വിഷത്തിന്റെ വീര്യത്തിൽ രാജവെമ്പാലയേക്കാള്‍ കേമൻ; ഈജിപ്ഷ്യന്‍ കോബ്ര

മുതലകളെ വ്യാവസായികമായി വളര്‍ത്തി ലാഭം കൊയ്യുന്ന രാജ്യമാണ് കെനിയ. മുതലകളെ കൂടാതെ രാജ്യത്തിപ്പോള്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന വ്യവസായമാണ് പാമ്പു വളര്‍ത്തല്‍. കടുത്ത വിഷമുള്ള പാമ്പുകളെയും കൂറ്റന്‍ പെരുമ്പാമ്പുകളയുമാണ് ഇങ്ങനെ ഫാമുകളിൽ വളർത്തുന്നത്. 23 സ്നേക്ക് ഫാമുകളിലായി ഇരുപതിനായിരത്തിലേറെ പാമ്പുകളെയാണ് കെനിയയില്‍ വളര്‍ത്തുന്നത്.

സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ഇത്തരം ഫാമുകളുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം പാമ്പുകളെ കയറ്റുമതി ചെയ്യുന്നതും ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. മൃഗശാലകളിലേക്കും ഗവേഷകര്‍ക്കുമെല്ലാമാണ് പാമ്പുകളെ കയറ്റുമതി ചെയ്യുന്നത്. ഇരുന്നൂറോളം ജോലിക്കാരുള്ള ഫാമുകള്‍ വരെ കെനിയയിലുണ്ട്.

ഈജിപ്ഷ്യന്‍ കോബ്ര ഗണത്തില്‍ പെട്ട പാമ്പുകളാണ് എല്ലാ ഫാമുകളിലെയും പ്രധാനയിനം. കാഴ്ചയില്‍ തന്നെ അതീവ ഭീതിജനിപ്പിക്കുന്ന വന്യസൗന്ദര്യമാണ് ഇവയുടെ പ്രത്യേകത. ഇവയുടെ കടിയേറ്റാല്‍ 15 മിനിട്ടിനുള്ളില്‍ മരണം സംഭവിക്കും. അതായത് രാജവെമ്പാലയേക്കാള്‍ വിഷത്തിന്‍റെ കാര്യത്തില്‍ കേമനാണ് ഈജിപ്ഷ്യന്‍ കോബ്രാ. പേരില്‍ ഈജിപ്റ്റ് ഉണ്ടെങ്കിലും മധ്യേഷ്യയിലും ഇവ ധാരാളമായി കാണപ്പെടുന്നു. അതിനാല്‍ തന്നെ ഏഷ്യയിലെ ഏറ്റവും വിഷമുള്ള പാമ്പും ഇവയാണ്. ആഫ്രിക്കയിൽ ധാരളമായി കാണപ്പെടുന്ന ഇവ ഇവിടെ കാണപ്പെടുന്ന മൂർഖൻ പാമ്പകളുടെ ഗണത്തിലും വലിപ്പത്തിൽ മുന്നിലാണ്.

വിഷപ്പാമ്പുകളും പെരുമ്പാമ്പുകളും ധാരാളമായതിനാല്‍ അപകടങ്ങളും ഇത്തരം ഫാമുകളില്‍ തുടർകഥയാണ്. എല്ലാ ഫാമുകളിലും വിഷസംഹാരി കരുതിയിട്ടുള്ളതിനാല്‍ ആർക്കും മരണം സംഭവിക്കാറില്ലെങ്കിലും വിഷസംഹാരി കുത്തിവയ്ക്കാന്‍ അൽപം വൈകിയതു മൂലം കയ്യോ കാലോ മുറിച്ചു മാറ്റേണ്ടി വന്ന ജോലിക്കാര്‍ നിരവധിയാണ്. ഇതോടൊപ്പം പെരുമ്പാമ്പ് ചുറ്റിവരിഞ്ഞതിനെ തുടര്‍ന്ന് അസ്ഥി നുറുങ്ങിപ്പോയവരുമുണ്ട്.എങ്കിലും മികച്ച വരുമാന മാർഗമായതിനാല്‍ ഫാമുകളുടെ എണ്ണം രാജ്യത്തു വർധിച്ചു വരികയാണ്.