നിര്‍ത്തുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് നാളികേരം ഉയര്‍ത്തിക്കാണിക്കും. സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ വെള്ളത്തിലേക്ക് ഇറങ്ങി വരും. തുടര്‍ന്ന് ബോട്ടില്‍ വരുന്നവരില്‍ നിന്ന് ഇവര്‍ സമ്മാനങ്ങള്‍ വാങ്ങും. ഇവര്‍ നാളികേരവും മറ്റും വാങ്ങുന്നതിന്റെ ചിത്രങ്ങളും പണ്ഡിറ്റ് സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ദ്വീപ് നിവാസികള്‍ക്ക് വേണ്ടത് സ്വൈര്യ ജീവിതം.
ദ്വീപ് നിവാസികളെ ആധുനിക വൽക്കരിക്കാനും മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കാനും ശ്രമിക്കുന്നവരോട് പണ്ഡിറ്റ് ഉള്‍പ്പടെയുള്ളവര്‍ പറയുന്നത് ഒരു കാര്യമാണ്. അവരെ ശല്യപ്പെടുത്താതിരിക്കുക. സ്വന്തം ജീവിത ശൈലിയുമായി അവര്‍ ആഗ്രഹിക്കുന്ന കാലത്തോളം മുന്നോട്ടു പോകാന്‍ അവര്‍ക്കു കഴിയണം. അവരുടെ സംരക്ഷണം ഉറപ്പാക്കുക എന്നതു മാത്രമാണ് പുറത്തു നിന്നു ചെയ്യാന്‍ കഴിയുന്ന ഏക കാര്യം. ജോണിനെ പോലുള്ളവര്‍ സംരക്ഷിത മേഖലയിലേക്കു കടന്നു കയറുന്നത് തടയേണ്ടത് ഈ സംരക്ഷണത്തിന് അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.