ഒരു ഹെലികോപ്റ്ററിന് ഏകദേശം എന്ത് വില വരും? കോടിക്കണക്കിന് രൂപ വരും അല്ലേ... ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാകാൻ സാധിക്കുന്ന ലക്ഷ്വറിയായ ഹെലികോപ്റ്റർ 20 മുതൽ 30 ലക്ഷം രൂപവരെ വിലയിൽ സ്വന്തമാക്കാൻ സാധിച്ചാലോ. ഒരു ലക്ഷ്വറി കാറിന്റെ വിലയ്ക്ക് വാങ്ങാവുന്ന ഹെലികോപ്റ്റർ അതാണ് മോസ്ക്വിറ്റോ ഹെലികോപ്റ്റർ. ആരെയും ആകർഷിക്കുന്ന വിലയാണ് മോസ്ക്വിറ്റോ അൾട്രാ ലൈറ്റ് ഹെലികോപ്റ്ററുകൾക്കുള്ളത്.
ആകാശ യാത്ര സ്വപ്നം കാണുന്ന നിരവധിപേരില്‍ ഒരാളായിരുന്നു ജോലിയിൽ മെക്കാനിക്കൽ എഞ്ചിനിയറായിരുന്ന ജോൺ ഒപ്ടിഗ്രോവ്. ഇദ്ദേഹത്തിന്റെ ആകാശസ്വപ്നങ്ങൾക്ക് ചിറകുമുളച്ചപ്പോൾ പിറന്നുവീണത് മോസ്ക്വിറ്റോ എന്ന അള്‍ട്രാലൈറ്റ് ഹെലികോപ്റ്ററാണ്. ജോണിന്റെ ഇന്നോവേറ്റർ ടെക്നോളജീസെന്ന കമ്പനി ചെറിയ ഹെലികോപ്റ്ററുകൾ നിർമ്മിച്ച് വിവിധ രാജ്യങ്ങളിൽ വിൽപ്പന നടത്തുന്നു.
കിറ്റ് രൂപത്തിലോ അല്ലെങ്കിൽ റെഡി ടു ഫ്ളെ ആയോ ആണ് ഹെലികോപ്റ്റർ ലഭിക്കുക. കിറ്റ് രൂപത്തില്‍ ഇറക്കുമതി ചെയ്ത ശേഷം സര്‍വീസ് സെന്ററിന്റെ സഹായം ആവശ്യപ്പെടുകയോ അല്ലെങ്കിൽ കിറ്റിനൊപ്പമുള്ള നിർമ്മാണ സഹായ കൈപുസ്തകം നോക്കി നിർമ്മിക്കുയോ ചെയ്യാം. 15–20 ദിവസം വരെ വേണം ഇത്തരത്തിൽ സ്വന്തമായി നിർമ്മിക്കാനെന്ന് അനുഭവസ്ഥർ പറയുന്നു.
ഇരുപതു വർഷത്തോളമുള്ള പരീക്ഷണ–നിരീക്ഷണ പറക്കലുകൾക്ക് ശേഷമാണ് മോസ്ക്വിറ്റോ ഹെലികോപ്റ്ററുകളുണ്ടായതെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസൈൻ വളരെ ലളിതമാണെങ്കിലും പ്രൊഫഷണൽ ഹെലികോപ്റ്ററുകളുടേതു പോലുള്ള സുരക്ഷിത യാത്ര ലഭിക്കുമെന്ന് കമ്പനി പറയുന്നു. മോസ്ക്വിറ്റോ എയർ, എക്സ്ഇഎൽ, എക്സ്ഇ, എക്സ്ഇ285, എക്സ്ഇറ്റി എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. പൈലറ്റിനുമാത്രം യാത്ര ചെയ്യാനാവുന്ന ഈ ഹെലികോപ്റ്ററുകൾക്ക് 242 കിലോഗ്രാം മുതൽ 355 കിലോഗ്രാം വരെയാണ് ഭാരം, എംസെഡ്202, 2 സൈക്കൾ, 2 സ്ട്രോക്ക് എഞ്ചിനുകളാണ്(60 എച്ച്പി) അടിസ്ഥാന മോഡലുകളിൽ ഉപയോഗിക്കുന്നത്. എക്സ്ഇ285, എക്സ്ഇറ്റി എന്നിവയിൽ യഥാക്രമം ഇൻറ്റെക് 800(85 എച്ച്പി), സോളാർ ടർബെൻ(90 എച്ച്പി) എഞ്ചിനുകളും.
മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗം. അലൂമിനിയത്തിലാണ് (എയർക്രാഫ്റ്റ് ഗ്രേഡ് 6061-T6 അലൂമിനിയം) മോസ്ക്വിറ്റോ കോപ്റ്ററുകളുടെ ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്. ടെയിൽ ബൂം തുടങ്ങിയവ കാർബൺ ഫൈബറിലും. ആൾട്ടിമീറ്റർ, എയർ സ്പീഡ് ഇൻഡിക്കേറ്റർ, എഞ്ചിൻ കണ്‍ട്രോള്‍ മോണിറ്റർ, ഡ്വുവൽ റോട്ടർ, എഞ്ചിൻ ടാക്കോമീറ്റര്‍ തുടങ്ങിയവയാണ് ഇൻസ്ട്രുമെന്റ് ക്ളസ്റ്ററിലുള്ളത്. പൈലറ്റിനുപുറമെ ഒരാൾക്കുകൂടി യാത്ര ചെയ്യാവുന്ന സ്വിഫ്റ്റ് എന്ന നൂതന മോഡലും ഉടൻ പുറത്തിറങ്ങുമെന്ന് കമ്പനി അവകാശപ്പെടുന്നു.