പ്ലാവിൽ പത്തി വിടർത്തി മൂർഖൻ, കണ്ണിൽ ടോർച്ചടിച്ച് നാട്ടുകാർ; ഒടുവിൽ വാവ സുരേഷിന്റെ കുപ്പിയിൽ

വീട്ടുകാരെ ഭീതിയിലാഴ്ത്തിയ ശേഷം രക്ഷപ്പെട്ട് രാത്രി മരത്തിൽ കയറിയ മൂർഖനെ ടോർച്ച് വെളിച്ചത്തിൽ പിടിച്ചുനിർത്തിയത് അഞ്ചു മണിക്കൂർ. അവസാനം വാവാ സുരേഷ് എത്തി മരത്തിൽ നിന്നു കുലുക്കി താഴെയിട്ട് കുപ്പിയിലുമാക്കി. കറുകച്ചാൽ ചമ്പക്കര ഊന്നുകല്ല് ജോയിച്ചന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 9.30നാണ് മൂർഖനെ കണ്ടെത്തിയത്. ചേരപ്പാമ്പാണെന്ന് കരുതി വീട്ടുകാർ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് ആള് ചേരയല്ല മൂർഖനാണെന്ന സത്യം മനസിലായത്. പത്തി വിടർത്തിനിന്ന മൂർഖൻ അൽപസമയത്തിനു ശേഷം വീട്ടുമുറ്റത്തെ തൈപ്ലാവിനു മുകളിൽ കയറി.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ വാവാ സുരേഷിനെ സംഭവം അറിയിച്ചു. മൂർഖൻ രക്ഷപ്പെടാതിരിക്കാൻ പാമ്പിന്റെ മുഖത്തേക്കു ടോർച്ചടിക്കാൻ വാവാ സുരേഷ് നിർദേശിച്ചു.ദൗത്യം നാട്ടുകാരിൽ ചിലർ ഏറ്റെടുത്തു. വാവാ സുരേഷ് എത്തുന്നത് വരെയുള്ള അഞ്ച് മണിക്കൂർ ടോർച്ച് തെളിക്കാൻ അഞ്ച് ടോർച്ചുകളും വേണ്ടിവന്നു. ഇതിനിടയിൽ വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസും പാമ്പാടി അഗ്നിശമന സേനയും സ്ഥലത്തെത്തി. അഗ്നിശമനസേന ജനറേറ്റർ ലൈറ്റുപയോഗിച്ച് മൂർഖന് വെളിച്ചം കാട്ടി.

ഇന്നലെ പുലർച്ചെ മൂന്നോടെ സ്ഥലത്തെത്തിയ സുരേഷ് തൈപ്ലാവ് കുലുക്കി. മൂർഖൻ ഇരുന്ന ശിഖരമടക്കം ഒടിഞ്ഞു താഴെ വീണു. നിലത്തു വീണ മൂർഖനെ പിടികൂടി കുപ്പിയിലാക്കി. ആറടിയോളം നീളമുള്ള മൂർഖനാണിതെന്നും പത്ത് വയസ്സ് പ്രായമുണ്ടെന്നും സുരേഷ് അറിയിച്ചു.   മൂർഖനെ പിടികൂടുന്നതു കാണാൻ ഒട്ടേറെപ്പേർ സ്ഥലത്തെത്തിയിരുന്നു. സുരേഷ് മൂർഖനുമായി തിരുവനന്തപുരത്തേക്ക് മടങ്ങി. കഴിഞ്ഞ ദിവസം നെടുംകുന്നം മൈലാടി വട്ടക്കാവിനു സമീപവും മൂർഖൻ പാമ്പിനെ സുരേഷ് പിടികൂടിയിരുന്നു.