ഇന്നലെ വരെ കണ്ടുകൊണ്ടിരുന്ന ഒരിടം, ഒരൊറ്റ ദിവസം കൊണ്ട് കടലിനടിയിലായി! ഭൂപടത്തിൽ ഇല്ലാത്ത ഒരിടമായി അതു മാറാനുള്ള കാരണമാകട്ടെ ശക്തമായ ചുഴലിക്കാറ്റും. ഒരാശ്വാസമുണ്ട്, അവിടെ മനുഷ്യരാരും ജീവിച്ചിരുന്നില്ല. അതേസമയം, ഏറെ അപൂർവങ്ങളായ ‘മങ്ക് സീലുകൾ’ കൂട്ടത്തോടെ ജീവിച്ചിരുന്ന ദ്വീപ് കൂടിയായിരുന്നു യുഎസിനു കീഴിലെ ഈസ്റ്റ് ഐലൻഡ്. ഹവായ് ദ്വീപസമൂഹങ്ങളുടെ ഭാഗമായിരുന്നു ഇത്. ഒക്ടോബർ ആദ്യ ആഴ്ച വരെ അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. എന്നാൽ ആ സമയത്ത് ആഞ്ഞടിച്ച വലക്ക ചുഴലിക്കാറ്റ് ദ്വീപിനെ തൊട്ടു കടന്നുപോയതോടെ യുഎസിന്റെ ദ്വീപുഭൂപടത്തിൽ നിന്നു തന്നെ അത് ഇല്ലാതായി!
ഒരു പവിഴപ്പുറ്റിനു മുകളിലായിരുന്നു ഈ ചെറുദ്വീപിന്റെ സ്ഥാനം. മണലും ചരലുമെല്ലാം നിറഞ്ഞ ഭംഗിയുള്ള ദ്വീപുമായിരുന്നു ഇത്. ഏകദേശം 11 ഏക്കർ വരുന്ന ദ്വീപ് പൂർണമായും വെള്ളത്തിനടിയിലായതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ദ്വീപുകളെ എങ്ങനെ ബാധിക്കുന്നു എന്ന പഠനത്തിന്റെ ഭാഗവുമായിരുന്നു ഈയിടം. അതിന്റെ ഭാഗമായി ഡ്രോണുകളും മറ്റുമുപയോഗിച്ച് ഇവിടത്തെ ചിത്രങ്ങളും ഗവേഷകർ പകർത്തിയിരുന്നു. മാത്രവുമല്ല, മണ്ണിന്റെയും പവിഴപ്പുറ്റുകളുടെയും സാംപിളുകളും ശേഖരിച്ചു.
ഏകദേശം രണ്ടായിരം വർഷത്തെ പഴക്കം ഈസ്റ്റ് ഐലന്റിനുണ്ടെന്നാണു കരുതുന്നത്. ഇവിടേക്ക് ആദ്യമായി ഗവേഷകരെത്തുന്നതാകട്ടെ ഇക്കഴിഞ്ഞ ജൂലൈയിലും. എന്നാൽ മൂന്നു മാസം തികയും മുൻപേ ദ്വീപിനെ കടലെടുത്തു. ഗവേഷണം പാതിവഴിയിലായെങ്കിലും ഒരു കാര്യം ഗവേഷകർക്കു മനസ്സിലായി– ഇത്തരം ദ്വീപുകളിലെ അവസ്ഥ നേരത്തേ കരുതിയിരുന്നതിനേക്കാളും ഭീകരമാണ്. ഒരുപക്ഷേ മനുഷ്യവാസമുള്ള ദ്വീപിലും ഇത്തരമൊരു കാര്യം സംഭവിച്ചു കൂടായ്കയില്ല. ഏകദേശം അര മൈലോളം നീളവും 400 അടി വീതിയുമുണ്ട് ഈ ദ്വീപിന്. ഹവായിയിലെ വലിയ ദ്വീപുകളിലൊന്ന്! 1952 വരെ ഇവിടെ യുഎസ് കോസ്റ്റ് ഗാർഡ് റഡാർ സ്റ്റേഷനായിരുന്നു.
മങ്ക് സീലുകൾ കൂട്ടത്തോടെ ഇവിടേക്കെത്തുന്നതു പതിവായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ഇവ ഇന്നു ലോകത്ത് ആകെ 1400 എണ്ണമേയുള്ളൂ. ഇവ കുട്ടികളെ വളർത്താനായി എത്തുന്നതാകട്ടെ ഈസ്റ്റ് ഐലന്റിലും. ഗ്രീൻ കടലാമകളും ആൽബട്രോസ് പക്ഷികളും മുട്ടയിടാനെത്തുന്നതും ഈ ദ്വീപില്‍ത്തന്നെ. അത്തരത്തിൽ ജൈവവ്യവസ്ഥയ്ക്കും വൻ ദുരന്തമാണു സംഭവിച്ചിരിക്കുന്നത്. ആഗോളതാപനം കൂടുന്നതനുസരിച്ച് കടലിലും ചൂടേറുകയാണ്. അതുവഴി ചുഴലിക്കാറ്റുകളും ഇന്നേവരെയില്ലാത്ത വിധം ശക്തി പ്രാപിക്കുന്നു. ഇതോടൊപ്പമാണ് സമുദ്രജലനിരപ്പ് ഉയരുന്ന പ്രശ്നവും.
പസഫിക് സമുദ്രത്തിലെ പല ചെറുദ്വീപുകളും അടുത്തിടെ ജലത്തിനടിയിലേക്ക് അപ്രത്യക്ഷമായിക്കഴിഞ്ഞു. അതിനിടെ ആഗോളതാപനത്തിലൊന്നും വിശ്വസിക്കാത്തവർ പറഞ്ഞു പരത്തുന്നത്, ഈസ്റ്റ് ഐലന്റ് മുങ്ങിപ്പോയെന്നത് ചൈന പരത്തുന്ന നുണയാണെന്നാണ്. എന്നാൽ യുഎസ് ഔദ്യോഗികമായിത്തന്നെ ഈ ദ്വീപ് വെള്ളത്തിനടിയിലായ വിവരം പുറത്തുവിട്ടിട്ടുണ്ട്. ഇതോടു ചേർന്നുള്ള ടേൺ ദ്വീപും ചുഴലിക്കാറ്റിൽ തച്ചുതകർക്കപ്പെട്ടിട്ടുണ്ട്. മേഖലയിലെ ജൈവവൈവിധ്യത്തിനു കേടുപാടു സംഭവിക്കാതെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോൾ.