Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമാകും; കാരണം?

Delhi Smog

അനുകൂലമല്ലാത്ത കാലാവസ്ഥ ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമാക്കുമെന്നു മുന്നറിയിപ്പ്. കാറ്റില്ലാത്തതും മൂടൽ മഞ്ഞ് വ്യാപിക്കുന്നതുമാണു വായു മലിനീകരണം രൂക്ഷമാകാൻ കാരണം. അന്തരീക്ഷ വായു നിലവാര സൂചികയിൽ ഇന്നലെ 395 ആണു രേഖപ്പെടുത്തിയത്. ദിവസങ്ങളായി തുടരുന്ന വായു മലിനീകരണത്തിനു ശമനമില്ലെന്ന സൂചനയാണ് ഇതു നൽകുന്നതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി. 

മലിനീകരണത്തിന്റെ കാരണവും തൽസ്ഥിതിയും : 

∙ കാറ്റിന്റെ വേഗം മണിക്കൂറിൽ പത്തു കിലോമീറ്ററിലും താഴെ. 

∙ കാറ്റടിക്കാത്തതു കാരണം വായു ശുദ്ധമാകുന്നില്ല. 

∙ മൂടൽമഞ്ഞു കാരണം പുകയും പൊടിയും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു. 

∙ വരുന്ന മൂന്നുദിവസം ഇതേ നില തുടരാൻ സാധ്യത. 

∙ തുടർച്ചയായി വായു നിലവാരം മോശമായി തുടരുന്നത് അപകട സൂചന. 

∙ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവില്ല. 

∙ ഡീസൽ വാഹനങ്ങളിൽ നിന്നുള്ള പുക ഏറ്റവും അപകടകരം. 

∙ തണുപ്പകറ്റാൻ വിറകു കത്തിക്കുന്നതും സ്ഥിതി വഷളാക്കുന്നു. 

∙ വ്യവസായ ശാലകളിൽ നിന്നുള്ള പുക, കെട്ടിട നിർമാണം, റോഡു നിർമാണം എന്നിവയും വായു മലിനീകരണം രൂക്ഷമാക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം ഡൽഹിയിലെ 17 സ്ഥലങ്ങളിൽ അതീവ രൂക്ഷമായ വായു മലിനീകരണമാണ് അനുഭവപ്പെടുന്നത്. 15 സ്ഥലങ്ങളിൽ സ്ഥിതി ഗുരുതരവുമാണ്. ഗാസിയാബാദിലാണ് ഏറ്റവും രൂക്ഷമായ വായു മലിനീകരണം അനുഭവപ്പെടുന്നത്. ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവടങ്ങളിലും സ്ഥിതി ഗുരുതരമാണ്.

സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ– ഇരട്ട നമ്പർ നിയന്ത്രണം

വായു മലിനീകരണം രൂക്ഷമായാൽ സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ– ഇരട്ട നമ്പർ നിയന്ത്രണം ഏർപ്പെടുത്തുന്നതു വീണ്ടും പരിഗണിക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഇടവിട്ട ദിവസങ്ങളിൽ മാത്രം ഒറ്റ– ഇരട്ട നമ്പർ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുന്ന നിയമമാണിത്.വായു മലിനികരണം കുറയ്ക്കാൻ പരമാവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വായു മലിനീകരണത്തോത് 400 കടന്നതോടെ കഴിഞ്ഞ രണ്ടുദിവസം വ്യവസായ ശാലകളുടെ പ്രവർത്തനവും കെട്ടിട നിർമാണ ജോലികളും സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി നിരോധിച്ചിരുന്നു.

മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ ഉടനീളം മരങ്ങൾ നട്ടുപിടിപ്പിച്ചതായും പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും കേജ്‍രിവാൾ പറഞ്ഞു. താമസിയാതെ 3000 പരിസ്ഥിതി സൗഹൃദ ബസുകൾ നിരത്തിലിറക്കും. മെട്രോ കൂടുതൽ പ്രദേശങ്ങളിലേക്കു നീട്ടാനുള്ള അനുമതികൾ നൽകിക്കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മെച്ചപ്പെടാതെ വായു നിലവാരം

വായുനിലവാര സൂചിക ഇന്നലെ 378 രേഖപ്പെടുത്തിയതോടെ സ്ഥിതിയിൽ തെല്ലും അയവു വന്നിട്ടില്ലെന്ന് അധികൃതർ. സൂചിക 200 കടന്നാൽ പിന്നെ രൂക്ഷമായ അവസ്ഥയെന്നാണു കണക്കാക്കുന്നത്.ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, നോയിഡ എന്നീ സ്ഥലങ്ങളിലാണ് ഇന്നലെ വായുമലിനീകരണം അതീവ രൂക്ഷമെന്നു രേഖപ്പെടുത്തിയത്.ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ അധികം നിർത്തിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി ട്രാഫിക് പൊലീസിനു കർശന നിർദേശം നൽകിയിട്ടുണ്ട്.

മൂടൽ മഞ്ഞു കൂടിയതോടെ വ്യോമഗതാഗതം തടസ്സപ്പെട്ടത് ആയിരക്കണക്കിനു യാത്രക്കാരെയാണു വലച്ചത്. മൂടൽ മഞ്ഞു കനക്കുന്നത് ട്രെയിൻ ഗതാഗതത്തിനും ഭീഷണിയാവും. ചെറുതായി കാറ്റു വീശുന്നതിനാൽ സ്ഥിതി കുറച്ചു മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണു കാലാവസ്ഥാ വിഭാഗം.

ശ്വാസ തടസ്സ രോഗികൾ വർധിച്ചു: എയിംസ് ഡയറക്ടർ

ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടിയതായി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു. മലിനീകരണം കാരണം ഹൃദയാഘാതം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.തണുപ്പു കൂടുകയും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുകയും ചെയ്തത് പകർച്ചവ്യാധികളുടെ വ്യാപനത്തിനു കാരണമാകുമോയെന്ന ആശങ്ക ശക്തമാണ്.കഴിയുന്നതും പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണു വിദഗ്ധ സമിതിയുടെ നിർദേശം