Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകമഞ്ഞ് എന്ത്? എങ്ങനെ?

 Delhi Air Pollution

ലോകാരോഗ്യ സംഘടന (WHO) ലോകത്തിലെ രണ്ടായിരത്തോളം നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ നൽകുന്ന സൂചനയനുസരിച്ചു സമീപ വർഷങ്ങളിൽ വായു മലിനീകരണത്തിന്റെ തോത് ഭയാനകമായ രീതിയിലാണ് വർധിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന അടുത്തകാലത്തു പുറത്തിറക്കിയ റിപ്പോർ‌ട്ടനുസരിച്ചും നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ചും വായു മലിനീകരണത്തിന്റെ കാര്യത്തിൽ ചൈനയെയും കടത്തിവെട്ടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ലോകത്തു വായു മലിനീകരണത്തിന്റെ തോതിൽ മുന്നിൽ നിൽക്കുന്ന 20 നഗരങ്ങളുടെ കൂട്ടത്തിൽ എട്ട് ഇന്ത്യൻ നഗരങ്ങളുമുണ്ട്. ന്യൂഡൽഹി, ഗ്വാളിയർ, അലഹബാദ്, പട്ന, റായ്‌പുർ, കാൺ‌പുർ, ലുധിയാന, ഫിറോസാബാദ് എന്നിവയാണ് ആ നഗരങ്ങൾ. 

എന്താണ് പുകമഞ്ഞ്?

പുക (smoke) മൂടൽമഞ്ഞ് (fog) എന്നിവ ചേരുമ്പോഴാണ് പുകമഞ്ഞ് (സ്മോഗ്- SMOG) ഉണ്ടാവുന്നത്. വാഹനങ്ങളുടെയും മറ്റും പുകയും കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും നിർമാണ പ്രവർത്തനങ്ങളുമെല്ലാം ഇവിടെ വില്ലൻമാരായി മാറി. അടുത്ത സംസ്ഥാനങ്ങളിലെ കൃഷിസ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ പെ‍ാടിപടലങ്ങളും വാഹനങ്ങൾ പുറന്തള്ളുന്ന പുകയും ഉൾപ്പെടെ സമുദ്രസാമീപ്യമില്ലാത്ത ഡൽഹിയുടെ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടി. അവയെ മഞ്ഞ് ആഗിരണം ചെയ്ത്, വാഹനങ്ങളുടെ പുകകൂടിയായതോടെ അതു പുകമഞ്ഞായി മാറി.

അന്തരീക്ഷത്തിന്റെ താഴ്ന്ന തലത്തിൽ സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, ഓസോൺ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം പ്രായമായവർക്കും കുട്ടികൾക്കും ഹൃദ്രോഗങ്ങൾ ഉള്ളവർക്കും ആസ്മ, ബ്രോങ്കൈറ്റിസ്, എംഫിസിമ പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്കും ദോഷകരമാണ്.ഇതു ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറയ്ക്കും. ശ്വാസനാളത്തിൽ അസ്വസ്ഥതകളും ശ്വാസതടസ്സവും ചുമയുമൊക്കെ ഉണ്ടാക്കും. കണ്ണിനും മൂക്കിനും അസ്വസ്ഥത, ചുമ, ഛർദി എന്നീ പ്രശ്നങ്ങളുമുണ്ടാവും

അന്തകനാകുന്ന മലിനീകരണം

 Delhi Air Pollution

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ചു പ്രതിവർഷം മലേറിയ, എയ്ഡ്സ് എന്നീ രോഗങ്ങൾ കൊണ്ടുള്ള മരണ നിരക്കിനെക്കാൾ കൂടുതലാണു വായു മലിനീകരണം കൊണ്ടുള്ള മരണനിരക്ക്. ചില രാജ്യങ്ങളിൽ റോഡപകടങ്ങൾ കൊണ്ടുണ്ടാവുന്ന മരണനിരക്കിനെക്കാൾ പത്തുമടങ്ങോളം കൂടുതലാണ് ഇത്. ലോകജനസംഖ്യയുടെ 92 ശതമാനത്തോളം വസിക്കുന്നതു ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചു ഗുണനിലവാരം പുലർത്താത്ത വായുവുള്ള പ്രദേശങ്ങളിലാണ്. പക്ഷാഘാതം (സ്ട്രോക്ക്), ഹൃദ്രോഗങ്ങൾ, ശ്വാസകോശ അർബുദം, മറ്റു ശാസകോശ രോഗങ്ങൾ എന്നിവയൊക്കെ അനിയന്ത്രിതമായ തോതിൽ വർധിക്കാൻ വായു മലിനീകരണം കാരണമാവുന്നുണ്ട്. 

