ഭൂമിയെക്കുറിച്ചു നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ ഒന്നുണ്ട്, ഭൂമിയിലെ കരഭാഗം മുഴുവന്‍ പാന്‍ജിയ എന്ന ഒറ്റ വന്‍കരയായിരുന്നു. പിന്നീട് കോടിക്കണക്കിനു വര്‍ഷങ്ങളിലൂടെ ഭൂമിയില്‍ നടന്ന പ്രതിഭാസങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ഇന്നു കാണുന്ന പല ഭൂഖണ്ഡങ്ങളായി കരഭാഗങ്ങളായി പാന്‍ജിയ വിഭജിക്കപ്പെട്ടത്. എന്നാല്‍ തുടങ്ങിയ സ്ഥലത്തേക്കു തന്നെ എല്ലാം തിരിച്ചെത്തുമെന്നാണു ഭൗമഗവേഷകര്‍ നടത്തിയ പുതിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിയിലെ വന്‍കരകളെല്ലാം വീണ്ടും ഒന്നിക്കുമെന്നും ഒരൊറ്റ ഭൂഖണ്ഡമായി ഇവ മാറുമെന്നും പഠനം പ്രവചിക്കുന്നു.
ഒറ്റ ഭൂഖണ്ഡമായി വന്‍കരകള്‍ രൂപപ്പെടാനുള്ള കാരണം
ഭൂമിയുടെ പുറം തോടെന്നു വിശേഷിപ്പിക്കാവുന്ന ക്രസ്റ്റ് പല പാളികളാല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എല്ലാ വര്‍ഷവും ഏതാനും സെന്‍റിമീറ്ററുകള്‍ ഈ പാളികള്‍ തെന്നി നീങ്ങുന്നുണ്ട്. ഇത്തരം തെന്നി നീങ്ങലിന്റെ ഫലമായാണ് ഏതാണ്ട് 31 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് പാന്‍ജിയ രൂപപ്പെട്ടത്. ഏതാണ്ട് 18 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഭൂഖണ്ഡം വിഘടിക്കാന്‍ ആരംഭിക്കുകയും കാലാന്തരേണ ഇന്നു കാണുന്ന സ്ഥിതിയിലേക്കു ഭൂമിയിലെ വന്‍കരകളെത്തുകയും ചെയ്തു.
ഗവേഷകരുടെ കണക്കുകൂട്ടലനുസരിച്ച് നാല്‍പ്പതു മുതല്‍ അറുപത് കോടി വരെ വര്‍ഷം കൂടുമ്പോഴാണ് ഒരിക്കല്‍ പിളര്‍ന്ന ശേഷം ക്രസ്റ്റിലെ പാളികള്‍ വീണ്ടും ഒത്തു ചേരുന്നത്. ഇതനുസരിച്ചാണ് അടുത്ത 15-20 കോടി വര്‍ഷത്തിനുള്ളില്‍ വന്‍കരകള്‍ കൂടിച്ചേരുമെന്നും പുതിയ ഭൂഖണ്ഡമായി ഇവ രൂപപ്പെടുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നത്. അതായത് ഒറ്റ വന്‍കര രൂപപ്പെടുന്നതിനുള്ള കാലയളവിന്‍റെ മധ്യത്തിലാണ് മനുഷ്യര്‍ രൂപപ്പെട്ട് ഇപ്പോള്‍ ജീവിക്കുന്നതെന്നു ചുരുക്കം.
ഒറ്റ വന്‍കരയുടെ രൂപപ്പെടലും അതിന്‍റെ സ്ഥാനവും
എവിടെ എങ്ങനായാകും ഒറ്റ വന്‍കര രൂപപ്പെടുക എന്ന ചോദ്യത്തിനു ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത് നാലു സാധ്യതകളാണ്. ഈ നാല് സാധ്യതകളിലും രൂപപ്പെടുന്ന വന്‍കരകള്‍ക്കു നാല് പേരുകളും ഗവേഷകര്‍ നല്‍കിയിട്ടുണ്ട്.
നോവോ പാന്‍ജിയ
ഈ സാഹചര്യത്തില്‍ രണ്ടു അമേരിക്കന്‍ ഭൂഖണ്ഡങ്ങളും അന്‍റാര്‍ട്ടിക്കയോടു കൂട്ടിമുട്ടും. ആര്‍ട്ടിക്കിന്‍റെ പരിസരത്തേക്കു നീങ്ങുന്ന ആഫ്രിക്ക യൂറേഷ്യയുമായി കൂട്ടി മുട്ടും. ഇന്ത്യന്‍ ഉപഭൂഖണ്ഡവും ചൈന ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയും ഓസ്ട്രേലിയയുമായി ചേര്‍ന്ന് ഈ രണ്ട് കൂടിച്ചേരലുകള്‍ക്കും ഇടയിലായി നില കൊള്ളും. ഈ ഘട്ടത്തില്‍ അന്‍റാര്‍ട്ടിക്കയുടെ തെക്കന്‍ പ്രദേശത്തായിരിക്കും അമേരിക്കയുടെ സ്ഥാനം.
