പാണ്ടകളെ ഇഷ്ടമല്ലാത്തവര്‍ ആരും തന്നെ കാണില്ല. പാണ്ടാക്കുഞ്ഞുങ്ങളാണെങ്കില്‍ പറയുകയും വേണ്ട. പഞ്ഞിക്കെട്ടു പോലുള്ള ദേഹവും പാവകളുടേതു പോലുള്ള മുഖവും കണ്ടിരിക്കാൻ നല്ല രസമാണ്. ഇങ്ങനെയുള്ള 36 പാണ്ടകൾ ഒരുമിച്ചു വന്നു നിരന്നു നിന്നാൽ എങ്ങനെയുണ്ടാകും? തെക്കു പടിഞ്ഞാറന്‍ ചൈനയിലുള്ള ചൈനാ കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്‍ററാണ് ഇവിടെ ജനിച്ച 36 പാണ്ടക്കുട്ടികളെ ഒരുമിച്ചു പ്രദര്‍ശിപ്പിച്ചു കാണികളുടെ മനം കവർന്നത്.
ഒരിക്കല്‍ വംശനാശത്തിന്‍റെ വക്കിലെത്തിയ പാണ്ടകളെ തിരികെയെത്തിക്കുന്നതില്‍ ഈ ഗവേഷണ കേന്ദ്രം വഹിച്ച പങ്കു ചെറുതല്ല. ഗവേഷണ കേന്ദ്രത്തിലെ ഏറ്റവും പുതിയ തലമുറയില്‍ പെട്ടവയാണ് ഈ 36 പാണ്ടക്കുരുന്നുകള്‍. ഇവയില്‍ 30 എണ്ണവും ഇരട്ടകളാണെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷം 42 പാണ്ടകളാണ് ഈ ഗവേഷണ കേന്ദ്രത്തില്‍ ജനിച്ചത്. ഇതുവരെ 180 പാണ്ടക്കുട്ടികളാണ് ഈ സെന്ററില്‍ ജനിച്ചിത്. 2009ല്‍ ജനിച്ച ഒരു പാണ്ടക്കുട്ടിയാണ് ആദ്യത്തേത്.
ഇവിടെ ഏറ്റവുമധികം പാണ്ടക്കുട്ടികള്‍ ജനിച്ചത് ഈ വര്‍ഷമാണ്. ഈ നേട്ടം ആഘോഷിക്കുന്നിന്റെ ഭാഗമായാണ് പാണ്ടക്കുട്ടികളെ ലോകത്തിനു മുന്നില്‍ കാണിക്കുന്നതിനായി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഗവേഷണ കേന്ദ്രത്തിലെ പാണ്ടകളുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ ഇവയെ കാടുകളിലേക്കയയ്ക്കുന്ന തിനെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ചൈനയിൽ ഇത്തരത്തിലുള്ള നാലു വന്യജീവി ഗവേഷണ കേന്ദ്രങ്ങളാണുള്ളത്. ഇവയില്‍ ആദ്യത്തേതാണിത്.
ചൈനയില്‍ മാത്രം കാണപ്പെടുന്ന കരടി ഇനത്തില്‍ പെട്ട ജീവികളാണ് ഭീമന്‍ പാണ്ടകള്‍. അധികൃതരുടെ കൃത്യമായ ഇടപെടലിലൂടെ ഒരിക്കല്‍ വംശനാശത്തിന്‍റെ വക്കിലെത്തിയിരുന്ന പാണ്ടകള്‍ ഇന്നു സുരക്ഷിതമായ അവസ്ഥയിലാണുള്ളത്. അന്താരാഷ്ട്ര വന്യജീവി സംരക്ഷണ ഏജന്‍സിയായ ഐയുസിഎന്‍ പാണ്ടകളെ അടുത്തിടെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയിരുന്നു.