കടുവകളെ തേടി കാട്ടിനകത്തേക്ക്... ഇത്തവണ കേരളം തികയ്ക്കുമോ ഡബിൾ സെഞ്ചുറി?
കൊച്ചി∙ ഡബിൾ സെഞ്ചുറി തികയ്ക്കുമോ കേരളത്തിലെ കടുവകൾ? സംസ്ഥാനത്തെ വനങ്ങളിൽ കടുവ സെൻസസ് പുരോഗമിക്കവേ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഇതിനു മുൻപു നടന്ന കണക്കെടുപ്പു 2018ലായിരുന്നു. ഇതു പ്രകാരം കേരളത്തിൽ ആകെ 190 കടുവകളാണുള്ളത്. യഥാർഥത്തിൽ ഇതിലേറെ കണ്ടേക്കാമെങ്കിലും ഔദ്യോഗിക കണക്കിൽ കടുവകളുടെ എണ്ണം ഇനിയും
കൊച്ചി∙ ഡബിൾ സെഞ്ചുറി തികയ്ക്കുമോ കേരളത്തിലെ കടുവകൾ? സംസ്ഥാനത്തെ വനങ്ങളിൽ കടുവ സെൻസസ് പുരോഗമിക്കവേ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഇതിനു മുൻപു നടന്ന കണക്കെടുപ്പു 2018ലായിരുന്നു. ഇതു പ്രകാരം കേരളത്തിൽ ആകെ 190 കടുവകളാണുള്ളത്. യഥാർഥത്തിൽ ഇതിലേറെ കണ്ടേക്കാമെങ്കിലും ഔദ്യോഗിക കണക്കിൽ കടുവകളുടെ എണ്ണം ഇനിയും
കൊച്ചി∙ ഡബിൾ സെഞ്ചുറി തികയ്ക്കുമോ കേരളത്തിലെ കടുവകൾ? സംസ്ഥാനത്തെ വനങ്ങളിൽ കടുവ സെൻസസ് പുരോഗമിക്കവേ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഇതിനു മുൻപു നടന്ന കണക്കെടുപ്പു 2018ലായിരുന്നു. ഇതു പ്രകാരം കേരളത്തിൽ ആകെ 190 കടുവകളാണുള്ളത്. യഥാർഥത്തിൽ ഇതിലേറെ കണ്ടേക്കാമെങ്കിലും ഔദ്യോഗിക കണക്കിൽ കടുവകളുടെ എണ്ണം ഇനിയും
ഡബിൾ സെഞ്ചുറി തികയ്ക്കുമോ കേരളത്തിലെ കടുവകൾ? സംസ്ഥാനത്തെ വനങ്ങളിൽ കടുവ സെൻസസ് പുരോഗമിക്കവേ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഇതിനു മുൻപു നടന്ന കണക്കെടുപ്പു 2018ലായിരുന്നു. ഇതു പ്രകാരം കേരളത്തിൽ ആകെ 190 കടുവകളാണുള്ളത്. യഥാർഥത്തിൽ ഇതിലേറെ കണ്ടേക്കാമെങ്കിലും ഔദ്യോഗിക കണക്കിൽ കടുവകളുടെ എണ്ണം ഇനിയും 200 കടന്നിട്ടില്ല. കഴിഞ്ഞ സെൻസസുകളിലെല്ലാം കടുവകളുടെ എണ്ണം നേരിയ തോതിലെങ്കിലും ഉയരുകയായിരുന്നു. അതുകൊണ്ടു തന്നെ ഇക്കുറി തീർച്ചയായും കടുവകൾ ഇരുന്നൂറിന്റെ പടിതാണ്ടുമെന്നാണു വനംവകുപ്പിന്റെയും സംസ്ഥാനത്തെ വനം പരിസ്ഥിതിസ്നേഹികളുടെയും പ്രതീക്ഷ. 2014, 2018 സെൻസസുകളുടെ ഇടവേളയിൽ രാജ്യത്തു കടുവകളുടെ എണ്ണം 33 ശതമാനത്തിലേറെ വർധിച്ചിരുന്നുവെന്ന വസ്തുതയും ഈ പ്രതീക്ഷയേറ്റുന്നു. 2018ലെ കണക്കെടുപ്പു പ്രകാരം 2967 കടുവകളുണ്ട് രാജ്യത്ത്. 2014ൽ 2226 കടുവകളായിരുന്നു ഉണ്ടായിരുന്നത്.
