Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ആളെക്കൊല്ലി ചിലന്തി; വിഷത്തിന്റെ വീര്യം രാജവെമ്പാലയേക്കാൾ തീവ്രം, ഇതുവരെ മരിച്ചത് 13 പേർ

funnel web spiders

പാമ്പുകൾ കഴിഞ്ഞാൽ പിന്നെ മനുഷ്യനെ കൊല്ലാൻ തക്കവണ്ണം വിഷമുള്ള അപൂർവയിനം ജീവികളിലൊന്നാണ് ചിലന്തികള്‍. എന്നാല്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ചിലന്തികൾ വളരെ കുറവാണെന്നായിരുന്നു പൊതുവയുള്ള വിശ്വാസം. എന്നാല്‍ സിഡ്നിയിലെ തുരങ്ക ചിലന്തികള്‍ അഥവാ ടണല്‍ സ്പൈഡറുകള്‍ ഈ വിശ്വാസം തകർത്തിരിക്കുകയാണ്. ഈയിടെയായി എണ്ണം പെരുകിയ ഈ ചിലന്തികളുടെ കടിയേറ്റ് ഓസ്ട്രേലിയയിൽ മാത്രം കൊല്ലപ്പെട്ടത് 13 പേരാണ്.

സിഡ്നിയിലെ വീടുകളില്‍ ഈ ചിലന്തികളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായും വ്യക്തമായിട്ടുണ്ട്. വിഷമില്ലാത്ത സാധാരണ ചിലന്തികളെ വീടുകളില്‍ കാണപ്പെടാറുണ്ട്. അതിനാല്‍ തന്നെ വീടുകളിൽ കാണപ്പെട്ട ഈ വിഷച്ചിലന്തികളേയും സാധാരണ ചിലന്തികളായാണ് കണക്കാക്കിയത്. എന്നാല്‍ ഈ ചിലന്തികളുടെ കടിയേറ്റതിനെ തുടര്‍ന്ന് മാരകമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെയാണ് കടിയേറ്റവരില്‍ നടത്തിയ വിശദമായ പരിശോധനയിലൂടെ ഇവരെ കടിച്ചത് സാധാരണ ചിലന്തികളല്ലെന്നും മറിച്ച് വിഷച്ചിലന്തികളാണെന്നും വ്യക്തമായത്. തുടര്‍ന്ന് ടണല്‍ സ്പൈഡറിന്റെ ചിത്രങ്ങള്‍ സഹിതം അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങി. ഈ മുന്നറിയിപ്പു നൽകിയ ശേഷം ലഭിച്ച പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിരവധി പേരാണ് ഇപ്പോള്‍ ദിവസവും ഈ ചിലന്തിയെ വീട്ടില്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ട് ചെയ്യാനായി വന്യജീവി വകുപ്പിനെ ഫോണ്‍ ചെയ്യുന്നത്. 

funnel web spiders

മനുഷ്യന്റെ നാഡീവ്യൂഹത്തെയാണ് ഈ ചിലന്തികളുടെ വിഷം നേരിട്ടു ബാധിക്കുക. കടിയേറ്റ് 15 മിനിട്ടിനുള്ളില്‍ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതായത് രാജവെമ്പാലയേക്കാള്‍ വേഗത്തില്‍ ഒരാളെ കൊല്ലാന്‍ ഈ വിഷച്ചിലന്തികള്‍ക്കു സാധിക്കും എന്നര്‍ത്ഥം.  ഇവയില്‍ റെഡ് ബാക്ക് ഇനത്തില്‍ പെട്ട ഇനമാണ് ഏറ്റവും അപകടകാരികള്‍. 5 സെന്റിമീറ്റര്‍ വരെ വലിപ്പം വയ്ക്കുന്ന ടണല്‍ സ്പൈഡറുകളില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് 35 തരം വ്യത്യസ്ത ചിലന്തികളെയാണ്. ഇവയില്‍ എട്ടിനങ്ങളെയാണ് അതീവ അപകടകാരികളായി വിലയിരുത്തിയിട്ടുള്ളത്.

funnel web spiders

ഒാസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് മുതല്‍‍ ക്യൂന്‍സ്‌ലന്‍ഡ് വരെയുള്ള മേഖലയിലാണ് ഇവയെ വ്യപകമായി കാണപ്പെടാറുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയിലാണ് ഇവയുടെ എണ്ണം സിഡ്നിയില്‍ ക്രമാതീതമായി പെരുകിയത്. ഇവയുടെ കടിയേറ്റാല്‍ എത്രയും വേഗം ആശുപത്രിയിലെത്തുകയെന്നതു മാത്രമാണ് രക്ഷപെടാനുള്ള ഏകവഴി.