ക്യാപിറ്റൻ 15 വയസ്സുള്ള ഒരു അൽസേഷ്യൻ നായയായിരുന്നു. നീണ്ട 11 വർഷം തന്റെ ജയമാനന്റെ കല്ലറയ്ക്കരികിൽ കാവൽ നിന്നാണ് വിശ്വസ്തനായ ഈ നായ ലോകശ്രദ്ധ നേടിയത്. അർജന്റീനയിലെ കോർഡോബയിലുള്ള വില്ലാ കാർലോസ് പാസിൽ നിന്നുള്ളതാണ് കരളലിയിക്കുന്ന ഈ സംഭവം.
2006ലാണ് ക്യാപിറ്റന്റെ ഉടമ മിഗ്വേൽ ഗുസ്മാൻ മരിച്ചത്. കുറച്ച് ദിവസങ്ങൾക്കകം ക്യാപിറ്റനെ കാണാതായിരുന്നു. ഏറെ തിരച്ചിലുകൾ നടത്തിയെങ്കിലും ക്യാപിറ്റനെ കണ്ടെത്താനായില്ല. ക്യാപിറ്റൻ എവിടേക്കോ ഓടിപ്പോയതാകാമെന്നാണ് അവർ കരുതിയത്. എന്നാൽ മാസങ്ങൾക്ക് ശേഷം തന്റെ യജമാനന്റെ കല്ലറയ്ക്കരികിൽ ക്യാപിറ്റനെ കണ്ടെത്തിയപ്പോഴാണ് വീട്ടുകാർ അമ്പരന്നത്. എങ്ങനെയാണ് ക്യാപിറ്റൻ സെമിത്തേരിയിലെത്തിയതെന്ന് ഇന്നും ആർക്കുമറിയില്ല. മിഗ്വലിന്റെ ഭാര്യയാണ് മസങ്ങൾക്കു ശേഷം കല്ലറയ്ക്കരികിൽ കാവൽ നിൽക്കുന്ന ക്യാപിറ്റനെ കണ്ടെത്തിയത്. ഇവർ ക്യാപിറ്റനെ പലതവണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും വീട്ടിൽ നിൽക്കാൻ കൂട്ടാക്കാതെ ക്യാപ്റ്റൻ സെമിത്തേരിയിലേക്കു തന്നെ മടങ്ങി.
ക്യാപിറ്റൻ സെമിത്തേരിയിലെത്തിയതിനെക്കുറിച്ച് അവിടുത്തെ ഡയറക്ടർ ഹെക്ടർ ബക്കേഗ മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെയാണ്. ഒരു ദിവസം എവിടെനിന്നോ അലഞ്ഞു തിരിഞ്ഞെത്തിയ നായ സെമിത്തേരിയിൽ മുഴുവൻ ചുറ്റിത്തിരിഞ്ഞു നടന്നു. മണം പിടിച്ച് ഒടുവിൽ ഒരു കല്ലറയ്ക്കു സമീപമിരുന്നു. കാര്യമെന്താണെന്ന് അന്ന് മനസ്സിലായില്ലെങ്കിലും നായയെ അവിടെ നിന്നും പുറത്താക്കിയില്ല. ആദ്യ ദിവസങ്ങളിൽ സെമിത്തേരിക്കു ചുറ്റും നടക്കുമായിരുന്നു. എങ്കിലും വേഗം തന്നെ കല്ലറയ്ക്കരികിലേക്ക് മടങ്ങുമായിരുന്നു. എല്ലാ ദിവസവും കൃത്യം ആറ് മണിയാകുമ്പോൾ കല്ലറയ്ക്കു മുകളിൽ കയറി കിടക്കും. അന്നു മുതൽ ക്യാപിറ്റന്റെ സംരക്ഷണ ചുമതല ഹെക്ടർ ഏറ്റെടുത്തു. പിന്നീടാണ് മിഗ്വേലിന്റെ കുടുംബാംഗങ്ങളെത്തി ക്യാപിറ്റനെ തിരിച്ചറിഞ്ഞതും നായ ഇവിടെ തങ്ങുന്നതിന്റെ രഹസ്യം വ്യക്തമാക്കിയതും. ഇക്കാലമത്രയും രാത്രി മുഴുവൻ തന്റെ യജമാനനൊപ്പമായിരുന്നു ക്യാപിറ്റന്റെ കിടപ്പ്.
ഏകദേശം 11 വർഷത്തോളം ഈ സെമിത്തേരിയിൽ യജമാനന്റെ കല്ലറയ്ക്കരികിലായിരുന്നു ക്യാപിറ്റന്റെ ജീവിതം. ലോകമാധ്യമങ്ങെല്ലാം ക്യാപിറ്റന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെ എല്ലാവർക്കും പ്രിയങ്കരനായി ക്യാപിറ്റൻ സെമിത്തേരിയിൽ കഴിയവേയാണ് നാല് വർഷം മുൻപ് മൃഗഡോക്ടറുടെ അടുത്ത് പരിശോധനയ്ക്കു കൊണ്ടുപോയപ്പോൾ കിഡ്നി തകരാറിലാണെന്നറിയുന്നത്. പിന്നീട് അതിനനുസരിച്ചുള്ള ഭക്ഷണവും മരുന്നുകളുമൊക്കെയാണ് ക്യാപിറ്റനു നൽകിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ക്ഷീണിതനായിരുന്നു. പ്രായവും ശാരീരിക തകരാറുകളും കാരണം ഓപ്പറേഷൻ നടത്തിയാലും ക്യാപിറ്റന്റെ ജീവൻ രക്ഷിക്കാനാവില്ലന്ന് പരിശോധിച്ച ഡോക്ടർ ക്രിസ്റ്റ്യൻ സെമ്പിളും വിധിയെഴുതി. ഇതോടെ സ്വാഭാവിക മരണത്തിനായി സെമിത്തേരിയിലേക്കു തന്നെ ക്യാപ്റ്റനെ മടക്കിയയച്ചു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സെമിത്തേരിയിലെ യജമാനന്റെ കല്ലറയ്ക്കരികിൽ ചിലവഴിച്ച ക്യാപിറ്റൻ അവിടെത്തന്നെ കിടന്ന് മരണത്തെയും പുൽകി.
കാർലോസ് പാസിലെ ജനങ്ങൾക്ക് ക്യാപിറ്റൻ വെറുമൊരു നായയായിരുന്നില്ല. യജമാനനൻ തിരിച്ചു വരുന്നതും കാത്ത് 9 വർഷത്തോളം ജപ്പാനിലെ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ഹാച്ചിക്കോയെ പോലെയും അകിതയെപ്പോലെയുമുള്ള വിശ്വസ്തനായ നായയുടെ പ്രതീകമായിരുന്നു അവൻ. യജമാനന്റെ കല്ലറയ്ക്കരികിൽ തന്നെയാണ് ക്യാപിറ്റനെയും സംസ്ക്കരിച്ചത്. ക്യാപിറ്റന്റെ ഓർമ്മയ്ക്കായി ഒരു സ്മാരകം പണിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇവിടുത്തെ ജനങ്ങൾ.