ദിനോസറുകൾക്കൊപ്പം ജീവിച്ചിരുന്നവർ, ദേഹമാസകലം നക്ഷത്ര തിളക്കം; നിസാരമല്ല മൂന്നാറിലെ ‘തവള’ വൈവിധ്യം
കേരളമടങ്ങുന്ന പശ്ചിമഘട്ട മലനിരകൾ യുനെസ്കോയുടെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിലാണ് ഉൾപ്പെടുന്നത്. ഒട്ടനവധി ജീവി വർഗങ്ങളുടെ കലവറയാണിവിടം. ഇവയിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് തവളകളുൾപ്പെടുന്ന ഉഭയജീവികൾ.
കേരളമടങ്ങുന്ന പശ്ചിമഘട്ട മലനിരകൾ യുനെസ്കോയുടെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിലാണ് ഉൾപ്പെടുന്നത്. ഒട്ടനവധി ജീവി വർഗങ്ങളുടെ കലവറയാണിവിടം. ഇവയിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് തവളകളുൾപ്പെടുന്ന ഉഭയജീവികൾ.
കേരളമടങ്ങുന്ന പശ്ചിമഘട്ട മലനിരകൾ യുനെസ്കോയുടെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിലാണ് ഉൾപ്പെടുന്നത്. ഒട്ടനവധി ജീവി വർഗങ്ങളുടെ കലവറയാണിവിടം. ഇവയിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് തവളകളുൾപ്പെടുന്ന ഉഭയജീവികൾ.
കേരളമടങ്ങുന്ന പശ്ചിമഘട്ട മലനിരകൾ യുനെസ്കോയുടെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിലാണ് ഉൾപ്പെടുന്നത്. ഒട്ടനവധി ജീവി വർഗങ്ങളുടെ കലവറയാണിവിടം. ഇവയിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് തവളകളുൾപ്പെടുന്ന ഉഭയജീവികൾ. ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഏറ്റവും മുൻപന്തിയിലാണ് തവളകൾ. അത്യപൂർവ്വ തവളകളുടെ പറുദീസയാണ് പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലെ മൂന്നാർ. ഇവിടെയുള്ള തവള വർഗങ്ങളിൽ പലതും ലോകത്ത് മറ്റൊരിടത്തും കാണപ്പെടുന്നില്ല. എന്നാലിന്ന് അപകടകരമായ നാശത്തിന്റെ വക്കിലാണ് ഇവയുടെ ആവാസവ്യവസ്ഥ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 190 ലധികം ഉഭയജീവികൾ കാണപ്പെടുന്നുണ്ടെങ്കിലും അവയിൽ 170 ഓളം വരുന്ന ഉഭയ ജീവികൾ പശ്ചിമഘട്ടത്തിൽ മാത്രമുള്ളവയാണ്. അൻപതിൽ കൂടുതൽ തവള വർഗങ്ങളെയാണ് മൂന്നാറിൽ കണ്ടെത്തിയിട്ടുള്ളത്.
മൂന്നാറിൽ കാണപ്പെടുന്ന ചില അത്യപൂർവ്വ തവളകളെ പരിചയപ്പെടുത്താം.
ചോലക്കറുമ്പി (Melanobatrachus)
പശ്ചിമഘട്ടത്തിലെ അത്യപൂർവ്വമായ ഒരിനം തവളയാണ് ചോലക്കറുമ്പി. ദേഹത്താകമാനം നക്ഷത്രങ്ങൾ പോലെ അതി മനോഹരമായ പുള്ളികൾ കാരണം ഇവയെ ഗ്യാലക്സി ഫ്രോഗ് എന്നും വിളിക്കുന്നു. സൂക്ഷ്മ ആവാസ വ്യവസ്ഥയിൽ വസിക്കുന്നതിനാൽ ഇവയെ കണ്ടെത്തുക വളരെ പ്രയാസമാണ്. സമുദ്രനിരപ്പിൽ നിന്നും നാലായിരത്തോളം അടി ഉയരത്തിലുള്ള ആനമലയിലെ നിത്യഹരിത വനങ്ങളിലെ ജീർണിച്ച മരങ്ങളുടെ അടിയിലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്.
