2030 ഓടെ 2.5 ദശലക്ഷം ടൺ ഇ- മാലിന്യം സൃഷ്ടിക്കപ്പെടും: എഐയെ ഭയക്കണമെന്ന് ശാസ്ത്രജ്ഞർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്. സ്രഷ്ടാക്കളായ മനുഷ്യരെ അതേപടി അനുകരിക്കുന്നതിൽ ഓരോ ദിവസം ചെല്ലുന്തോറും എഐ മെച്ചപ്പെട്ടു വരികയും ചെയ്യുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്. സ്രഷ്ടാക്കളായ മനുഷ്യരെ അതേപടി അനുകരിക്കുന്നതിൽ ഓരോ ദിവസം ചെല്ലുന്തോറും എഐ മെച്ചപ്പെട്ടു വരികയും ചെയ്യുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്. സ്രഷ്ടാക്കളായ മനുഷ്യരെ അതേപടി അനുകരിക്കുന്നതിൽ ഓരോ ദിവസം ചെല്ലുന്തോറും എഐ മെച്ചപ്പെട്ടു വരികയും ചെയ്യുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്. സ്രഷ്ടാക്കളായ മനുഷ്യരെ അതേപടി അനുകരിക്കുന്നതിൽ ഓരോ ദിവസം ചെല്ലുന്തോറും എഐ മെച്ചപ്പെട്ടു വരികയും ചെയ്യുന്നുണ്ട്. മനുഷ്യർ തമ്മിൽ എന്നതുപോലെ ആശയവിനിമയം നടത്താനും പറയുന്ന എന്തൊരു കാര്യവും മനുഷ്യരുടെ അതേ മികവിൽ നിർമിക്കുവാനും എന്തിനേറെ കമ്പ്യൂട്ടർ ഗെയിമുകൾ എങ്ങനെ പകർത്താം എന്ന് സ്വയം പഠിക്കുവാനും വരെ എഐയ്ക്ക് കഴിയും. സമസ്ത മേഖലകളിലും പ്രവചനാതീതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവ് എഐയ്ക്ക് ഉണ്ടെങ്കിലും അതുമൂലം പരിസ്ഥിതി നേരിടുന്ന മറ്റൊരു വലിയ വിപത്തിലേക്കാണ് ഇപ്പോൾ ശാസ്ത്രജ്ഞർ വിരൽചൂണ്ടുന്നത്. എഐ മൂലം ദശലക്ഷക്കണക്കിന് ടൺ ഇ-മാലിന്യങ്ങൾ അധികമായി സൃഷ്ടിക്കപ്പെടും എന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.
എഐ സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ആനുപാതികമായി കൂടുതൽ ശക്തമായ ഹാർഡ്‌വെയറുകൾ ആവശ്യമായി വരുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസും ഇസ്രായേലിലെ റെയ്ഷ്മൻ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തി. ജനറേറ്റീവ് എ ഐയുടെ വളർച്ചയ്ക്കൊപ്പം സാങ്കേതികവിദ്യകളും അടിക്കടി നവീകരിക്കപ്പെടേണ്ടി വരും. ഇതോടെ ഇ- മാലിന്യങ്ങളുടെ തോതും വർധിക്കും.
2023 ൽ 2600 ടൺ ഇ- മാലിന്യങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നാണ് കണക്ക്. എന്നാൽ 2030 എത്തുന്നതോടെ ഇത് 2. 5 ദശലക്ഷം ടൺ ഇ- മാലിന്യം എന്ന കണക്കിലേക്ക് എത്തും. അതായത് ആയിരം മടങ്ങിനടുത്ത് ഇ- മാലിന്യങ്ങൾ വർധിക്കും. എ ഐ സംവിധാനങ്ങൾ പ്രവർത്തിക്കാൻ ഉതകുന്ന രീതിയിൽ ഹാർഡ്‌വെയർ നവീകരണങ്ങൾ വേണ്ടിവരുന്നത് തന്നെയാണ് ഇതിനുള്ള കാതലായ കാരണമെന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു. ഈ സാങ്കേതികവിദ്യകളിൽ ഉപയോഗിക്കുന്ന ചിപ്പുകളിലും മറ്റ് അത്യാധുനിക ഉപകരണങ്ങളിലും ലെഡ്, ക്രോമിയം തുടങ്ങിയ വിഷ ലോഹങ്ങൾ അടങ്ങിയിരിക്കുന്നു എന്നതും പഠനസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇ- മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് അപകടകരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഗുരുതരമായ പാരിസ്ഥിതിക നാശത്തിന് കാരണമാകുന്ന ദോഷകരമായ വസ്തുക്കൾ ഇവയിൽ അടങ്ങിയിരിക്കുന്നതിനാൽ ഇ- മാലിന്യ സംസ്കരണത്തിലെ പാകപ്പിഴകൾ മണ്ണ് വിഷലിപ്തമാകുന്നതിന് കാരണമാകും. ഇ-മാലിന്യ സംസ്കരണ കേന്ദ്രങ്ങൾക്ക് സമീപപ്രദേശത്ത് ജീവിക്കുന്ന ജനങ്ങളുടെയെല്ലാം ആരോഗ്യം ഇതോടെ ആശങ്കയിലുമാകും. നിലവിലുള്ള സംസ്കരണ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്ന പരിധിയുടെ അഞ്ചിരട്ടി വേഗതയിലാണ് ഇ- മാലിന്യങ്ങളുടെ പ്രവാഹം എന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തലും ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്. അതായത് ഇ- മാലിന്യങ്ങളുടെ അളവ് മനുഷ്യന് കൈകാര്യം ചെയ്യാനാവാത്ത വിധം വർദ്ധിക്കുകയും അതോടൊപ്പം അവ തെറ്റായി കൈകാര്യം ചെയ്യുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്താൽ പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ മനുഷ്യ സമൂഹത്തിന് നേരിടേണ്ടി വരും.
സാഹചര്യത്തിന്റെ ഗൗരവവും അപകട ഭീഷണിയും കണക്കിലെടുത്ത് ഇ- മാലിന്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. സാങ്കേതിക ഉപകരണങ്ങളുടെ പുനരുപയോഗം, പുനർനിർമ്മാണം എന്നിവയുടെ സാധ്യതകൾ വർധിപ്പിക്കണം. ആഗോളതലത്തിലുള്ള സമീപനത്തിലൂടെ മാത്രമേ ഈ പ്രശ്നം കൈകാര്യം ചെയ്യാനാവൂ എന്നും ശാസ്ത്രജ്ഞർ ഊന്നി പറയുന്നു.
എഐയുടെ ഭാവിക്കും അതുമായി ബന്ധപ്പെട്ട ഇ-മാലിന്യ പ്രശ്നത്തിനും നൂതനമായ പരിഹാരങ്ങളും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണ്. ആമസോണും ഗൂഗിളും അടക്കമുള്ള സാങ്കേതിക കമ്പനികൾ സുസ്ഥിര ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവ ഫലപ്രാപ്തിയിലെത്താൻ ശക്തമായ നിയന്ത്രണങ്ങൾ ആവശ്യമായി വന്നേക്കും. സാങ്കേതിക മുന്നേറ്റങ്ങളും ഉത്തരവാദിത്ത മാലിന്യ സംസ്കരണ രീതികളും സംയോജിപ്പിച്ചുകൊണ്ടുള്ള നടപടികളിലൂടെ മാത്രമേ ഇ- മാലിന്യ വിപത്തിൽ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കാനാവൂ.