പാന്‍ജിയ അള്‍ട്ടിമ
തെക്കുവടക്ക് അമേരിക്കകള്‍ നിലവിലെ സ്ഥാനത്തു നിന്ന് കാര്യമായി വ്യതിചലിക്കാതിരിക്കുന്നതാണ് ഈ സാധ്യതയിലേക്ക് നയിക്കുക. അങ്ങനെ വന്നാല്‍ ആദ്യ സാധ്യതയിലെന്ന പോലെ ആഫ്രിക്കയും യൂറേഷ്യയും ആര്‍ട്ടിക്കിനു സമീപം തന്നെ ഒന്നു ചേരും. ഇവരുടെ ഇടതു വശത്തായി വടക്കേ അമേരിക്കയുമുണ്ടാകും. വലത്തേ വശത്തുള്ള യുറേഷ്യയുടെ താഴെയായി ഇന്തോ ചൈനയും അതിന് കീഴിലായി ഓസ്ട്രേലിയയും വരും. ഓസ്ട്രേലിയേയും തെക്കേ അമേരിക്കയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂവിഭാഗമായി അന്‍റാര്‍ട്ടിക്കയെത്തും.
ഓറിക
ഓസ്ട്രേലിയയെ കേന്ദ്രീകരിച്ചായിരിക്കും ഔറികയുടെ രൂപീകരണം. ഏഷ്യ കിഴക്കു നിന്നും അമേരിക്കകള്‍ പടിഞ്ഞാറു നിന്നും ഓസ്ട്രേലിയയിലേക്ക് ചേരും. അന്റാര്‍ട്ടിക്ക തെക്കു നിന്ന് ഓസ്ട്രേലിയയിലേക്ക് നീങ്ങും. ആഫ്രിക്കയും യൂറേഷ്യയും ഒരുമിച്ച ശേഷം അവ അമേരിക്കയോടു ചേരും.
അമേസിയ
മുന്‍പു പറഞ്ഞ മൂന്നു സാധ്യതകളിലും എല്ലാ വന്‍കരകളും ഒരുമിച്ചു ചേരുമെങ്കില്‍ ഇതില്‍ അന്‍റാര്‍ട്ടിക്ക മാത്രം വിട്ടു നില്‍ക്കും. ആര്‍ട്ടിക് കേന്ദ്രീകരിച്ചായിരിക്കും ഈ ഭൂഖണ്ഡം രൂപപ്പെടുക. ആഫ്രിക്ക, യൂറേഷ്യ എന്നിവ നിലവിലെ സ്ഥാനത്തു തന്നെ ചെറിയ വ്യതിയാനങ്ങളോടെ തുടരും. ഇന്തോ ചൈന ഭാഗം മുകളിലേക്കുയര്‍ന്ന് യൂറേഷ്യയുടെ കിഴക്കേ ഭാഗത്തു ചേരും. യൂറേഷ്യയുടെ പഠിഞ്ഞാറേ ഭാഗത്തായിരിക്കും അമേരിക്കകള്‍ക്കു സ്ഥാനം. ഓസ്ട്രേലിയയ്ക്കാണ് ഈ രൂപത്തില്‍ വലിയ മാറ്റം സംഭവിക്കുക. ഓസ്ട്രേലിയയുടെ തെക്കന്‍ ധ്രുവത്തില്‍ നിന്നു മാറി വടക്കേ ധ്രുവത്തിലെത്തുകയും അമേരിക്കകളോടു ചേര്‍ന്നു പുതിയ ഭൂഖണ്ഡത്തിന്റെ ഭാഗമാകുകയും ചെയ്യും.
വന്‍കരകളുടെ രൂപപ്പെടലിനുള്ള സാധ്യതകളോടൊപ്പം ജീവവർഗങ്ങളുടെ നിലനില്‍പ്പുള്‍പ്പെടെ നിരവധി വെല്ലുവിളികളാണു ഭൂമിയെ കാത്തിരിക്കുന്നത്. ഈ രൂപാന്തരത്തിനിടെ ഭൂമിയുടെ കാലാവസ്ഥയും മാറിമറിയുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ മനുഷ്യനുള്‍പ്പെടെ ഇന്നുള്ള ജീവവർഗങ്ങള്‍ ഈ രൂപമാറ്റം കാണാന്‍ ബാക്കിയുണ്ടാകുമോയെന്നും വ്യക്തമല്ല.