കടുവ സെൻസസ്
നാലുവർഷത്തിലൊരിക്കലാണു കടുവകളുടെ കണക്കെടുപ്പ്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും(എൻടിസിഎ) ചേർന്നാണ് ഇതു നടത്തുന്നത്. ഇക്കുറി ചരിത്രത്തിലാദ്യമായി പൂർണമായും മൊബൈൽ ആപ് ഉപയോഗിച്ചു കടലാസ് രഹിതമായാണു കണക്കെടുപ്പ്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച ‘എം സ്ട്രൈപ്സ്’ എന്ന ആൻഡ്രോയ്ഡ് ആപ്പിലെ ഇക്കോളജിക്കൽ മൊഡ്യൂളാണ് ഇതിനായി ഉപയോഗിക്കുന്നത്. കടുവകളുള്ള മേഖലകൾ ജിപിഎസ് സഹായത്തോടെ ഭൂമിശാസ്ത്രപരമായി അടയാളപ്പെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യവും ഈ ആപ്പിലുണ്ട്.
2018ലെ കടുവാ സെൻസസിൽ ചിലയിടങ്ങളിൽ ഈ ആപ് ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പൂർണതോതിൽ ഉപയോഗിക്കുന്നത് ഈ വർഷമാണ്. പറമ്പിക്കുളം കടുവ സങ്കേതത്തിൽ രണ്ടു വർഷമായി കടുവകളുടെ നിരീക്ഷണത്തിന് ഈ ആപ് ഉപയോഗിക്കുന്നുണ്ട്. ഇരുപതിലധികം സംസ്ഥാനങ്ങളിലെ ഭാഷകളിൽ ആപ് ലഭ്യമാണ്. ഇതിനാൽ ഓരോ സംസ്ഥാനത്തെയും വനം ഉദ്യോഗസ്ഥർക്ക് പ്രാദേശിക ഭാഷയിൽത്തന്നെ വിവരങ്ങൾ രേഖപ്പെടുത്താം. കേരളത്തിലെ കടുവകളുടെ കണക്കെടുപ്പിനു പറമ്പിക്കുളം, പെരിയാർ കടുവാ സങ്കേതങ്ങളിലെ ഫീൽഡ് ഡയറക്ടർമാരാണു ചുമതല വഹിക്കുന്നത്. കാസർകോട് മുതൽ തൃശൂർ വരെയുള്ള കണക്കെടുപ്പ് പറമ്പിക്കുളം ഫീൽഡ് ഡയറക്ടറുടെയും മറ്റുള്ള തെക്കൻ ജില്ലകളിലേതു പെരിയാർ ഫീൽഡ് ഡയറക്ടറുടെയും മേൽനോട്ടത്തിലാണ്. സർവേ സംഘങ്ങൾ നൽകുന്ന വിവരങ്ങൾ ക്രോഡീകരിക്കുന്നതും ഇവരുടെ മേൽനോട്ടത്തിലാണ്.
കണക്കെടുപ്പ് എങ്ങനെ?
ഓരോ വനം ഡിവിഷനെയും വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണു കണക്കെടുപ്പ്. ഓരോ ബ്ലോക്കിനെയും വിവിധ ഗ്രിഡുകളായി തിരിക്കും. വനം ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ വിസ്തൃതി കണക്കാക്കിയാണു ഗ്രിഡുകളാക്കുക. ഓരോ ഗ്രിഡുകളിലും നിശ്ചിത എണ്ണം ക്യാമറക്കെണികൾ(ക്യാമറ ട്രാപ്പുകൾ) സ്ഥാപിച്ചാണു കണക്കെടുപ്പിന്റെ ആദ്യഘട്ടം. ഇരുമ്പു ചട്ടക്കൂടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന തെർമൽ ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ സഞ്ചാരപാതകളിലെ മരങ്ങളിൽ മുഖാമുഖം രണ്ടു ക്യാമറകൾ വീതമാണു സ്ഥാപിക്കുക. മൃഗങ്ങൾ ക്യാമറയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ അവയുടെ ശരീരതാപത്താൽ അന്തരീക്ഷോഷ്മാവിലുണ്ടാകുന്ന വ്യതിയാനം ക്യാമറയിലെ സെൻസറുകൾ തിരിച്ചറിയും. പുതുതലമുറ ക്യാമറകളിൽ മോഷൻ സെൻസറുകളുമുണ്ട്. മൃഗസാന്നിധ്യം സെൻസറുകൾ തിരിച്ചറിഞ്ഞാൽ ക്യാമറ ഓട്ടമാറ്റിക് ആയി ചിത്രമെടുക്കും.
