മുതലകളെ വിരട്ടിയോടിച്ചിരുന്ന നായയ്ക്ക് ഒടുവില്‍ സംഭവിച്ചത്?

ഒരിക്കല്‍ ചക്ക വീണ് മുയല് ചത്തെന്ന് കരുതി എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല .അതാണ് ഓസ്ട്രേലിയയിലെ പിപ എന്ന ടെറിയര്‍ ഇനത്തില്‍ പെട്ട പട്ടിയുടെ കാര്യത്തിലും സംഭവിച്ചത്. പല തവണാണ് ഈ നായയെ ഭാഗ്യം തുണച്ചത്. മുതലകളെ കുരച്ചും കടിച്ചും ഭയപ്പെടുത്തി തിരിച്ചയച്ചിരുന്ന പിപ ഇക്കാരണങ്ങളാല്‍ തന്നെ ഓസ്ട്രേലിയയിൽ താരമായിരുന്നു. ഏതായാലും ഒടുവില്‍ ഒരു മുതല തന്നെ പിപയെ ആഹാരമാക്കിയതോടെ ആ കഥയ്ക്ക് തിരശ്ശീല വീണു.

അഡ്‌ലെയ്ഡ് നദിയുടെ തീരങ്ങളില്‍ വിശ്രമിക്കാനെത്തുന്ന കൂറ്റന്‍ കായല്‍ മുതലകള്‍ ഓസ്ട്രേലിയയിലെ ചെറുകിട പട്ടണമായ ഗോട്ട് ഐലന്‍ഡിലെ കൗതുക കാഴ്ചയാണ്. ഈ കാഴ്ചയ്ക്ക് കൂടുതല്‍ ഹരം പകര്‍ന്ന് കൊണ്ടാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിപ എത്തിയത്. ഉടമയ്ക്കൊപ്പം നടക്കാനിറങ്ങിയ പിപ തീരത്തുറങ്ങുന്ന മുതലകളെ വിരട്ടിയോടിക്കാന്‍ തുടങ്ങി. സാധാരണ നായകള്‍ മുതലയുടെ അടുത്തേക്കു പോലും പോകാന്‍ ഭയക്കുമ്പോള്‍ പിപയുടെ ഈ ധീരകൃത്യം കൗതുകമുണ്ടാക്കി.

വൈകാതെ മുതലകളെ വിരട്ടുന്നത് പിപയുടെ ദിനചര്യയായി  മാറി. ഈ കാഴ്ച കാണാനായി ഇവിടേക്കെത്തുന്ന ആളുകളുടെ എണ്ണവും വർധിച്ചു.ഒരു പ്രാദേശിക ഹീറോ ആയി തന്നെ പിപ ആഘോഷിക്കപ്പെട്ടു. പക്ഷെ മുകളില്‍ പറഞ്ഞതു പോലെ പിപയുടെ ഭാഗ്യദിനങ്ങള്‍ അവസാനിച്ചതു കൊണ്ടാണോ മുതലകള്‍ക്ക് പേടി അഭിനയിച്ച് ബോറടിച്ചതു കൊണ്ടാണോ എന്നറിയില്ല ശനിയാഴ്ച വൈകിട്ട് ആരാധകര്‍ നോക്കി നില്‍ക്കെ പിപയെ കൂട്ടത്തില്‍ ഒരു മുതല പിടികൂടി ആഹാരമാക്കുകയായിരുന്നു. 

പിപ പലതവണ വിരട്ടി ഓടിച്ചിട്ടുള്ള സിസ എന്ന മുതലയാണ് പിപയെ കടിച്ചെടുത്ത് വെള്ളത്തിലേക്കു മറഞ്ഞത്. പിപയെ മുതല കൊണ്ടു പോയതോടെ ഉടമയായ കായ് ഹന്‍സനെ പലരും അനുശോചനം അറിയിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി. കഥയിലെ യഥാര്‍ത്ഥ നായകന്‍ മുതലയാണെന്നും അതു കൊണ്ട് തന്നെ ശുഭകരമായ പര്യവസാനമാണ് പിപയുടെ മരണത്തോട ഉണ്ടായതെന്നും എല്ലാവരും ചൂണ്ടിക്കാട്ടി. പിപയെ മുതലകളെ ശല്യപ്പെടുത്താന്‍ അനുവദിച്ച കായ് ഹാന്‍സനാണ് യഥാര്‍ത്ഥ വില്ലനെന്നാണ് ഇവരുടെ വാദം.