എട്ടു വർഷത്തിനുശേഷം ഐസ്‌ലൻഡിൽ ധ്രുവക്കരടി; വെടിവച്ചുകൊന്നു, കാരണമുണ്ട്!
വർഷങ്ങൾക്കുശേഷം ഐസ്‌ലൻഡിൽ ആദ്യമായി കണ്ടെത്തിയ ധ്രുവക്കരടിയെ വെടിവച്ചുകൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ ഐസ്‌ലൻഡിലാണ് എട്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു ധ്രുവക്കരടിയെ കണ്ടെത്തുന്നത്
വർഷങ്ങൾക്കുശേഷം ഐസ്‌ലൻഡിൽ ആദ്യമായി കണ്ടെത്തിയ ധ്രുവക്കരടിയെ വെടിവച്ചുകൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ ഐസ്‌ലൻഡിലാണ് എട്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു ധ്രുവക്കരടിയെ കണ്ടെത്തുന്നത്
വർഷങ്ങൾക്കുശേഷം ഐസ്‌ലൻഡിൽ ആദ്യമായി കണ്ടെത്തിയ ധ്രുവക്കരടിയെ വെടിവച്ചുകൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ ഐസ്‌ലൻഡിലാണ് എട്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു ധ്രുവക്കരടിയെ കണ്ടെത്തുന്നത്
വർഷങ്ങൾക്കുശേഷം ഐസ്‌ലൻഡിൽ ആദ്യമായി കണ്ടെത്തിയ ധ്രുവക്കരടിയെ വെടിവച്ചുകൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ ഐസ്‌ലൻഡിലാണ് എട്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു ധ്രുവക്കരടിയെ കണ്ടെത്തുന്നത്. ഏറ്റവും അധികം വംശനാശഭീഷണി നേരിടുന്ന ജീവി എന്ന നിലയിൽ ധ്രുവക്കരടിയെ കണ്ടെത്തുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ടെങ്കിലും അത് ജനജീവിതത്തിന് ഭീഷണിയാകുമെന്ന് നിഗമനത്തെ തുടർന്നാണ് വെടിവച്ചു കൊല്ലാൻ ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്.
ഒരു സമ്മർ ഹൗസിന് സമീപത്താണ് ധ്രുവക്കരടി എത്തിയത്. പ്രായമായ ഒരു സ്ത്രീയുടെ വീടിനു സമീപത്തുള്ള ചപ്പുചവറുകളിൽ ഭക്ഷണം തേടി നടക്കുകയായിരുന്നു. ധ്രുവക്കരടിയെ കണ്ട് ഭയന്ന സ്ത്രീ വാതിലടച്ചു സുരക്ഷിതയായി. തുടർന്ന് റെയ്ക്യവിക്കിലുള്ള മകളെ വിവരമറിയിക്കുകയും അവർ വഴി ഐസ്‌ലൻഡ് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു.
ധ്രുവക്കരടികളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിന് ഐസ്‌ലൻഡിൽ നിയമ വിലക്കുണ്ട്. പ്രത്യേക സംരക്ഷണം നൽകേണ്ട ജീവികളുടെ പട്ടികയിൽപ്പെടുന്നതിനാൽ അതിനെ കൈകാര്യം ചെയ്യും മുൻപ് പൊലീസ് ഉദ്യോഗസ്ഥർ ഐസ്‌ലൻഡിലെ പരിസ്ഥിതി ഏജൻസിയുടെ ഉപദേശവും തേടിയിരുന്നു. സംരക്ഷണം നൽകേണ്ട ജീവിയായാലും മനുഷ്യന്റെ ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യമുണ്ടെങ്കിൽ അതിനെ കൊല്ലാമെന്നായിരുന്നു പൊലീസ് സേനയ്ക്ക് ലഭിച്ച നിർദേശം.
ധ്രുവക്കരടി അധികസമയം അവിടെ തുടർന്നാൽ സമ്മർഹൗസിലെ സ്ത്രീയുടെ ജീവന് ആപത്ത് ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് അതിനെ വെടിവച്ചു കൊല്ലുകയായിരുന്നു. ധ്രുവക്കരടിക്ക് 150 കിലോഗ്രാമിനും 200 കിലോഗ്രാമിനും ഇടയ്ക്ക് ഭാരം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കരടിയുടെ ശരീരത്തിൽ പരാന്നഭോജികളുടെയോ അണുക്കളുടെയോ സാന്നിധ്യമുണ്ടോ എന്ന് വിശദമായ പരിശോധനയും നടത്തിയിരുന്നു. അതിന്റെ തലയോട്ടിയും തോലും ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. ഒഴുകി നീങ്ങിയ മഞ്ഞുമലയിൽ കയറിയാവാം ഗ്രീൻലാൻഡിൽ നിന്നും ധ്രുവക്കരടി ഐസ്‌ലൻഡിൽ എത്തിയത് എന്നാണ് നിഗമനം.
ഇതിനുമുൻപ് 2016 ലാണ് അവസാനമായി ഐസ്ലാൻഡിൽ ഒരു ധ്രുവക്കരടിയെ കണ്ടെത്തിയത്. വെസ്റ്റ്ഫോർട്സിലെ ഹോഫ്സ്ട്രാൻഡ് തീരപ്രദേശത്തുള്ള ഒരു വെക്കേഷൻ ഹോമിന് സമീപത്ത് ധ്രുവക്കരടിയെ കണ്ടതായി പ്രദേശവാസി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഒമ്പതാം നൂറ്റാണ്ട് മുതൽ ആകെ 600 ധ്രുവക്കരടികളെയാണ് കണ്ടെത്തിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി ഏറ്റവും അധികം നേരിടുന്ന ജീവികളാണ് ധ്രുവക്കരടികൾ. വലിയ രീതിയിൽ മഞ്ഞുരുക്കം ഉണ്ടാകുന്നത് മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനാൽ മറ്റു മേഖലകളിലേയ്ക്ക് ഇവ ഭക്ഷണം തേടിയെത്തുന്ന സാഹചര്യമുണ്ട്. മറ്റ് ഇനങ്ങളിൽപ്പെട്ട വന്യജീവികളുമായും മനുഷ്യരുമായും ഏറ്റുമുട്ടലുകൾ ഉണ്ടാകാനും ഇത് കാരണമാകുന്നു.
2008ൽ ഐസ്‌ലൻഡിൽ രണ്ട് ധ്രുവക്കരടികളെ കണ്ടെത്തിയിരുന്നു. തദ്ദേശീയ ഇനത്തിൽപ്പെട്ട ജീവി അല്ലാത്തതിനാൽ ഇവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിർണയിക്കുന്നതിനായി അന്നത്തെ ഭരണകൂടം പ്രത്യേക സമിതിയും രൂപീകരിച്ചു. വളർത്തുമൃഗങ്ങളെയും മനുഷ്യരെയും അവ ആക്രമിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ധ്രുവക്കരടികളെ കണ്ടെത്തിയാൽ സ്വതന്ത്ര വിഹാരം നടത്താൻ സാഹചര്യം ഒരുക്കുന്നത് അപകടകരമാണെന്ന് സമിതി വിലയിരുത്തി. തിരികെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേയ്ക്ക് അവയെ എത്തിക്കുന്നതിന് ചിലവും അധികമാണ്. ഇതേ തുടർന്നാണ് സംരക്ഷിത വിഭാഗമാണെങ്കിലും മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യമുണ്ടെങ്കിൽ ഐസ്‌ലൻഡിൽ അവയെ കൊല്ലാം എന്ന് നിയമം അനുശാസിക്കുന്നത്.