കഴിഞ്ഞ സാമ്പത്തിക വർഷത്തെ പുതിയ ദേശീയപാത നിർമാണം പ്രതിദിനം 22 കിലോമീറ്ററോളമായിരുന്നെന്നു കേന്ദ്ര സർക്കാർ. ദിവസം 41 കിലോമീറ്റർ ദേശീയപാത നിർമിക്കാൻ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണിത്. ഇതിനു മുമ്പുള്ള സാമ്പത്തിക വർഷം പ്രതിദിനം 16 കിലോമീറ്റർ പുതിയ ദേശീയപാതയാണു നിർമിച്ചതെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി മൻസുഖ് ലാൽ മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. ഇതാണു 2016 — 17 സാമ്പത്തിക വർഷം പ്രതിദിനം 22 കിലോമീറ്ററായി ഉയർന്നത്.
അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം 15,000 കിലോമീറ്റർ പുതിയ ദേശീയപാത നിർമിക്കാനായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി; അതായതു പ്രതിദിനം ശരാശരി 41 കിലോമീറ്റർ പുതിയ പാത. കഴിഞ്ഞ സാമ്പത്തിക വർഷം 16,036 കിലോമീറ്റർ ദേശീയപാത നിർമിക്കാനുള്ള കരാറുകൾ വിതരണം ചെയ്തിരുന്നു; ഇതിൽ 4,335 കിലോമീറ്റർ പാത ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ)യാണു നിർമിക്കുന്നത്.
എൻ എച്ച് എ ഐ 4,344 കിലോമീറ്റർ ദേശീയപാത നിർമാണമാണ് 2015 — 16ൽ ഏറ്റെടുത്തിരുന്നത്; 78 കേന്ദ്രങ്ങളിലെ നിർമാണപ്രവർത്തനത്തിനു പ്രതീക്ഷിക്കുന്ന ചെലവ് 51,737 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം 4,335 കിലോമീറ്റർ നീളുന്ന 76 നിർമാണങ്ങൾക്കായി 70,000 കോടിയോളം രൂപയാണു വകയിരുത്തിയത്.