രാത്രിയും പകലും ഒരു പോലെ പ്രവർത്തിക്കുന്ന നൈറ്റ് വിഷൻ ക്യാമറകളാണിവ. രണ്ടാംഘട്ടമായി വനപാലകരും സന്നദ്ധപ്രവർത്തകരുമുൾപ്പെടുന്ന സംഘം കാട്ടിലിറങ്ങിയും വിവരശേഖരണം നടത്തും. ഏറെ ദുഷ്കരമായ ഘട്ടമാണിത്. ദിവസവും കാട്ടിലൂടെ കിലോമീറ്ററുകൾ നടന്നാണു കണക്കെടുപ്പു നടത്തുക. കാട്ടിനുള്ളിൽ സഞ്ചാരപാത തെളിച്ചെടുക്കാൻ തന്നെ നല്ല അധ്വാനമുണ്ട്. ഈ ജോലി പൂർത്തിയാക്കിയ ശേഷമാണു കടുവകളുടെ കണക്കെടുപ്പ് ആരംഭിക്കുക. കടുവയ്ക്കു പുറമേ കാട്ടാന, കാട്ടുപോത്ത്, കരടി, പുലി തുടങ്ങിയ വന്യ മൃഗങ്ങളുടെ വിവരങ്ങളും സസ്യജാലങ്ങളുടെ ഘടനയുമുൾപ്പെടെ കടുവസെൻസസിനൊപ്പം ശേഖരിക്കും. കടുവ ഇരകളാക്കുന്ന മൃഗങ്ങളുടെ സാന്നിധ്യവും എണ്ണവും വനത്തിലെ പൊതു ആവാസ വ്യവസ്ഥയും ഇതിനൊപ്പം വിലയിരുത്തും. ഇതുകൊണ്ടു തന്നെ ലോകത്തെ ഏറ്റവും വലിയ ജൈവ വൈവിധ്യ സർവേ കൂടിയാണു ഇന്ത്യയുടെ ടൈഗർ സെൻസസ്.
തലയെണ്ണമറിയാൻ വരയും മുഖത്തെഴുത്തും
വിരലടയാളം കൊണ്ട് മനുഷ്യരെ എങ്ങനെ തിരിച്ചറിയുമോ അതുപോലെതന്നെ ശരീരത്തിലെ വരകളിൽ നിന്നാണു കടുവകളെ തിരിച്ചറിയുക. ഓരോ കടുവയുടെയും ശരീരത്തിൽ വ്യത്യസ്തമായ വരകളാകും ഉണ്ടാവുക. മുഖത്തുള്ള അടയാളവും ഓരോന്നിനും വ്യത്യസ്തമാണ്. ഒരു കടുവയുടെ ശരീരത്തിന്റെ ഇരുവശത്തുമുള്ള വരകൾ പോലും വ്യത്യസ്തമായിരിക്കും. ഇതിനാലാണു ശരീരത്തിന്റെ രണ്ടു വശത്തെയും വരകളുടെ ചിത്രം പകർത്താൻ സഞ്ചാരപാതയുടെ ഇരുവശത്തും മുഖാമുഖമായി ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറയിൽ പതിയുന്ന ചിത്രങ്ങളിൽനിന്ന് ഉടലിലെ വരകളുടെ ഘടന, നീളം, വീതി, പ്രത്യേകമായ ആകൃതികൾ ഇവയെല്ലാം വിലയിരുത്തിയാണ് കടുവകളെ തിരിച്ചറിയുന്നത്.
എന്നാൽ, സെൻസസിനായി അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുന്നതിനു മുൻപുള്ള കാലങ്ങളിൽ കാടുകയറിയുള്ള കണക്കെടുപ്പു തന്നെയായിരുന്നു ഏകമാർഗം. കാടുകയറിയുള്ള കണക്കെടുപ്പിൽ കടുവയുടെ കാൽപാടാണു (പഗ് മാർക്ക്) പ്രധാനമായും കണ്ടെത്താൻ ശ്രമിക്കുന്നത്. ചോലവനങ്ങളിലെ ജലാശയങ്ങളുടെ തീരത്തും ചതുപ്പു പോലെയുള്ള മേഖലകളിൽനിന്നുമാണു കാലടയാളങ്ങൾ മിക്കപ്പോഴും ലഭിക്കുക. ഇവിടെ വെള്ളം കുടിക്കാനായി കടുവ എത്തുമ്പോഴാണു കാലടയാളം പതിയുന്നത്. ഇതിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കലക്കിയൊഴിക്കുകയും കട്ടിയാകുമ്പോൾ ഇളക്കിയെടുത്തു വനംവകുപ്പുദ്യോഗസ്ഥർ സൂക്ഷിക്കുകയും ചെയ്യും.
