Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡിന് പുതിയ സി ഇ ഒ, പ്രതിഫലം 86.5 കോടി

James Hackett James Hackett

കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായ ജയിംസ് ഹാക്കറ്റിന് കുറഞ്ഞത് 1.34 കോടി ഡോളർ (ഏകദേശം 86.50 കോടി രൂപ) വാർഷിക പ്രതിഫലം പ്രതീക്ഷിക്കാമെന്നു യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി. ഫർണിച്ചർ നിർമാതാക്കളായ സ്റ്റീൽകേസ് ഇൻകോർപറേറ്റഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവായ ഹാക്കറ്റി(62)നെ സി ഇ ഒ ആയ മാർക് ഫീൽഡ്സിന്റെ പിൻഗാമിയായി തിങ്കളാഴ്ചയാണു ഫോഡ് പ്രഖ്യാപിച്ചത്. ഹാക്കറ്റിന്റെ വാർഷിക ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് 18 ലക്ഷം ഡോളർ(11.62 കോടി രൂപ) ആണ്; സ്വയം ഓടുന്ന കാർ അടക്കമുള്ള പദ്ധതികളുടെ വികസന ചുമതലയുള്ള ഉപസ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനത്തിരിക്കെ 7.16 ലക്ഷം ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. 

ഓഹരി അടിസ്ഥാനത്തിൽ 70 ലക്ഷം ഡോളർ(45.19 കോടി രൂപ) ആണു ഹാക്കറ്റിനു പ്രതിഫലമായി ലഭിക്കുക; ഒപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തെത്തുമ്പോഴുള്ള ബോണസായി 10 ലക്ഷ ഡോളറും (6.46 കോടി രൂപ) ലഭിക്കും. ഫോഡ് മൊബിലിറ്റി യൂണിറ്റില സേവനത്തിന്റെ പേരിൽ 36 ലക്ഷം ഡോളർ(ഏകദേശം 23.24 കോടി രൂപ) വരെ വാർഷിക ബോണസിനും ഹാക്കറ്റിന് അർഹതയുണ്ട്. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തോടെ ഹാക്കറ്റിനു കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടം നൽകിയിട്ടുണ്ട്; അദ്ദേഹത്തിന് അനുവദിച്ച ചില ആനുകൂല്യങ്ങൾക്കു മൂന്നു വർഷത്തെ പ്രാബല്യവുമുണ്ട്. 

ഹാക്കറ്റിന്റെ നിയമനത്തോടെ മാർക് ഫീൽഡ്സ് ഓഗസ്റ്റ് ഒന്നിനു കമ്പനിയിൽ നിന്നു വിരമിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് അദ്ദേഹം രാജി സമർപ്പിച്ചു. ഓഗസ്റ്റ് ഒന്നു വരെയുള്ള ആനുകൂല്യങ്ങൾക്ക് ഫീൽഡ്സിനും അർഹതയുണ്ടാവും. കൂടാതെ മാനേജ്മെന്റ് തലത്തിലെ ജീവനക്കാർക്കു ബാധകമായ സ്വയം വിരമിക്കൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും ഫീൽഡ്സിനു ലഭിച്ചേക്കും. കഴിഞ്ഞ വർഷം 2.21 കോടി ഡോളർ(142.66 കോടി രൂപ) ആണു ഫീൽഡ്സിനു പ്രതിഫലമായി നൽകിയതെന്നു മാർച്ചിൽ ഫോഡ് വെളിപ്പെടുത്തിയിരുന്നു. 2015ൽ അദ്ദേഹത്തിന് നൽകിയ 1.86 കോടി ഡോളറിനെ അപേക്ഷിച്ച് 19% അധികമാണിത്.

ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ്, മാനുഫാക്ചറിങ്, ലേബർ അഫയേഴ്സ്, പർച്ചേസിങ്, എൻവയോൺമെന്റൽ ആൻഡ് സേഫ്റ്റി എൻജിനീയറിങ് വിഭാഗങ്ങളുടെ ചുമതലക്കാരനായി നിയോഗിതനായ ജോ ഹിൻറിക്സിന് 2016ൽ 67 ലക്ഷം ഡോളറായിരുന്നു പ്രതിഫലം. 2012 ഡിസംബർ മുതൽ ഫോഡ് അമേരിക്കാസ് മേധാവിയായി പ്രവർത്തിക്കുകയാണ് ഹിൻറിക്സ്.