ടാൻസാനിയയിൽ കാണുന്ന അമാനി, ബനാന എന്നീ ഇനം തവളകളുമായി ഇവയ്ക്ക് ബന്ധമുള്ളതായി പഠനങ്ങൾ പറയുന്നു. ശരീരം കറുപ്പിൽ നീല നിറത്തിലുള്ള പുള്ളികളോട് കൂടിയതാണ്, അടിഭാഗത്ത് ഓറഞ്ചു നിറത്തിലുള്ള അടയാളങ്ങളുമുണ്ട്. മുകളിലായി ചൊറിത്തവളയ്ക്ക് സമാനമായി മുഴകൾ കാണപ്പെടുന്നു. ശരീരത്തിൽ സ്പർശിച്ചാൽ ഇവ ചെറിയ പന്തുപോലെ ഉരുണ്ടുകൂടും. ഒപ്പം അടിയിലെ ഓറഞ്ചു നിറം ദൃശ്യമാകും വിധം നിശ്ചലമായി കിടക്കും. ചെവിക്കല്ല് ഇല്ലെന്നുള്ളത് ഇവയുടെ പ്രത്യേകതയാണ്.
പുള്ളിപച്ചിലപ്പാറൻ (Rhacophorus malabaricus)
വംശനാശത്തിന്റെ വക്കിലെത്തിയ തവളകളിലൊന്നാണ് പുള്ളിപ്പച്ചിലപ്പാറൻ. മരത്തവളകൾ എന്നും ഇവ അറിയപ്പെടുന്നു. മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇവയുടെ പ്രത്യേകതയാണ്. ശരീരത്തിൽ ചെറിയ കറുത്ത വരകളോടെയുള്ള ഈ തവളയുടെ പാദം താറാവിന്റേതുപോലെയാണ്.
ചാടുമ്പോൾ ഒരു പാരച്യൂട്ട് എഫക്ട് സൃഷ്ടിക്കാൻ ഇവയ്ക്കു കഴിയുന്നു. പെൺ തവളകൾക്ക് 7 മുതൽ 8 സെന്റീമീറ്റർ വരെ നീളമുണ്ട്. മറ്റു തവളകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വലുതാണ്.
ഇലകളിലാണ് ഇവ മിക്കവാറും മുട്ടയിടുന്നത്. ഇതിനായി ജലാശയത്തിനു സമീപം പത പോലെയുള്ള കൂട് നിർമിക്കും. പ്രജനനത്തിന് വെള്ളത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. പെൺ തവള ഒരു ദ്രാവകം പുറപ്പെടുവിക്കുകയും അതു കാൽവച്ച് പതപ്പിച്ച ശേഷം അതിലേക്ക് മുട്ടയിടുകയുമാണ് ചെയ്യുന്നത്.
പൂച്ചത്തവള (Nyctibatrachus poocha)
മൂന്നാറിലെ മിക്ക അരുവികളിൽ നിന്നും പൂച്ചകളുടെ ശബ്ദം കേൾക്കാം. എന്നാലിത് പൂച്ചയുടേതല്ല പൂച്ചത്തവളകളുടെ ശബ്ദമാണ്. രാത്തവള വിഭാഗത്തിൽ പെടുന്ന പൂച്ചത്തവളകൾ കല്ലുകൾ നിറഞ്ഞ അരുവികളിലാണ് കാണപ്പെടുന്നത്.
നിക്റ്റിബട്രാക്റ്റസ് ജീനസിൽ പെട്ട 12 സ്പീഷിസുകളിൽ ഒരിനമാണിത്. ഇത് പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തവള വർഗമാണ്. ഇവ ദിനോസറുകളോടൊപ്പം നിലനിന്നിരുന്നവയാണെന്ന് ചില പരിസ്ഥിതി പഠനങ്ങൾ പറയുന്നു.
പാതാളത്തവള (Nasikabatrachus sahyadrensis)
ഒറ്റ നോട്ടത്തില്‍ ഊതി വീര്‍പ്പിച്ചൊരു ബലൂൺ പോലെ തോന്നുന്ന ഒരു തവള വർഗമാണ് പാതാളത്തവള. പന്നിമൂക്കൻ തവള, മാവേലിത്തവള, മഹാബലിത്തവള, കുറവൻ എന്നും ഇവ അറിയപ്പെടുന്നു. ഭൂമിക്കടിയിൽ കഴിയുന്ന പാതാളത്തവളകൾ പ്രജനനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തുവരും.
80 മുതൽ 120 ദശലക്ഷം മുന്നേ ഇവ പരിണമിച്ചു എന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇവയുടെ ശരീരം ധൂമ്ര നിറത്തിലാണ്. പാതാളത്തവളയുടെ അടുത്ത ബന്ധുക്കൾ, ആഫ്രിക്കയുടെയും ഇന്ത്യയുടെയും ഇടയിൽ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷേൽസിലെ സൂഗ്ലോസ്സിടെ(Sooglossidae) എന്ന കുടുംബത്തിലെ തവളകള്‍ ആണ്.
