കണ്ടെത്തിയത് സമുദ്രത്തിനടിയിലെ നീളൻ തുരങ്കം; ദൃശ്യങ്ങൾ കൗതുകമാകുന്നു

Underwater archeologists in Mexico have discovered the world's largest flooded cave. Image Credit: Herbert Meyrl

സമുദ്രത്തിനടിയിലെ ഏറ്റവും നീളം കൂടിയ തുരങ്കം മെക്സിക്കോയില്‍ കണ്ടെത്തി. മായന്‍ സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നടന്ന പര്യവേഷണത്തിലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കം കണ്ടെത്തിയത്. 347 കിലോമീറ്ററാണ് ഈ തുരങ്കത്തിന്റെ നീളം. മുന്‍പ് രണ്ട് തുരങ്കങ്ങളായി കരുതിയിരുന്ന ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മെക്സിക്കോയിൽ കണ്ടെത്തിയ ഈ തുരങ്കം സമുദ്രത്തിനടിയിലെ ഏറ്റവും വലിയ തുരങ്കമായി മാറിയത്.

കിഴക്കന്‍ മെക്സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലുള്ള സാക് അക്റ്റണ്‍, ഡോസ് ഓജോസ് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരുന്ന തുരങ്കങ്ങളാണ് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞത്. സാക് ആക്റ്റണ്‍ ഡോസ് ഓജോസിനെ വിഴുങ്ങി എന്നാണ് ഇതേക്കുറിച്ച് പര്യവേഷണം നടത്തുന്ന ഗവേഷക സംഘം പ്രതികരിച്ചത്. 263 കിലോമീറ്റര്‍ ആയിരുന്നു സാക് ആക്റ്റണിന്റെ നീളം, ഡോസ് ഓജോസിന്റെത് 83 കിലോമീറ്ററും. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററും കൂടി ചേര്‍ത്താണ് പുതിയ ഗുഹയുടെ നീളം 347 ആയി കണക്കാക്കുന്നത്.

Underwater archeologists in Mexico have discovered the world's largest flooded cave. Image Credit: Herbert Meyrl

മാസങ്ങളോളം നീണ്ട പര്യവേഷണത്തിനൊടുവിലാണ് ഗവേഷരുടെ ഈ കണ്ടെത്തല്‍. ആധുനിക ലോകം ഈ ഗുഹകളെ തിരിച്ചറിയുന്നത് വൈകിയാണെങ്കിലും ഇവിടെ നിലനിന്നിരുന്ന മായന്‍ സംസ്കാരത്തിന് ഗുഹകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതിനു തെളിവായി മായന്‍ പാത്രങ്ങളും വളര്‍ത്തു മൃഗങ്ങളുടെ അസ്ഥികൂടങ്ങളുമെല്ലാം ഈ ഗുഹകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് ഈ ഗുഹയുടെ വലിയൊരു ഭാഗം സമുദ്രത്തിനു മുകളിലായിരുന്നുവെന്നാണ് നിഗമനം.

മായന്‍ സംസ്കാരത്തിന്റെ വൈവിധ്യം വെളിവാക്കുന്നതാണ് ഗുഹയ്ക്കകത്തു നിന്നു ലഭിച്ച തെളിവുകളെന്ന് പര്യവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ.ഗുലെര്‍മോ ഡെ അൻഡ പറഞ്ഞു. സ്പാനിഷ് അധിനിവേശത്തിനു മുന്‍പ് നിലനിന്നിരുന്ന സംസ്കാരത്തിന്റെ പ്രൌഢി കാണിക്കുന്ന നിരവധി തെളിവുകള്‍ ഗുഹക്കകത്തു നിന്ന് ലഭിച്ചിട്ടുണ്ട്. സംസ്കാരം അതിന്റെ പ്രൌഢിയില്‍ നിലനിന്നിരുന്ന സമയത്ത് തന്നെയാകണം ഗുഹ കടലില്‍ മുങ്ങിയതെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. അതിനാലാണ് ഈ തെളിവുകള്‍ കോട്ടം തട്ടാതെ സംരക്ഷിക്കപ്പെട്ടതെന്നാണ് ഡോ. ഗുലെര്‍മോയും വിശദീകരിക്കുന്നത്.