യതി എന്നും എല്ലാവർക്കും ഒരു സമസ്യയായിരുന്നു. ഹിമാലയൻ മലനിരകളിലും മഞ്ഞുമൂടിക്കിടക്കുന്ന മറ്റിടങ്ങളിലും ഈ മഞ്ഞുമനുഷ്യനെ പലപ്പോഴും കണ്ടതായി പലരും അവകാശപ്പെട്ടു. മഞ്ഞുമനുഷ്യൻ അഥവാ യതി സത്യമാണെന്നു വിശ്വസിക്കാൻ പോന്ന തെളിവുകളും ഈ വിശ്വാസത്തിന് ആക്കം കൂട്ടി.
1925 ലാണ് ഹിമാലയത്തില്‍ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്. പിന്നീട് ഇതുവരെ പലതവണ പല ഹിമാലയന്‍ യാത്രക്കാരും ഈ രൂപത്തെ കണ്ടതായി റിപ്പോര്‍ട്ടു ചെയ്തു. പാതി മനുഷ്യനും പാതി മൃഗവുമായി അറിയപ്പെട്ട ഈ ജീവിക്ക് യതി എന്ന പേരും നല്‍കി. യതി എന്നത് സത്യമോ മിഥ്യയോ എന്ന് തര്‍ക്കം നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല.
ഈ ആശയക്കുഴപ്പത്തിനാണ് ന്യൂയോര്‍ക്കിലെ ബഫല്ലോ കോളജിലെ ഗവേഷകര്‍ അറുതി വരുത്തിയിരിക്കുന്നത്. യതി എന്നത് മനുഷ്യനോ മനുഷ്യമൃഗമോ അല്ല കരടിയാണെന്നാണ് ഇവര്‍ കണ്ടെത്തിയത്. യതിയുടേതെന്നു വിശ്വസിച്ചിരുന്ന അസാധാരണ വലിപ്പുള്ള ഫോസില്‍ കരടിയുടേതാണെന്നും ഗവേഷകര്‍ കണ്ടെത്തി. പലപ്പോഴായി യതിയുടേതെന്നു കരുതി പലരും ശേഖരിച്ച ഫോസിലുകളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഈ ഫോസിലുകള്‍ മാത്രമാണ് യതി എന്ന ജീവി ഹിമാലയത്തിലുണ്ടെന്ന വാദങ്ങള്‍ക്കു ദുര്‍ബലമായ പിന്തുണയെങ്കിലും നല്‍കിയിരുന്നത്.
മൂന്നു വിധത്തിലുള്ള കരടികളാണ് ഹിമാലയത്തിലുള്ളത്. ഹിമക്കരടികളുടേതിനു തുല്യമായ വെളുത്ത കരടികള്‍, കറുത്ത കരടികള്‍, തവിട്ടു നിറമുള്ള കരടികള്‍. ഇവയില്‍ ഏറ്റവും വലിപ്പമേറിയത് തവിട്ടു നിറമുള്ള കരടികളാണ്. ഇവയെ ആയിരിക്കാം യതിയായി യാത്രക്കാര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവുകയെന്നാണ് ഗവേഷകര്‍ പറയുന്നത്.
1921ല്‍ ചാള്‍സ് ഹവാര്‍ഡ് എന്ന ഇംഗ്ലീഷ് സൈന്യത്തിലെ കേണല്‍ ആണ് യതിയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്ന വ്യക്തി. എവറസ്റ്റിനു സമീപമുള്ള ലഗ്ബ ലാ ചുരത്തില്‍ കണ്ടെത്തിയ വലിയ കാല്‍പാടുകളെക്കുറിച്ച് ഇദ്ദേഹം കൂടെയുണ്ടായിരുന്ന ഷെര്‍പമാരോട് തിരക്കി. ഇവരാണ് അസാധാരണ വലിപ്പമുള്ള ഹിമമനുഷ്യനെക്കുറിച്ചു കേണലിനോട് വിശദീകരിക്കുന്നത്. വലിയ ചെന്നായുടെ കാല്‍പാടുകളോടാണ് അന്ന് ചാള്‍സ് ഹവാര്‍ഡ് അവയെ സാമ്യപ്പെടുത്തിയത്.
ഏതായാലും ശാസ്ത്രീയമായ വിശദീകരണത്തോടെയുള്ള ഈ പുതിയ കണ്ടെത്തൽ യതി എന്ന ഹിമമനുഷ്യനെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണു കരുതുന്നത്.