Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രപഞ്ചത്തിൽ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത നിഗൂഢ വസ്തു ഈജിപ്തിലെ മരുഭൂമിയില്‍!

Hypatia Stone

1996 ഡിസംബറിലാണ്; ഈജിപ്ഷ്യൻ ജിയോളജിസ്റ്റായ അലി ബറാക്കാത്ത് സഹാറ മരുഭൂമിയില്‍ തന്റെ പതിവു ഗവേഷണത്തിലായിരുന്നു. ലിബിയൻ ഡെസർട് ഗ്ലാസുകളിലാണ് അലിയുടെ പഠനം. കിഴക്കൻ ലിബിയയിലെയും പടിഞ്ഞാറൻ ഈജിപ്തിലെയും സഹാറ മരുഭൂമിയുടെ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു തരം വസ്തുക്കളാണ് ഡെസർട് ഗ്ലാസ് എന്നറിയപ്പെടുന്നത്. 2.8 കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ പതിച്ച ഒരു ഉൽക്കയിൽ നിന്നുള്ള ഭാഗങ്ങളാണ് ഇതെന്നാണു കരുതുന്നത്. എന്നാൽ പതിവുനിരീക്ഷണത്തിനിടെ കണ്ടെത്തിയ ഒരു സംഗതി അലിയുടെ കണ്ണിലുടക്കി. പലതരം വർണങ്ങൾ നിറഞ്ഞ ഒരു കല്ല്! എന്തുതരം ധാതുവാണതെന്ന് അലിക്കു മനസ്സിലായില്ല. അദ്ദേഹത്തിനു മാത്രമല്ല രണ്ടു ദശാബ്ദക്കാലത്തിലേറെ പഠനം നടത്തിയിട്ടും ആ ധാതുക്കളുടെ വരവ് എവിടെ നിന്നാണെന്ന് ശാസ്ത്രലോകത്തിനും പിടികിട്ടിയിട്ടില്ല. 

ഏറ്റവും പുതിയ സ്കാനിങ് സാങ്കേതികത ഉപയോഗിച്ച് അവർ നടത്തിയ നിരീക്ഷണത്തിൽ ഒരുകാര്യം മാത്രം വ്യക്തമായി– സൗരയൂഥത്തിൽ എവിടെയും ഇത്തരമൊരു വസ്തുവിനെ ഇതിനു മുൻപ് കണ്ടെത്താനായിട്ടില്ല. ഇതുവരെ കണ്ടെത്തിയ ഛിന്നഗ്രഹങ്ങളിലോ ഉൽക്കയിലോ ഇത്തരമൊരു വസ്തുവില്ല. ലോകത്ത് ആരും ഇന്നേവരെ കാണാത്ത തരം ധാതുക്കളുടെ കൂട്ടായ്മയായിരുന്നു അത്. അതും ഒരു വസ്തുവിലും കാണാത്ത തരത്തിൽ, തികച്ചും വ്യത്യസ്തമായി വിന്യസിക്കപ്പെട്ട മൂലകങ്ങളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യത്തോടെ! 

2013ലാണ് ലോകത്ത് എവിടെയും ഇന്നേവരെ കാണാത്ത തരം ധാതുക്കളാണ് തങ്ങൾക്കു ലഭിച്ചിരിക്കുന്നതെന്ന് പഠനം നടത്തുന്ന ജൊഹന്നാസ്ബർഗ് യൂണിവേഴ്സിറ്റി വ്യക്തമാക്കിയത്. ആ ‘കല്ലിന്’ ഒരു പേരും നൽകി–ഹൈപേഷ്യ. എഡി നാലാം നൂറ്റാണ്ടിൽ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്ന ഗണിത–വാനശാസ്ത്ര വിദഗ്ധയായിരുന്നു ഹൈപേഷ്യ. അന്നത്തെ മതാചാര്യന്മാർക്ക് ഒരുതരത്തിലും അംഗീകരിക്കാനാകാത്ത വിധം ശാസ്ത്രത്തിന്റെ സഹായത്തോടെ പല അന്ധവിശ്വാസങ്ങളുടെയും യാഥാർഥ്യം പുറത്തു കൊണ്ടുവന്നതോടെയാണ് ഹൈപേഷ്യ കൊല്ലപ്പെടുന്നത്. അവരോടുള്ള ആദരസൂചകമായിട്ടായിരുന്നു പേര്. 