ഇന്ത്യയും സീഷേൽസും ഗോണ്ട്വാന വൻകരയുടെ ഭാഗമായപ്പോൾ ഉരുത്തിരിഞ്ഞവയാണ് ഈ തവളകളെന്ന് കരുതപ്പെടുന്നു. ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്ന സിദ്ധാന്തത്തിന്റെ ജീവിക്കുന്ന തെളിവുകൾ കൂടിയാണ് ഈ തവളകൾ.
മണ്ണിനടിയിലിരുന്നു ഭൂമിയിലെ മഴയുടെ അളവും, അരുവിയിലെ ജലത്തിന്‍റെ അളവും ഇവ അളക്കുന്നു. മുട്ടയിടാന്‍ എല്ലാ അവസരങ്ങളും സജ്ജമായി എന്നു കൃത്യമായി മനസ്സിലാക്കി വർഷകാലത്തൊരിക്കൽ മാത്രം പുറത്തേക്ക് വരുന്നു. മുതിർന്ന പെൺ തവള ഒരു ദിവസം മാത്രമേ പുറത്തു വരൂ. പ്രജനനത്തിനു ശേഷം മണ്ണിനടിയിലേക്കു മടങ്ങുകയും ചെയ്യും.
തിരഞ്ഞെടുത്ത ആണ്‍ തവളയുമായി ഇണ ചേർന്നതിനു ശേഷം, ആണിനെ ചുമന്നുകൊണ്ട് പെൺ തവള അരുവിയിൽ എത്തും. അരുവിയിലെ പൊത്തുകളിലും വിടവുകളിലും കയറിയതിനു ശേഷം മുട്ടയിടൽ ആരംഭിക്കും. നാലായിരത്തോളം മുട്ടകൾ വരെ പെൺ തവളകളിൽ കണ്ടിട്ടുണ്ട്. ആറോ ഏഴോ ദിവസത്തിനുള്ളിൽ ഈ മുട്ടകള്‍ വിരിഞ്ഞ് വാൽമാക്രികള്‍ ആകും. 100 മുതൽ 110 ദിവസങ്ങള്‍ക്കുള്ളില്‍ വാല്‍മാക്രികള്‍ വിരിഞ്ഞു തവള കുഞ്ഞുങ്ങള്‍ ആയി അവയും മണ്ണിനടിയിലേയ്ക്കു പോകും.
ആനമുടി ഇലത്തവള (Raorchestes resplendens)
ഒരിഞ്ചു വലുപ്പം മാത്രമുള്ള ഇത്തിരികുഞ്ഞൻ തവളകളാണ് ആനമുടി ഇലത്തവള. സവിശേഷമായ ശരീരഘടനയും നിറവും ഇവയെ മറ്റു തവളകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നു. മൂന്നാറിലെ പുൽമേടുകളിലും പശ്ചിമഘട്ടത്തിലെ ഇരവികുളം ദേശീയ ഉദ്യാനത്തിൽ പെട്ട ആനമുടിയിലുമാണ് വംശനാശ ഭീഷണി നേരിടുന്ന ഈ കുഞ്ഞൻ തവളകളുടെ പ്രധാന ആവാസ കേന്ദ്രം.
ചെറുപ്രാണികളാണ് ഇവയുടെ ഭക്ഷണം. 15 ഗ്രാമിൽ താഴെ തൂക്കമുള്ള ആനമുടി ഇലത്തവളകളെ അപൂർവമായി മാത്രമേ കാണാൻ കഴിയൂ. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ സംഘടനയുടെ ചുവപ്പു പട്ടികയിൽപ്പെട്ട ഇനമാണ് ആനമുടി ഇലത്തവള. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇരവികുളം, മീശപ്പുലിമല എന്നിവിടങ്ങളിലായി 300ൽ താഴെ മാത്രമാണ് ഇവയുടെ എണ്ണം.
മനുഷ്യരടക്കമുള്ള ജീവികളുടെ നിലനിൽപ്പിലും പ്രകൃതിയുടെ സംരക്ഷണത്തിലും വലിയ പങ്കു വഹിക്കുന്നവരാണ് തവളകളടക്കമുള്ള ഉഭയജീവികൾ. കുറഞ്ഞത് 7,500 വ്യത്യസ്ത തവള വർഗങ്ങൾ ലോകമെമ്പാടും കാണപ്പെടുന്നു, എന്നാൽ ഇവയിൽ മൂന്നിലൊന്നിൽ കൂടുതൽ വംശനാശഭീഷണി നേരിടുന്നവയോ വംശനാശം സംഭവിച്ചവയോ ആണ്.
പശ്ചിമഘട്ടിത്തിലെ ഉഭയ ജീവികളുടെ ശേഷിക്കുന്ന ആവാസ വ്യവസ്ഥ സംരക്ഷിക്കുകയും പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ടത് അത്രമേൽ അനിവാര്യമായ കാലമാണിത്.