പ്രതിവർഷം 70 ലക്ഷം മരണം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു വീടുകളിൽനിന്നുള്ള വായു മലിനീകരണത്താലും വീടിനുപുറത്തു വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വായു മലിനീകരണത്താലും പൊലിയുന്നതു പ്രതിവർഷം 70 ലക്ഷത്തോളം മനുഷ്യജീവനാണ്. യുണിസെഫിന്റെ കണക്കനുസരിച്ചു ലോകത്ത് 300 മില്ല്യൻ കുട്ടികൾ ഗുരുതര വായു മലിനീകരണമുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്.

മലിനീകരണത്തിനു പിന്നിൽ

അന്തരീക്ഷവായുവിന്റെ സ്വാഭാവിക സന്തുലനാവസ്ഥ തകിടംമറിക്കുന്ന തരത്തിൽ മറ്റു പദാർഥങ്ങൾ കൂടിയ അളവിൽ അന്തരീക്ഷത്തിലെത്തുമ്പോഴാണ് വായു മലിനമാവുന്നത്. വ്യവസായ വിപ്ലവത്തിനുശേഷം ഗുരുതര മലിനീകരണ പ്രശ്നങ്ങൾക്കാണു ലോകം സാക്ഷ്യം വഹിച്ചത്. 

ഞെട്ടിക്കുന്ന പട്ടിക

അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്ന ഘടകങ്ങളുടെ പട്ടിക നമ്മെ ഞെട്ടിക്കുന്നതാണ്.

∙ വ്യവസായശാലകളുടെ പുകക്കുഴലുകൾ തുപ്പുന്ന വിഷപ്പുക

∙ മോട്ടോർ വാഹനങ്ങളുടെ പുക

∙ ഊർജോൽപാദന പ്രവർത്തനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ

∙ വീടുകളിലെ വിറക് കത്തിക്കൽ

∙ ഇന്ധനങ്ങളുടെ അപൂർണ ജ്വലനം 

∙ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ടു കത്തിക്കൽ 

∙ പർട്ടിക്കുലേറ്റ് മാറ്റർ 

∙ പൊടിപടലങ്ങൾ 

∙ ഖനനം മൂലം അന്തരീക്ഷത്തിൽ കലരുന്ന മാലിന്യങ്ങൾ 

വില്ലന്മാർ ഇവരൊക്കെ 

കാർബൺ ഡൈ ഓക്സൈഡ്, മറ്റു ഹരിതഗൃഹ വാതകങ്ങൾ, കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, സൾഫറിന്റെ മറ്റു സംയുക്തങ്ങൾ, നൈട്രജന്റെ ഓക്സൈഡുകൾ, ഹൈഡ്രജൻ സൾഫൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, ഹൈഡ്രജൻ ഫ്ലൂറൈഡ്, ആൽഡിഹൈഡുകൾ, വിവിധ ഹൈഡ്രോകാർബണുകൾ, ബാഷ്പശീലമുള്ള കാർബണിക സംയുക്തങ്ങൾ, റേഡിയോ ആക്ടീവ് പദാർഥങ്ങൾ, പൊടി, പുക, സൂക്ഷ്മകണികകൾ ... 

ഡൽഹി സ്മോഗ്

INDIA-ENVIRONMENT-POLLUTION-SMOG

വായുമലിനീകരണത്തിൽ ലോകത്തിനു വലിയൊരു മുന്നറിയിപ്പാണു ഡൽഹിയിലെ സ്മോഗ്. കഴിഞ്ഞ 18 വർഷങ്ങൾക്കിടയിൽ ഇവിടെയുണ്ടായ ഏറ്റവും ഗുരുതരമായ മലിനീകരണമാണിത്. ശൈത്യകാലത്തു കാറ്റിന്റെ വേഗം കുറഞ്ഞതും പുകമഞ്ഞു കൊണ്ടുള്ള പ്രശ്നം ഗുരുതരമാക്കി. ജനപ്പെരുപ്പം, വാഹനപ്പെരുപ്പം, ഹരിയാനയിലെയും പഞ്ചാബിലെയും കാർഷികാവശിഷ്ടങ്ങൾ കത്തിക്കൽ, വ്യവസായശാലകളുടെ പുകക്കുഴൽ തുപ്പുന്ന പുക എന്നിവയൊക്കെ ഡൽഹിയിൽ കടുത്ത വായു മലിനീകരണ പ്രശ്നങ്ങൾക്കു കാരണമാവുന്നുണ്ട്. ഇങ്ങനെ അന്തരീക്ഷത്തിൽ എത്തിച്ചേർന്ന മാലിന്യങ്ങൾ മൂടൽമഞ്ഞുമായി ചേർന്നാണു സ്മോഗ് ഉണ്ടായത്. ഡൽഹിയിലെ ചില സ്ഥലങ്ങളിൽ പർട്ടിക്കുലേറ്റ് മാറ്ററിന്റെ സാന്നിധ്യം ക്യുബിക് മീറ്ററിൽ 999 ഗ്രാം വരെ എത്തിയെന്നാണു പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഇത് അനുവദനീയ പരിധിയിലും 16 മടങ്ങോളം കൂടുതലാണ്. 