സൗരയൂഥം എങ്ങനെയാണു രൂപീകരിക്കപ്പെട്ടത് എന്നതിനുൾപ്പെടെയുള്ള ഉത്തരമാണ് ‘ഹൈപേഷ്യക്കല്ല്’ ഒളിച്ചു വച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. പ്രപഞ്ചം രൂപമെടുക്കുന്ന സമയത്തായിരുന്നിരിക്കണം ഹൈപേഷ്യയുടെയും ജനനം. അതായത് സൂര്യനും അതിനെ ചുറ്റിയുള്ള ഗ്രഹങ്ങൾക്കും ഏറെ മുൻപേ രൂപപ്പെട്ടവ! അതിനാൽത്തന്നെ ഇന്നേവരെ എഴുതി വച്ചിട്ടുള്ള സൗരയൂഥ ചരിത്രത്തെ മൊത്തം തിരുത്തിയെഴുതാവുന്ന വിധം രഹസ്യങ്ങളാണ് ഹൈപേഷ്യയിൽ ഒളിച്ചിരിക്കുന്നത്. ഭൂമിയിലേക്ക് പതിക്കുമ്പോൾ മീറ്ററുകൾ വ്യാസമുള്ള കല്ലായിരുന്നിരിക്കണം ഇത്. വീഴ്ചയുടെ ആഘാതത്തിൽ സെന്റിമീറ്ററുകൾ മാത്രം വലുപ്പത്തിലുള്ള കഷണങ്ങളായി ചിതറി. ‘പെബ്ൾസ്’ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു സെന്റി മീറ്റർ മാത്രം വലുപ്പമുള്ള കൂടുതൽ കല്ലുകൾ ലഭിക്കാനുള്ള സാധ്യതയും അതിനാൽ ഗവേഷകർ തള്ളിക്കളയുന്നില്ല. വജ്രം ഉൾപ്പെടെയുണ്ട് ഇവയ്ക്കുള്ളിൽ. 

Hypatia Stone

ഹൈപേഷ്യയുടെ ആവിർഭാവം സംബന്ധിച്ച് രണ്ടു സിദ്ധാന്തങ്ങളാണു ഗവേഷകർ മുന്നോട്ടു വയ്ക്കുന്നത്. ഒന്ന്– സൗരയൂഥത്തിന്റെ രൂപീകരണത്തിനും മുൻപേയുണ്ടായിരുന്ന ഒരു ഉൽക്കയുടെ ഭാഗമാണ് ഹൈപേഷ്യ. പിന്നീട് ഭൂമിയുടെ രൂപീകരണത്തിനു ശേഷം അതിലേക്ക് പതിച്ചതാകണം. രണ്ട്– സൗരയൂഥം രൂപീകരിക്കപ്പെട്ട അതേ ‘കോസ്മിക് ഡസ്റ്റ് ക്ലൗഡി’ൽ നിന്നു തന്നെയാകണം ഹൈപേഷ്യയും രൂപീകരിക്കപ്പെട്ടത്. രണ്ടായാലും പ്രപഞ്ചരൂപീകരണം സംബന്ധിച്ച നിഗൂഢ രഹസ്യങ്ങളാണ് ഈ ‘അദ്ഭുതക്കല്ല്’ ഒളിച്ചു വച്ചിരിക്കുന്നത്. പഠനത്തിന്റെ വിവരങ്ങൾ ജിയോകെമിക്കൽ സൊസൈറ്റിയുടെയും മീറ്റിയോറിറ്റിക്കൽ സൊസൈറ്റിയുടെയും സംയുക്ത ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.