എലികളെയും പാമ്പുകളെയുമെല്ലാം ഇരയാക്കുന്നവയാണ് ഓസ്ട്രേലിയയിലെ ഭീമന്‍ ചിലന്തികള്‍. ഇര പിടിക്കുന്ന കാര്യത്തില്‍ ഇവയെ മറികടക്കാന്‍ ശേഷിയുള്ള മൂന്നു ചിലന്തി വര്‍ഗ്ഗങ്ങളെയാണ് ഗവേഷകര്‍ തെക്കേ അമേരിക്കയില്‍ നിന്നു കണ്ടെത്തിയത്. പറക്കുന്നതിനിടെയിൽ പോലും പക്ഷികളെ വലയില്‍ കുരുക്കാനും അവയെ തിന്നാനും ശേഷിയുള്ളവയാണ് ടരാന്ത്യുല ഇനത്തില്‍ പെട്ട ഈ ചിലന്തികള്‍.
ലോകത്തിലെ ഏറ്റവും വലിയ ചിലന്തികളാണ് ടരാന്ത്യുല ചിലന്തികള്‍. തെക്കേ അമേരിക്കയിലാണ് ഇവ കാണപ്പെടുന്നത്. 20 സെന്‍റീമീറ്റര്‍ വരെ വലിപ്പമുള്ള ടരാന്ത്യുലകളെ കണ്ടെത്തിയിട്ടുണ്ട്. മരങ്ങളില്‍ ജീവിക്കുകയും മരങ്ങള്‍ക്കിടയിലൂടെ പോകുന്ന പക്ഷികളെയും പ്രാണികളെയും വലയില്‍ കുരുക്കി ഭക്ഷണമാക്കുകയും ചെയ്യുന്നവയാണ് പുതിയതായി കണ്ടെത്തിയ മൂന്നു തരം ചിലന്തികളും. ടരാന്ത്യുലകളുടെ മരങ്ങളില്‍ ജീവിക്കുന്ന വിഭാഗമായ അവിക്യുലേറിയ ഗണത്തിലാണ് ഈ മൂന്ന് തരം ചിലന്തികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
17 സെന്‍റിമീറ്റര്‍ വരെയാണ് പുതിയതായി കണ്ടെത്തിയിട്ടുള്ള ചിലന്തിവര്‍ഗ്ഗങ്ങളുടെ പരമാവധി വലിപ്പം. വലിപ്പത്തില്‍ മറ്റുചില ടരാന്ത്യുലകളെക്കാള്‍ ചെറുതാണെങ്കിലും വിഷത്തിന്‍റെ വീര്യത്തില്‍ ഇവ സ്വന്തം ഇനത്തിലെ മറ്റു ചിലന്തികള്‍ക്കൊപ്പം നില്‍ക്കും. ഇവയുടെ കടിയേറ്റാല്‍ കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
ഓസ്ട്രേലിയയിലെ ഭീമന്‍ ചിലന്തികളെ പോലെ എലികളും മറ്റുമാണ് തെക്കേ അമേരിക്കയെ ടരാന്ത്യുലകളുടെയും പ്രധാന ഭക്ഷണം. അതേസമയം മരത്തില്‍ ജീവിക്കുന്നുവെന്നു കണ്ടെത്തിയ ചിലന്തികള്‍ സ്ഥിരമായി പക്ഷികളെ ഭക്ഷിക്കുന്നവയാണെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇങ്ങനെയാണ് പുതിയതായി കണ്ടെത്തിയചിലന്തികളെ ടരാന്ത്യുലയിലെ തന്നെ പ്രത്യേക വിഭാഗമായി തരംതിരിച്ചത്.
ബ്രസീലില്‍ മാത്രമല്ല പെറു, ഇക്വഡോര്‍ എന്നിവിടങ്ങളിലും ഈ ജീവികളെ കണ്ടെത്തിയിട്ടുണ്ട്.