വെള്ളത്തിൽ തലകുത്തി നിൽക്കുന്ന ആനക്കുട്ടി; ദൃശ്യങ്ങൾ കൗതുകമാകുന്നു

വെള്ളത്തിൽ തലകുത്തി നിൽക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. യുഎസിലെ ഓറിഗൺ മൃഗശാലയിലാണ് രസകരമായ ഈ സംഭവം നടന്നത്. വെള്ളത്തിൽ കളിക്കാൻ ഏറെയിഷ്ടപ്പെടുന്ന സമുദ്രയെന്ന ആനക്കുട്ടിയുടെ പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2008ലാണ് മൃഗശാലയിൽ ഈ കുട്ടിക്കൊമ്പൻ ജനിച്ചത്. ഇപ്പോൾ 9 വയസുള്ള കുട്ടിക്കൊമ്പൻ വികൃതിയാണെങ്കിലും ജീവനക്കാരുടെ കണ്ണിലുള്ളിയാണ്.

വെള്ളത്തിൽ കളിക്കുന്നതാണ് കൊമ്പന്റെ ഇഷ്ട വിനോദം. നൂറു കണക്കിനു സന്ദർശകർ നോക്കി നിൽ‍ക്കെയായിരുന്നു സമുദ്രയുടെ തകർപ്പൻ പ്രകടനം.ആളുകൾ നോക്കി നിൽക്കെ വെള്ളത്തിലേക്കോടിയിറങ്ങിയ സമുദ്ര  തുമ്പിക്കൈകൊണ്ട് വെള്ളം ഇളക്കിമറിച്ച ശേഷം വെള്ളത്തിനടിയിലേക്ക് തലകുത്തി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഒന്നുരണ്ടു തവണകൂടി വെള്ളത്തിൽ മുങ്ങിനിവർന്ന ശേഷം രണ്ടുകാലും ഉയർത്തിനിന്ന് തണ്ണിമത്തൻ വാങ്ങിക്കഴിച്ച് വെള്ളത്തിലേക്ക് മടങ്ങിയ കുട്ടിക്കൊമ്പന്റെ പ്രകടനത്തെ സന്ദർശകർ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു.

Samudra The Elephant

ഓറിഗൺ മൃഗശാലയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് സമുദ്രയുടെ വികൃതികൾ പങ്കുവച്ചത്. ജൂൺ 30ന് പോസ്റ്റ് ചെയ്ത ഈ ദൃശ്യങ്ങൾക്ക് വൻ വരവേൽപാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്. ഇപ്പോൾ തന്നെ 14 ലക്ഷത്തിലധികം ആളുകൾ ഈ വിഡിയോ കണ്ടു കഴിഞ്ഞു. എന്തായാലും വെള്ളത്തിൽ തലകുത്തി നിൽക്കുന്ന സമുദ്രയെന്ന കുട്ടിയാനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

Samudra The Elephant