അഞ്ചു ലക്ഷത്തിലേറെ കുട്ടികളാണ് പ്രതിവർഷം ഡയേറിയ (അതിസാരം) ബാധിച്ച് ലോകത്തോടു വിട പറയുന്നത്. അതിലേറെയും അഞ്ചു വയസ്സിൽ താഴെയുള്ള കുരുന്നുകൾ. ഡയേറിയയുടെ പ്രധാന കാരണമാകട്ടെ മലിനജലവും. അവികസിത രാജ്യങ്ങളിലെ കുട്ടികൾക്കാണ് ഏറ്റവുമധികം ഡയേറിയ ബാധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഓരോ വർഷവും 170 കോടിയിലേറെ കുട്ടികൾക്ക് ഈ രോഗം ബാധിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. മലേറിയയ്ക്കും ന്യുമോണിയയ്ക്കുമൊപ്പം ഏറ്റവുമധികം കുട്ടികളുടെ മരണകാരണമാകുന്നതും ഡയേറിയയാണ്.
ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള ഭഗീരഥ പ്രയത്നങ്ങൾ ഇന്ത്യയിലുൾപ്പെടെ കൊണ്ടുപിടിച്ചു നടക്കുന്നു. കൃത്രിമ സംവിധാനങ്ങളിലാണ് എല്ലാവരുടെയും ശ്രദ്ധ. എന്നാൽ പ്രകൃതിദത്തമായ ജലശുദ്ധീകരണത്തെപ്പറ്റിയുള്ള പഠനഫലത്തിന്റെ ആശ്വാസത്തിലാണ് വിദഗ്ധരിപ്പോൾ. മറ്റൊന്നുമല്ല, നാം നട്ടുവളർത്തുന്ന മരങ്ങളാണ് ജലശുദ്ധീകരണത്തിലും നമുക്കൊപ്പം നിൽക്കുന്നത്. ജലസ്രോതസ്സുകളോടു ചേർന്ന് എത്രയേറെ മരങ്ങളുണ്ടോ അത്രയേറെ ഡയേറിയ സാധ്യത കുറയുമെന്നാണ് അമേരിക്കയിലെ വെർമോണ്ട് സർവകലാശാലയിൽ നിന്നുള്ള പഠനം.
ജലത്തിലെ മാലിന്യങ്ങളെ ‘അരിച്ചു’ ശുദ്ധീകരിക്കാണ് നീർത്തടങ്ങളിലെ മരങ്ങൾ സഹായിക്കുക. മൂന്നു ലക്ഷത്തിലേറെ കുട്ടികളുടെ ആരോഗ്യനിലയും വിവിധ രാജ്യങ്ങളിലെ നീർത്തടങ്ങളുടെ വൃത്തിയും പഠനത്തിന്റെ ഭാഗമായി പരിശോധനയ്ക്കു വിധേയമാക്കി. ബംഗ്ലദേശ്, നൈജീരിയ, കൊളംബിയ എന്നിവയുൾപ്പെടെ 35 രാജ്യങ്ങൾക്ക് യുഎസ് നൽകിയ സഹായങ്ങളുടെ മൂന്നു വർഷത്തെ ഡേറ്റയിൽ നിന്നും വേണ്ട വിവരങ്ങൾ ശേഖരിച്ചു. നീർത്തടങ്ങളിൽ മരങ്ങളേറുമ്പോൾ ആ ജലം ഉപയോഗിക്കുന്ന ഭാഗങ്ങളിലെ കുട്ടികളുടെ ആരോഗ്യത്തിലും അത് പ്രതിഫലിക്കുന്നുണ്ടെന്നാണ് ആ കണക്കുകൾ വ്യക്തമാക്കിയത്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ മനുഷ്യന്റെ ആരോഗ്യത്തെയും കാത്തുസൂക്ഷിക്കുന്ന ‘മാജിക്’ കൂടിയായി ആ കണ്ടെത്തൽ.
പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനു പണം ചെലവഴിക്കുന്നതിനൊപ്പം തന്നെ കൃത്യമായ സമയത്ത് നീർത്തടങ്ങൾ സംരക്ഷിക്കാനും ശ്രമിച്ചാൽ ഫലം ഇരട്ടിയായിരിക്കുമെന്നു ചുരുക്കം. ഗ്രാമീണമേഖലകളിലെ നീർത്തടങ്ങളിൽ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി മരങ്ങൾ വച്ചുപിടിപ്പിക്കുക, വീട്ടിൽ ശുചിമുറിയും മലിനജലം ഒഴുക്കിക്കളയാനുള്ള സംവിധാനവും നിർമിച്ച് ആരോഗ്യം സംരക്ഷിക്കുന്നതിന്റെ അതേ ഫലമായിരിക്കും ഈ മരം നടൽ വഴി ലഭിക്കുക; വൃത്തിയുള്ള അന്തരീക്ഷവും ആരോഗ്യകരമായ ജീവിതവും. കോടികൾ ചെലവിട്ട് ജലശുചീകരണ സംവിധാനങ്ങൾ തയാറാക്കുന്നതിന്റെ പാതി ചെലവു പോലും വരികയുമില്ല മരങ്ങൾ നടാൻ. വനങ്ങളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശുദ്ധിയും പഠനത്തിന് ഉപോദ്ബലകമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.