തുടർച്ചയായ 13—ാം വർഷവും എതിരില്ലാതെ ‘ഓൾട്ടോ’

Maruti Suzuki Alto 800

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ കാർ എന്ന ബഹുമതി തുടർച്ചയായ 13—ാം വർഷവും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ഓൾട്ടോ’ സ്വന്തമാക്കി. 2016 — 17 സാമ്പത്തിക വർഷം 2.41 ലക്ഷത്തോളം യൂണിറ്റ് വിൽപ്പനയോടെയാണ് ‘ഓൾട്ടോ’ ഈ നേട്ടം നിലനിർത്തിയത്.  കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം 14,43,641 യൂണിറ്റായിരുന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ആഭ്യന്തര വിൽപ്പന; ഇതിൽ 17 ശതമാനത്തോളമാണ് ‘ഓൾട്ടോ’യുടെ സംഭാവന. ഇന്ത്യയിലെ പല നിർമാതാക്കളുടെയും വാർഷിക വിൽപ്പനയെ കടത്തിവെട്ടുന്ന പ്രകടനമാണ് ‘ഓൾട്ടോ’യെന്ന ഒറ്റ ബ്രാൻഡ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനായി കാഴ്ചവയ്ക്കുന്നത്. 

‘ഓൾട്ടോ’യുടെ ഉജ്വല പ്രകടനത്തിന് രണ്ടു കാരണങ്ങളുണ്ടെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.  ഇന്ധനം, ട്രാൻസ്മിഷൻ, എൻജിൻ സാധ്യതകളുടെ അടിസ്ഥാനത്തിൽ എൻട്രി ലവൽ വിഭാഗത്തിൽ ഏറ്റവുമധികം വകഭേദങ്ങളുള്ളത് ‘ഓൾട്ടോ’യ്ക്കാണ് എന്നതാണ് ഇതിലൊന്ന്. അടുത്തതാവട്ടെ രണ്ടായിരത്തോളം ഡീലർഷിപ്പുകളുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ഇന്ത്യയിലുള്ള വിപുലവും വിശാലവുമായി വിപണന ശൃംഖലയും. പതിനേഴ് വർഷം മുമ്പ് 2000 സെപ്റ്റംബറിലാണ് ‘ഓൾട്ടോ’ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. കടന്ന പോയ വർഷങ്ങൾക്കിടെ നിരന്തര പരിഷ്കാരങ്ങളും പരിവർത്തനങ്ങളുമായി ‘ഓൾട്ടോ’ ഉപയോക്താക്കളുടെ അഭിരുചികളോടു നീതി പുലർത്താൻ നിർമാതാക്കൾ നിരന്തരം ശ്രമിച്ചിട്ടുണ്ട്.

നിരത്തിലെത്തി ആദ്യ മൂന്നു വർഷക്കാലം ഒരു ലക്ഷം യൂണിറ്റായിരുന്നു ‘ഓൾട്ടോ’യുടെ വാർഷിക വിൽപ്പന. കഴിഞ്ഞ സാമ്പത്തിക വർഷമാവട്ടെ ശ്രീലങ്കയിലേക്കും ചിലെയിലേക്കും ഫിലിപ്പൈൻസിലേക്കും യുറുഗ്വേയിലേക്കുമൊക്കെയായി 21,000 ‘ഓൾട്ടോ’ മാരുതി സുസുക്കി കയറ്റുമതി ചെയ്തിരുന്നു. തുടർച്ചയായ 13—ാം വർഷവും ഏറ്റവുമധികം വിൽക്കപ്പെടുന്ന ബ്രാൻഡായി ‘ഓൾട്ടോ’ മാറുമ്പോൾ കാറിന്റെ ജനപ്രീതിയാണു പ്രതിഫലിക്കുന്നതെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. കമ്പനിയുടെ വിപുലമായ വിപണന ശൃംഖലയും കാറിന്റെ ഉറപ്പുള്ള പ്രകടനക്ഷമതയും കുറഞ്ഞ പരിപാലന ചെലവുമൊക്കെയാണ് നിരത്തിലെത്തി ഇത്രയും വർഷം കഴിഞ്ഞിട്ടും ‘ഓൾട്ടോ’യ്ക്കു മികച്ച സ്വീകാര്യത സമ്മാനിക്കുന്നതെന്നും കാൽസി കരുതുന്നു.