സ്കോട്‌ലൻഡിലെ ചെറുദ്വീപുകളിലൊന്നായ ‘ഐൽ ഓഫ് സ്കൈ’ പരിസ്ഥിതി ശാസ്ത്രജ്ഞർക്ക് ഇന്നും കൗതുകമാണ്. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിലുണ്ടായ ഒരു അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമാണ് ആ ദ്വീപെന്നാണു കരുതപ്പെടുന്നത്. അന്ന് വൻതോതിൽ പുറന്തള്ളപ്പെട്ട ലാവയിൽ നിന്നാണ് ദ്വീപുണ്ടായത് എന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ ഗവേഷകരുടെ കൗതുകം ഇനിയും അവസാനിച്ചിട്ടില്ല. അവർ ലാവയുടെ ഓരോ പാളികളും ഇന്നും പരിശോധിച്ചി കൊണ്ടിരിക്കുന്നു. അത്തരമൊരു പരിശോധനയിലായിരുന്നു ലണ്ടൻ സർവകലാശാലയിലെ രണ്ടു ഗവേഷകരും: സൈമൺ ഡ്രേക്കും ആൻഡി ബിയേഡും. ആറു കോടി വർഷങ്ങൾക്കു മുൻപ് ഒരു ഛിന്നഗ്രഹം ഐൽ ഓഫ് സ്കൈയിൽ വന്നിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതു വന്നിടിച്ച പ്രദേശത്തായിരുന്നു ഇരുഗവേഷകരുടെയും പരിശോധന.
അവിടെ കണ്ടെത്തിയ ലാവയുടെ ഒരു പാളി പരിശോധിച്ചപ്പോഴാണ് അവർ ഞെട്ടിപ്പോയത്. പ്രത്യേകതരം നിറങ്ങൾ ചേർന്നൊരു തരം പാറയായിരുന്നു അത്. ഭൂമിയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം. സ്വാഭാവികമായും അതെടുത്ത് കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കാൻ തീരുമാനിച്ചു. ലാബിലേക്കും അയച്ചു. ലാബ് ഫലം വന്നപ്പോഴാണ് തങ്ങൾ കണ്ടുപിടിച്ച ‘അദ്ഭുതപ്പാറ’യുടെ മൂല്യം അവർ തിരിച്ചറിഞ്ഞത്. ഭൂമിയിൽ ഒരിടത്തും കാണാത്ത തരം ധാതുക്കളായിരുന്നു പാറയിൽ. അതായത് അവയെത്തിയിരിക്കുന്നത് അന്യഗ്രഹത്തിൽ നിന്നാണ്. ഓസ്ബോണൈറ്റ് എന്ന ധാതുവാണ് ഗവേഷകർക്കു മുന്നിൽ തെളിഞ്ഞത്. വനേഡിയം, നിയോബിയം തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമാണ് ഓസ്ബോണൈറ്റ്. ഭൂമിയിലെ ഇരുമ്പുമായി കൂടിച്ചേർന്ന നിലയിലായിരുന്നു ഇത്. അതുകൊണ്ടാണ് പ്രത്യേക നിറങ്ങളും ലഭിച്ചത്. ആ നിറങ്ങൾക്കു പോലുമുണ്ടായിരുന്നു കാഴ്ചയിൽ ഒരു ‘അന്യഗ്രഹ’ സ്വഭാവം.