മ്യൂസ് വാലിയിലും ഡൊണോറയിലും

China Smog

ബെൽജിയത്തിലെ മ്യൂസ് വാലിക്കു സമീപം ഉരുക്കു വ്യവസായവും രാസവള നിർമാണശാലകളും ആസിഡ്, ഗ്ലാസ്, സിങ്ക് നിർമാണശാലകളും വൈദ്യുത നിലയങ്ങളുമൊക്കെ പ്രവർത്തിച്ചിരുന്നു. അവിടെ കൽക്കരി ഇന്ധനമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. 1930ൽ പെട്ടെന്നൊരു ദിവസം ആകാശത്തെ കറുപ്പിച്ചുകൊണ്ടു പുകമഞ്ഞ്(സ്മോഗ്) നിറഞ്ഞു. ഇതു ദിവസങ്ങളോളം നീണ്ടുനിൽക്കുകയും അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായി ശ്വാസകോശ രോഗങ്ങൾ ബാധിച്ച് അറുപതോളം പേർക്കു ജീവൻ നഷ്ടമാവുകയും ചെയ്തു. 1948 ഒക്ടോബറിൽ പെൻസിൽവാനിയയിലെ ഡൊണോറയിൽ മൊണൊങ്കഹെല നദീതീരത്തുണ്ടായ സ്മോഗ് മൂന്നു ദിവസത്തിനുള്ളിൽ ഇരുപതുപേരുടെ മരണത്തിനിടയാക്കി. രോഗബാധിതരായ അൻപതോളം പേർ ഒരുമാസത്തിനുള്ളിൽ മരിച്ചു. സ്റ്റീൽ, സിങ്ക്, സൾഫ്യൂറിക് ആസിഡ് നിർമാണശാലകളിൽനിന്ന് അന്തരീക്ഷത്തിൽ കലർന്ന മാലിന്യങ്ങളാണ് ഈ ദുരന്തം വിതച്ചത്.

ഗ്യാസ് ചേംബർ ആയ ലണ്ടൻ നഗരം

പുകമഞ്ഞു കൊണ്ടു പലപ്പോഴും ഗ്യാസ് ചേംബർ ആവേണ്ടി വന്ന നഗരമാണു ലണ്ടൻ. 1952 ഡിസംബർ നാലിനുതുടങ്ങി അഞ്ചു ദിവസത്തോളം നഗരത്തെ പൊതിഞ്ഞുനിന്ന സ്മോഗ് (പുകമഞ്ഞ്) ഔദ്യോഗിക കണക്കനുസരിച്ച് നാലായിരത്തോളം മനുഷ്യജീവനാണു കവർന്നത്. പതിനായിരക്കണക്കിനു പേർക്കു ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ബാധിച്ചു. അനിയന്ത്രിതമായ തോതിലുള്ള കൽക്കരിയുടെ ജ്വലനഫലമായുണ്ടായ സൾഫർ ഡൈ ഓക്സൈഡ്, പുക, വ്യവസായശാലകളിലെ പുകക്കുഴലുകൾ തുപ്പിയ രാസമാലിന്യങ്ങൾ, വാഹനങ്ങളിൽനിന്നുള്ള പുക എന്നിവ മൂടൽമഞ്ഞുമായി ചേർന്നാണു ലണ്ടൻ സ്മോഗ് ഉണ്ടായത്. സ്മോഗ് വിതച്ച ദുരന്തത്തിന്റെ ഭീകരതയാണ് 1956ലെ ക്ലീൻ എയർ ആക്ടിലേക്കു നയിച്ചത്.

ഫോട്ടോകെമിക്കൽ സ്മോഗ് 

India Air Pollution

ഫോട്ടോകെമിക്കൽ സ്മോഗിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? അങ്ങനെയുമുണ്ട് സ്മോഗ്. സാധാരണയായി തണുത്ത, ആർദ്രതത കൂടിയ കാലാവസ്ഥയിലാണു സ്മോഗ് ഉണ്ടാവുന്നത്. എന്നാൽ, വരണ്ടതും നല്ല സൂര്യപ്രകാശമുള്ളതുമായ കാലാവസ്ഥയിലും സ്മോഗ് ഉണ്ടാകുന്നുണ്ട്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചില രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാവുന്ന പുകമഞ്ഞാണു ഫോട്ടോകെമിക്കൽ സ്മോഗ് എന്നറിയപ്പെടുന്നത്. ഫോട്ടോകെമിക്കൽ സ്മോഗ് വലിയൊരു ഭീഷണിയാണു ലൊസാഞ്ചലസിൽ. 1943ൽ വായുമലിനീകരണവും തുടർച്ചയായ സ്മോഗും ലൊസാഞ്ചലസിനെ വിറപ്പിച്ചു.