കടുവ ആണോ പെണ്ണോ എന്നറിയാനുള്ള മാർഗവും കാൽപാദത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. മുൻ പാദത്തിന്റെ ആകെ നീളം വീതിയേക്കാൾ കൂടുതലെങ്കിൽ കടുവ പെണ്ണും മറിച്ച് നീളത്തേക്കാൾ വീതിയാണു കൂടുതലെങ്കിൽ ആണുമാണ്. വലുപ്പമേറിയ പാദങ്ങൾ ആൺ കടുവയ്ക്കാണ്. മണ്ണിൽ പാദം പതിഞ്ഞതിന്റെ ആഴം പരിശോധിച്ചു കടുവയുടെ ഭാരം വരെ കൃത്യമായി കണക്കാക്കാനാകും. ഇതിനു പുറമെ കടുവകളുടെ കാഷ്ഠവും അവയെ തിരിച്ചറിയാനും അവയുടെ സാന്നിധ്യമറിയാനുമായി ഉപയോഗിക്കുന്നുണ്ട്. മാർജാരകുലത്തിലെ ജീവിയായതിനാൽ പൂച്ചകളെപ്പോലെ മരങ്ങളിൽ നഖങ്ങൾ കൊണ്ടു വരയുന്ന സ്വഭാവം കടുവകൾക്കുണ്ട്. മരങ്ങളിലെ ഇത്തരം നഖപ്പാടുകളും കടുവകളെ തിരിച്ചറിയാനായി വിശകലനം ചെയ്യുന്നു.
കണ്ടുകിട്ടാൻ വലിയ പാടാ!
കാടുകയറിയുള്ള കണക്കെടുപ്പിനിടെ കടുവകളെ നേരിട്ടു കാണുന്നത് അത്യപൂർവമാണ്. കാട്ടിൽ വർഷങ്ങളുടെ പരിചയമുള്ള വനംവകുപ്പുദ്യോഗസ്ഥർ പോലും വളരെ അപൂർവമായി മാത്രമേ കടുവകളെ കാണാറുള്ളൂ എന്നതാണു യാഥാർഥ്യം. കാരണം, മനുഷ്യന്റെ സാന്നിധ്യം വളരെ ദൂരത്തുനിന്നേ അറിയാൻ കടുവയ്ക്കാകും. ഘ്രാണശക്തിയും കേൾവിശക്തിയുമാണ് ഇതിനു കടുവയെ സഹായിക്കുന്നത്. മനുഷ്യസാന്നിധ്യമുണ്ടെന്നറിഞ്ഞാൽ കടുവ അപ്പോൾത്തന്നെ സ്ഥലം കാലിയാക്കാറാണു പതിവ്. കാലടയാളം, കാഷ്ഠം, ശബ്ദം, കടുവ ഇരയാക്കിയ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ പരിശോധിച്ചാണു കണക്കെടുപ്പിനിറങ്ങുന്ന വനം വകുപ്പുദ്യോഗസ്ഥർ കടുവകളുടെ സാന്നിധ്യം പ്രധാനമായും തിരിച്ചറിയുന്നത്.
കാട്ടിൽ സ്വന്തം ‘രാജ്യം സ്ഥാപിച്ചു ഭരിക്കുന്നവരാണു’ കടുവകൾ. സ്വന്തം മേഖലയുടെ അതിരുകൾ കടുവ സ്വയം നിശ്ചയിക്കും. ശക്തനായ ഒരു കടുവയുടെ അധികാര പരിധിക്കുള്ളിലേക്കു സാധാരണഗതിയിൽ മറ്റൊരു കടുവ കടന്നുകയറില്ല. അങ്ങനെ പ്രവേശിച്ചാൽ പോരാട്ടം ഉറപ്പ്. ഇതിൽ വിജയിക്കുന്നയാൾ ആ മേഖലയുടെ പുതിയ അധികാരിയാകും. 10–100 സ്ക്വയർ കിലോമീറ്റർ വരെയാണ് ഒരു ആൺകടുവ കാട്ടിൽ സ്വന്തം മേഖലയായി ‘പതിച്ചെടുക്കുക’. പെൺകടുവകൾക്കാകട്ടെ ഇത് 10–40 സ്ക്വയർ കിലോമീറ്റാണ്. കടുവകളുടെ എണ്ണവും നിലവിലെ വനത്തിന്റെ വിസ്തൃതിയും കണക്കാക്കിയാൽ മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം മൊത്തം കടുവകൾക്കും സ്വന്തം അധികാരമേഖല സ്ഥാപിക്കാനുള്ള വനവ്യാപ്തി സംസ്ഥാനത്തിനില്ല.