ഭൂമിക്കു പുറത്തുനിന്നാണ് ഇവയെന്ന് ഉറപ്പിച്ചു പറയാനുമുണ്ട് കാരണം. 2004ൽ നാസയുടെ സ്റ്റാർഡസ്റ്റ് എന്ന ബഹിരാകാശ പേടകമാണ് ഉൽക്കകളിൽ വൻതോതിൽ ഓസ്ബോണൈറ്റുണ്ടെന്നു കണ്ടെത്തിയത്. ഒരു ഉൽക്കയുടെ പാത പിന്തുടർന്നപ്പോഴായിരുന്നു ഈ കണ്ടെത്തൽ. വൈൽഡ് 2 എന്നു പേരുള്ള ആ ഉൽക്കാശില പോകും വഴി പൊടിപടലങ്ങളുടെ ഒരു നീളൻ ‘വാലു’മുണ്ടായിരുന്നു. ഒന്നും രണ്ടുമല്ല 450 കോടി വർഷം പഴക്കമുള്ളതാണ് വൈൽഡ് 2 ഉൽക്ക. അതിനാൽത്തന്നെ അവയിൽ നിന്നു ലഭിക്കുന്ന ചെറിയ സാംപിൾ പോലും ഗവേഷകർക്ക് അപൂർവ നിധിക്കു തുല്യവും. ഉൽക്കയിൽ നിന്നു വിട്ടു പോകുന്ന ഭാഗങ്ങളാണ് വാൽനക്ഷത്രമായി ഭൂമിയിലേക്കു പതിക്കുന്നത്. ഐൽ ഓഫ് സ്കൈയിൽ നിന്നു ലഭിച്ച ഓസ്ബോണൈറ്റാണെങ്കിൽ ഒട്ടും ഉരുകിയ നിലയിലുമായിരുന്നില്ല. അതിനാൽത്തന്നെ അവ ഉൽക്കയുടെ ഉരുകിത്തീരാത്ത ഭാഗത്തു നിന്നുള്ള ‘ഒറിജിനൽ’ കഷ്ണമാണെന്ന ഗുണവുമുണ്ട്.
റീയഡൈറ്റ് എന്ന ധാതുവിന്റെ സാന്നിധ്യവും ഈ പാറകളുടെ ഉദ്ഭവം സംബന്ധിച്ച തെളിവു നൽകുന്നുണ്ട്. ഉയർന്ന മർദ്ദത്തിൽ ഭൂമിയിൽ ഒരു ഉൽക്ക പതിച്ചാൽ അതിനകത്തെ സിർകോൺ എന്ന ധാതുവിന് രൂപമാറ്റം സംഭവിക്കും. അത് റീയഡൈറ്റ് ആയി മാറും. സിർകോണിന്റെ ഇത്തരത്തിലുള്ള രൂപമാറ്റം ഭൂമിയിൽ ഉൽക്കാപതനം സംഭവിച്ചയിടങ്ങളിൽ നിന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഐൽ ഓഫ് സ്കൈയിൽ മറ്റൊരു ഭാഗത്തു പരിശോധിച്ചപ്പോൾ റീയഡൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടു മീറ്റർ കനമുള്ള ലാവയുടെ പാളിയ്ക്കു താഴെയായിരുന്നു ഇത്.
ഉൽക്കാപതനം ദ്വീപിരിക്കുന്ന സ്ഥാനത്തു കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് നടന്നിട്ടുണ്ടെന്നു മാത്രമല്ല അത് അതീവ ശക്തമായിരുന്നുവെന്നും തെളിവുകൾ സ്ഥാപിക്കുന്നു. ദ്വീപിന്റെ രൂപീകരണത്തിലേക്കു നയിച്ചത് ഈ ഉൽക്കയായിരുന്നോയെന്നും ഗവേഷകർ അന്വേഷിക്കുന്നുണ്ട്. കാരണം ഭൂമിക്കടിയിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ലാവയുടെ വരവ്. അതിനു വേണ്ടതായ വിള്ളലുകളുണ്ടാകാനുള്ള ഭൂകമ്പ സാധ്യതാമേഖലയുമായിരുന്നില്ല അത്. ഉൽക്കാപതനത്തെത്തുടർന്നുണ്ടായ വിള്ളലിലൂടെയാണ് ലാവ പുറത്തു വന്നതെന്ന സംശയവും ഇതോടെ ബലപ്പെട്ടു. ഇക്കാര്യം ഉറപ്പാക്കുന്നതിന് ദ്വീപിന്റെ മറ്റു മേഖലകളിലും പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് ഗവേഷകർ.