ദിവസവും കഴിച്ചിരുന്നത് 200 വടാപാവും പായസവും ലഡ്ഡുവും; ആഹാര നിയന്ത്രണത്തിലൂടെ ആന കുറച്ചത് 700 കിലോ

Representative Image

വണ്ണം കുറക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര്‍ നിരവധിയാണ്. അമിതവണ്ണവും തൂക്കവും കുറച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായ പലരും ഉണ്ട്. എന്നാല്‍ ഇവര്‍ പരമാവധി തൂക്കം കുറച്ചിരിക്കുക 20 -30 കിലോ വരെയായിരിക്കും. എന്നാല്‍ 4 വര്‍ഷം കൊണ്ട് 700 കിലോ കുറച്ച ഒരാനയെ കൂടി ഇനി ഈ കാര്യത്തിൽ മാതൃകയാക്കാം.

നാലു വര്‍ഷം മുന്‍പു വരെ മുംബൈയിലെ മുലുന്ദ് മേഖലയിലെ അമ്പലങ്ങളിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു ലക്ഷ്മി എന്ന ആന. ദിവസേന ഇരുന്നൂറിലധികം വടാ പാവുകളും ലഡ്ഡുവും പായസം ഉള്‍പ്പടെയുള്ള മറ്റു മധുരപലഹാരങ്ങളുമായിരുന്നു ലക്ഷ്മിയുടെ പ്രധാന ആഹാരം. ഇങ്ങനെ ആവശ്യത്തിലധികം ഭക്ഷണം കഴിച്ചതോടെ ചെറുപ്പത്തിൽതന്നെ  അമിത വണ്ണം ലക്ഷ്മിയെ പിടികൂടി. ലക്ഷ്മിയുടെ ഒപ്പം തന്നെ അമ്പലങ്ങളിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന മറ്റൊരാന അമിതവണ്ണം മൂലമുള്ള രോഗങ്ങൾകൊണ്ടു ചെരിഞ്ഞതോടെയാണ് ലക്ഷ്മിയെ സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നത്.

നാലു വര്‍ഷം കൊണ്ട് ആഹാര നിയന്ത്രണത്തിലൂടെ 700 കിലോയാണ് ലക്ഷ്മിയുടെ കുറഞ്ഞത്. നാലു വര്‍ഷം മുന്‍പ് 18 വയസ്സുള്ളപ്പോള്‍ 5000 കിലോയായിരുന്നു  ലക്ഷ്മിയുടെ ഭാരം. അന്നത്തെ കണക്കനുസരിച്ച് 1300 കിലോ അധികതൂക്കമാണ് ലക്ഷ്മിക്കുണ്ടായിരുന്നത്. ഇപ്പോഴത്തെ പ്രായമനുസരിച്ച് 400 കിലോ അധിക തൂക്കമാണ് ലക്ഷ്മിക്കുള്ളത്. എങ്കിലും താരതമ്യേന ലക്ഷ്മി ആരോഗ്യവതിയാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം .

മധുരയിലെ എലിഫന്‍റ് കണ്‍സര്‍വേഷന്‍ ആന്‍റ് കെയര്‍ സെന്‍ററിലാണ് ലക്ഷ്മിയെ നാലു വര്‍ഷം മുന്‍പ് പുനരധിവസിപ്പിക്കുന്നതിനായി എത്തിച്ചത്. ഇവിടുത്തെ ചികിത്സയാണ് മാരക രോഗങ്ങളില്‍ നിന്നു രക്ഷിച്ച് ലക്ഷ്മിയെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. അതേസമയം ലക്ഷ്മിയുടെ ഉടമകള്‍ കൊടുത്ത കേസ് ഇതുവരെ അവസാനിച്ചിട്ടില്ല. ആനയുടെ അനാരോഗ്യം കണക്കിലെടുത്താണ്  മൃഗസ്നേഹികള്‍ പ്രത്യേക ഉത്തരവു കോടതിയില്‍ നിന്നുവാങ്ങി ലക്ഷ്മിയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. 

ആനയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുംബൈയിലെ അമ്പലത്തിന്‍റെ നടത്തിപ്പുകാര്‍. ഇക്കാര്യത്തില്‍ ഇനി കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അമ്പലത്തിലേക്ക് തിരികെ കൊണ്ടുപോയാൽ അനാരോഗ്യകരമായ പഴയശീലങ്ങൾ വീണ്ടും ആവർത്തിക്കുമെന്നാണ് മൃഗസ്നേഹികളുടെ വാദം.