പ്രകൃതിദത്ത ലോകാത്ഭുതങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിനെ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് രക്ഷിക്കാൻ പവിഴപുറ്റുകൾ പറിച്ചുനടുന്നതിലൂടെ സാധിക്കുമെന്ന് ഗവേഷകർ.
ആസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസ് (AIMS) ടെക്സസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനങ്ങളിൽ നിന്നാണ് അവർ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.
ഉയർന്ന താപനിലയെ അതിജീവിക്കാനുള്ള പവിഴങ്ങളുടെ ജനിതകമായ കഴിവിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ നിന്നാണ് പവിഴനിരകളെ ഇടംമാറ്റി നടുന്നതിലൂടെ കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാൻ ഗ്രേറ്റ് ബാരിയർ റീഫിനെ ്പ്രാപ്തമാക്കാമെന്ന് അവർ കണ്ടെത്തിയത്.
പവിഴനിരകളെ ഇടംമാറ്റി നടുന്നതിലൂടെ മനുഷ്യനിർമിതമായ ഒരു പവിഴശ്യംഖല സമുദ്രത്തിൽ തീർക്കാൻസാധിക്കുമെന്നും, ജനിതകപരമായ കഴിവുകൾ കൊണ്ട് ചൂടിനെ അതിജീവിച്ച് കടലിലെ ചൂട്കുറക്കാൻ ആ പവിഴ ശ്യംഖലക്ക് സാധിക്കുമെന്നും അവർ വാദിക്കുന്നു.
പവിഴശ്യംഖലയുടെ മാതൃ ജീനുകളിലെ മൈറ്റോകോൺട്രിയ കേന്ദ്രീകരിച്ചാണ് ഉയർന്ന താപത്തെ പ്രതിരോധിക്കാനുള്ള കഴിവുകൾ പവിഴശ്രേണികൾക്ക് ലഭിക്കുന്നതെന്നാണ് അവരുടെ കണ്ടെത്തൽ. അതുകൊണ്ട് താപനിയന്ത്രണത്തിൽ മൈറ്റോകോൺട്രിയ വഹിക്കുന്ന പങ്കിനെപറ്റി കൂടുതൽ പഠനം നടത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.
അങ്ങനെ ഉയർന്നതാപത്തെ നിയന്ത്രിക്കാൻ കഴിവുള്ള പവിഴങ്ങളെ ഉപയോഗിച്ച് പുതിയൊരു പവിഴശ്യംഖല തന്നെ നിർമിക്കുകയോ, മെച്ചപ്പെട്ട മാതൃജീനുകളെ ഇടംമാറ്റിനട്ട് നിലവിലുള്ള പവിഴശ്യംഖലയെ വിപുകയോ ആണ് അവരുടെ ലക്ഷ്യം.
ഇതുവഴി ലോകത്തെ ഏറ്റവും വലിയ പവിഴശ്യംഖലയെ കാലാവസ്ഥാവ്യതിയാനത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് ഗവേഷകർ നടത്തുന്നത്.