ഹൃദയം നുറുങ്ങുന്ന കാഴ്ച: ജീവനറ്റ കുഞ്ഞിനെ ഉണർത്താൻ ശ്രമിച്ച് അമ്മയാന, ജഡം വലിച്ചിഴച്ചു
കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയാന തന്റെ വിഷമം പ്രകടമാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസറായ പർവീൺ കസ്വാനാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ എക്സിലുടെ പങ്കുവച്ചിരിക്കുന്നത്

കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയാന തന്റെ വിഷമം പ്രകടമാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസറായ പർവീൺ കസ്വാനാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ എക്സിലുടെ പങ്കുവച്ചിരിക്കുന്നത്. എഡിഎഫ് ഒ ജയന്താ മൊണ്ടാൽ പകർത്തിയ ദൃശ്യങ്ങളാണ് ഇവ. തന്റെ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടത് വിശ്വസിക്കാനാവാതെ വിചിത്രമായി പെരുമാറുന്ന അമ്മയാനയാണ് വിഡിയോയിലുള്ളത്. കുഞ്ഞിന്റെ ജഡം തുമ്പിക്കൈ ഉപയോഗിച്ച് പതിയെ വലിച്ചുകൊണ്ട് പോവുകയാണ് അമ്മയാന. ഓരോ ചുവടും മുന്നോട്ടു വച്ചശേഷം കുഞ്ഞിനെയും ഒപ്പം കൂട്ടാനുള്ള ശ്രമമാണ് ആന നടത്തുന്നത്.
കുഞ്ഞിന്റെ ജീവൻ നഷ്ടമായെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാകാതെ അതിനെ വിളിച്ചുണർത്താനാണ് അമ്മയാന ശ്രമിക്കുന്നത്. എന്നാൽ ഓരോ തവണ ആ ശ്രമം പരാജയപ്പെടുമ്പോഴും അതീവ ദുഃഖത്തോടെ വീണ്ടും അതിന്റെ ജഡവും വലിച്ചുകൊണ്ട് അമ്മയാന നീങ്ങും. എന്നാൽ മിനിറ്റുകളോ മണിക്കൂറുകളോ അല്ല ദിവസങ്ങളോളം ആന ഈ പെരുമാറ്റം തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വിവരിക്കുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പർവീൺ കസ്വാൻ പറയുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ആനകൾ ഇത്തരത്തിൽ വൈകാരിക നിമിഷങ്ങളിലൂടെ കടന്നു പോകുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. നഷ്ടപ്പെട്ട കുഞ്ഞിന്റെ ജഡം ഉപേക്ഷിക്കാൻ അമ്മയാനയ്ക്ക് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ വേണ്ടിവരും. ചില സാഹചര്യങ്ങളിൽ മനുഷ്യരെ പോലെ തന്നെ ആനക്കൂട്ടം ഒന്നായി ചേർന്ന് ജഡം മറവ് ചെയ്യാൻ പോലും ശ്രമിക്കാറുണ്ട്. ഒരു സമൂഹമെന്ന നിലയിൽ ആനകൾ എത്രത്തോളം ആത്മാർഥമായാണ് പരസ്പരബന്ധം കാത്തുസൂക്ഷിക്കുന്നത് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ വളരെ വേഗത്തിൽ ജനശ്രദ്ധ നേടുകയായിരുന്നു. മനുഷ്യനോളമോ ഒരുപക്ഷേ അതിനും മുകളിലോ സ്നേഹിക്കാൻ മൃഗങ്ങൾക്ക് സാധിക്കും എന്നതിന് ഇതിലും വലിയ ഉദാഹരണമില്ലെന്ന് ആളുകൾ പ്രതികരിക്കുന്നുണ്ട്. ഏതു ജീവജാലങ്ങളിലായാലും അമ്മമാരുടെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നാണ് മറ്റു ചില കമന്റുകൾ. കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നിന്നും എത്രയും വേഗം കരകയറാനും സാധാരണ ജീവിതം നയിക്കാനും അമ്മയാനയ്ക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനകളാണ് ഏറെയും.