ഡിസംബർ രണ്ട്– ലോകമലിനീകരണ നിയന്ത്രണ ദിനം

പ്രകൃതിദത്തമായ അവസ്ഥയോട് കലരുന്ന അപകടകരമായ
ഏതൊരു വസ്തുവിനെയും മാലിന്യം എന്നു പറയാം. ലോകം ഇന്ന്
നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നാണ്
പരിസ്ഥിതി മലിനീകരണം. പ്രധാനപ്പെട്ട 10 മലിനീകരണ സ്രോതസ്സുകൾ നോക്കാം.

കൊല്ലരുത് ഭൂമിയെ

1. ലെഡ്–ആസിഡ് ബാറ്ററി റീസൈക്ലിങ്

റീചാർജ് ചെയ്യാവുന്ന ബാറ്ററികളുടെ പ്രധാനഭാഗങ്ങൾ ലെഡ് പ്ലേറ്റുകളും സൾഫ്യൂരിക് ആസിഡുമാണ്. ലോകമെങ്ങും കോടിക്കണക്കിനു ബാറ്ററികളാണു വർഷംതോറും ഉപേക്ഷിക്കപ്പെടുന്നത്. ഇതിന്റെ റീസൈക്ലിങ്ങും സംസ്കരണവും പുറത്തുവിടുന്ന ഗുരുതര വിഷവസ്തുക്കൾ മണ്ണും വെള്ളവും വായുവും മലിനമാക്കുന്നു.

2. ഖനികളിൽ നിന്നുള്ള മാലിന്യങ്ങൾ

ഖനനവും അയിരുകളുടെ സംസ്കരണവും മാലിന്യത്തിന്റെ വലിയ ഉറവിടങ്ങളാണ്. ലെഡ്, ക്രോമിയം, ആസ്ബസ്റ്റോസ്, ആഴ്സെനിക്, കാഡ്മിയം, മെർക്കുറി തുടങ്ങിയവയുടെ വിഷസംയുക്തങ്ങൾ പ്രകൃതിക്ക് ഏറെ ഹാനികരമാണ്.

3. കൽക്കരി ഖനികൾ, പ്ലാന്റുകൾ

നഗരങ്ങളിലും ജനവാസകേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന കൽക്കരി പ്ലാന്റുകൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങൾ വലുതാണ്. അന്തരീക്ഷത്തിൽ കലരുന്ന കൽക്കരിമാലിന്യം കിലോമീറ്ററുകളോളം വ്യാപിക്കും. മെർക്കുറിയും സൾഫർ ഡൈ ഓക്സൈഡും ആണ് ഖനികൾ പുറന്തള്ളുന്ന അപകടകരമായ വസ്തുക്കൾ. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോഴും വൻതോതിൽ സൾഫർ ഡൈ ഓക്സൈഡ് ഉണ്ടാകുന്നുണ്ട്.

4. സ്വർണഖനികൾ

മെർക്കുറി ഏറ്റവും കൂടുതൽ പുറന്തള്ളുന്നത് അയിരിൽനിന്നു സ്വർണം വേർതിരിക്കുമ്പോഴാണ്. മണ്ണും ജലവും ഇതു മലിനമാക്കുന്നു. വായുവിൽ കലരുന്ന മെർക്കുറി നാഡി വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നു.

5. ഫോസിൽ ഇന്ധനങ്ങൾ

വാഹനങ്ങളിലും ഫാക്ടറികളിലും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ വൻതോതിൽ പുറന്തള്ളുന്നു. ജനവാസകേന്ദ്രങ്ങളിലും വ്യാപാരമേഖലകളിലും പരിസ്ഥിത ദുർബല പ്രദേശങ്ങളിലുമെല്ലാം ഇതു വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

6. കീടനാശിനികൾ

ടൺകണക്കിനു കീടനാശിനികളാണ് ഓരോവർഷവും നമ്മുടെ കൃഷിമേഖലയിൽ പ്രയോഗിക്കുന്നത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ടൺകണക്കിനു കീടനാശനികൾ നമ്മുടെ മണ്ണിലും വെള്ളത്തിലും വർഷംതോറും കുമിഞ്ഞുകൂടുന്നു. ചെറിയ ത്വക് രോഗങ്ങൾ മുതൽ മരണകാരണമാകുന്ന അർബുദരോഗം വരെ ഇവയുടെ പാർശ്വഫലങ്ങളാണ്.

7. ആഴ്സെനിക് മാലിന്യങ്ങൾ

ആഴ്സെനിക് സംയുക്തങ്ങൾ കുടിവെള്ളത്തിൽ കലരുന്നത് ലോകമെങ്ങും കനത്ത ഭീഷണിയാവുകയാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് ആഴ്സെനിക് മലിനീകരണം കൂടുതലെന്നു വിവിധ പരിസ്ഥിതി സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. അർബുദ, ഹൃദ്രോഗങ്ങൾക്ക് ആഴ്സെനിക് മാലിന്യങ്ങൾ കാരണമാകുന്നുണ്ട്.

8. വ്യവസായ മാലിന്യങ്ങൾ

ലോകമെമ്പാടും വ്യവസായശാലകൾ പ്രവർത്തിക്കുന്നതു കൃത്യമായ മാലിന്യ സംസ്കരണ മാർഗങ്ങൾ ഇല്ലാതെയാണ്. ജലസ്രോതസ്സുകളും മണ്ണും വ്യവസായങ്ങൾ പുറന്തള്ളുന്ന വിവിധ രാസവസ്തുക്കളുടെ ആക്രമണത്തിൽ നാശോന്മുഖമാണ്. വ്യവസായശാലകളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണവും അപകടകരമായ അവസ്ഥയിലാണ്.

9. ക്രോമിയം മലിനീകരണം

തുകൽ, ഡൈ വ്യവസായങ്ങൾ പുറന്തള്ളുന്ന ക്രോമിയം സംയുക്തങ്ങൾ ലോകത്തിനു ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലേക്കു വളർന്നിരിക്കുന്നു. വസ്തുക്കൾക്കു നിറം പകരാൻ, ഡൈയിൽ ഉപയോഗിക്കുന്ന ക്രോമിയം മനുഷ്യശരീരത്തെ വിവിധരീതിയിൽ ബാധിക്കുന്നുണ്ട്. ലെതർ വ്യവസായത്തിൽ നിന്നു പുറന്തള്ളുന്ന ക്രോമിയം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒട്ടേറെ.

10. ഇ–വേസ്റ്റുകൾ

ഇലക്ട്രോണിക് മാലിന്യ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൂന്നുകൊല്ലത്തിനുള്ളിൽ മാലിന്യക്കൂമ്പാരത്തിന്റെ അളവ് 52 ലക്ഷം ടൺ ആകുമെന്നു പഠനം. പ്രതിവർഷം 30% നിരക്കിൽ വർധിക്കുകയാണ് നമ്മൾ ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ അളവ്. കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ ആണ് ഇ–മാലിന്യങ്ങളിൽ 70 ശതമാനവും. ടിവി, ഫോൺ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണു ബാക്കി മുഖ്യഘടകങ്ങൾ. കംപ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ എന്നിവയാണ് ഏറ്റവും അപകടകരം. ഇവയിലെ കറുത്തീയം (ലെഡ്), രസം (മെർക്കുറി), കാഡ്മിയം എന്നീ അപകടകരമായ ലോഹങ്ങൾ മണ്ണിലേക്കും വെള്ളത്തിലേക്കും എത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.