കേരളത്തിലെ കടുവ സങ്കേതങ്ങളിൽ ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്ററിൽ ഒന്നിലേറെ കടുവകളെ കാണുന്നത് ഈ സ്ഥലപരിമിതി മൂലമാണ്. ഇതുകൊണ്ടുതന്നെ അധികാരമുറപ്പിക്കാനുള്ള ഏറ്റുമുട്ടലുകളും പരുക്കുകളും കടുവകൾക്കിടയിൽ വർധിക്കുന്നുണ്ടെന്നാണു വനംവകുപ്പുദ്യോഗസ്ഥർ പറയുന്നത്. ഇതുതന്നെയാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവകൾ അടുത്തിടെയായി നാട്ടിലിറങ്ങാനും കാരണം. ആകെയുള്ള കടുവകളുടെ 30 ശതമാനമെങ്കിലും സ്വാഭാവിക കടുവസങ്കേതങ്ങൾക്കു പുറത്തുള്ള വനങ്ങളിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കടുവ കൂടുതൽ വയനാട്ടിൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടുവകളുള്ളതു വയനാട് വന്യമൃഗസങ്കേതത്തിലാണ്. സംസ്ഥാനത്ത് ആകെയുള്ള 190 കടുവകളിൽ 120 എണ്ണവും ഇവിടെയാണുള്ളതെന്നു കണക്കുകൾ പറയുന്നു. നീലഗിരി ജൈവവൈവിധ്യ മേഖലയുടെ ഭാഗമാണു വയനാട് വന്യമൃഗസങ്കേതം. കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ ദേശീയോദ്യാനങ്ങളുടെയും തമിഴ്നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിന്റെയും മധ്യത്തിലാണു വയനാട് വന്യമൃഗസങ്കേതത്തിന്റെ കിടപ്പ്. ഇതാണ് ഇവിടെ കടുവകളുടെ എണ്ണമേറാനുള്ള കാരണം.
ഒന്നാം സ്ഥാനത്തിന് കടുത്ത മത്സരം
രാജ്യത്തു കടുവകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തെത്താൻ രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ വൻ മത്സരമാണ്. നിലവിൽ ഒന്നാം സ്ഥാനത്തുള്ളതു മധ്യപ്രദേശാണ്. 2018ലെ കണക്കെടുപ്പു പ്രകാരം 526 കടുവകളാണു മധ്യപ്രദേശിലെങ്കിൽ രണ്ടെണ്ണം മാത്രമാണു കർണാടകത്തിനു കുറവുണ്ടായിരുന്നത്. 2018 സെൻസസിന്റെ ആദ്യഘട്ടത്തിൽ ഏറ്റവുമധികം കടുവകളുള്ളത് തങ്ങൾക്കാണെന്നു കർണാടക ഏതാണ്ടുറപ്പിച്ചതാണ്. എന്നാൽ, അവസാന കണക്കുകൾ പുറത്തുവന്നപ്പോൾ രണ്ടു കടുവകളുടെ കുറവു കണ്ടെത്തിയതോടെ ആ സ്വപ്നം പൊലിഞ്ഞു.
ഓരോ മേഖലയിലും എണ്ണത്തിൽ കൂടുതലുള്ള കടുവകളെ മറ്റു മേഖലകളിലേക്കു പുനരധിവസിപ്പിക്കുന്നതിൽ മധ്യപ്രദേശ് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും ടൈഗർ കൺസർവേഷൻ അതോറിറ്റി പരിഗണിച്ചു. ഇതേ സ്ഥാനത്ത് അധികമുള്ള കടുവകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റുകയാണു കർണാടകം ചെയ്തതെന്നാണു എൻടിസിഎ കണ്ടെത്തിയത്. എന്നാൽ, കൂടുതൽ ഊർജിതമായ സംരക്ഷണ, പുനരധിവാസ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാൽ കടുവയെണ്ണത്തിൽ സംസ്ഥാനം ഇക്കുറി ഒന്നാം സ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണു കർണാടക.
English Summary: How is Tiger Population in Kerala Counted?